പുടിന്റെ വസതിക്ക് നേരെ ആക്രമണം; ശക്തമായി അപലപിച്ച് ബഹ്റൈൻ
text_fieldsമനാമ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ഔദ്യോഗിക വസതി ലക്ഷ്യമാക്കി നടന്ന ഡ്രോൺ ആക്രമണത്തെ ബഹ്റൈൻ ശക്തമായി അപലപിച്ചു. റഷ്യൻ പ്രസിഡന്റിനും ജനങ്ങൾക്കും സർക്കാറിനും പിന്തുണ അറിയിച്ച ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം, സുരക്ഷയെയും സമാധാനത്തെയും തകർക്കുന്ന എല്ലാത്തരം ആക്രമണങ്ങളെയും തള്ളിക്കളയുന്നതായി വ്യക്തമാക്കി.
ഭീകരവാദ പ്രവർത്തനങ്ങൾ അംഗീകരിക്കാനാകില്ലെന്നും രാജ്യം പ്രസ്താവനയിൽ അറിയിച്ചു. സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയുണ്ടായ ഈ സംഭവം റഷ്യയും യുക്രെയ്നും തമ്മിലുള്ള വാക്പോരിന് കാരണമായിട്ടുണ്ട്.കഴിഞ്ഞ ദിവസം നോവ്ഗൊറോഡ് മേഖലയിലെ പുടിന്റെ ഔദ്യോഗിക വസതി ലക്ഷ്യമിട്ട് 91 ഡ്രോണുകൾ യുക്രെയ്ൻ അയച്ചതായാണ് റഷ്യയുടെ ആരോപണം. ഡ്രോണുകളെല്ലാം തകർത്തതായും ഇതിന് തക്ക തിരിച്ചടി നൽകുമെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് മുന്നറിയിപ്പ് നൽകി.
അതേസമയം, ആരോപണങ്ങൾ വെറും നുണപ്രചാരണങ്ങൾ മാത്രമാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി പ്രതികരിച്ചു. നവംബർ മുതൽ സമാധാനത്തിനായി നടന്നുവരുന്ന നയതന്ത്ര ചർച്ചകളെ ഈ സംഭവം ദോഷകരമായി ബാധിക്കുമെന്ന് ആശങ്കയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

