ഗസ്സയിൽ അടിയന്തര സഹായം എത്തിക്കേണ്ടതിന്റെ പ്രാധാന്യം ഉറപ്പിച്ചുപറഞ്ഞ് ബഹ്റൈൻ
text_fieldsകിരീടാവകാശിയുടെ അധ്യക്ഷതയിൽ ഗുദൈബിയ കൊട്ടാരത്തിൽ നടന്ന മന്ത്രിസഭയോഗം
മനാമ: ഗസ്സയിൽ അടിയന്തര സഹായം എത്തിക്കേണ്ടതിന്റെ പ്രാധാന്യം ഉറപ്പിച്ചുപറഞ്ഞ് ബഹ്റൈൻ. കഴിഞ്ഞദിവസം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിൽ ഗുദൈബിയ പാലസിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് വിഷയം ചർച്ച ചെയ്തത്.
ഫലസ്തീൻ വിഷയത്തിലുള്ള ബഹ്റൈന്റെ ഉറച്ച നിലപാടും നീതിയുക്തവും സമാധാനപരവും ശാശ്വതവുമായ പരിഹാരം കാണാനുള്ള ശ്രമങ്ങൾക്കുള്ള പിന്തുണയും യോഗം വ്യക്തമാക്കി. സാധാരണക്കാരെ സംരക്ഷിക്കുക, ബന്ദികളെ മോചിപ്പിക്കുക, സംഘർഷം കുറക്കുക, പ്രാദേശിക സുരക്ഷയെയും സ്ഥിരതയെയും ഭീഷണിപ്പെടുത്തുന്ന അക്രമങ്ങൾ ഒഴിവാക്കുക എന്നിവയുടെ പ്രാധാന്യവും യോഗം എടുത്തുപറഞ്ഞു. ഗസ്സയിൽനിന്ന് വരുന്ന വാർത്തകളും ചിത്രങ്ങളും ദുരിതമനുഭവിക്കുന്ന കുട്ടികളുടെയും പട്ടിണിയുടെയും അവസ്ഥകളാണ്. ഇത് സഖ്യകക്ഷികളടക്കം ലോകമെമ്പാടും രോഷം ഉയർത്തിയിട്ടുണ്ട്.
യു.എൻ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ കണക്കനുസരിച്ച് ഗസ്സയിൽ ഏകദേശം 470,000 ആളുകൾ പട്ടിണിക്ക് സമാനമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. കൂടാതെ 90,000 സ്ത്രീകളും കുട്ടികളും പോഷകാഹാര ചികിത്സ ആവശ്യമുള്ളവരായിട്ടുമുണ്ട്. കഴിഞ്ഞദിവസം 10 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ച് ഗസ്സയിലേക്ക് അൽപമെങ്കിലും ഭക്ഷണവും മറ്റ് വസ്തുക്കളും എത്തിച്ചെങ്കിലും യു.എന്നും സഹായ ഗ്രൂപ്പുകളും പറയുന്നതുപ്രകാരം പ്രദേശത്ത് വഷളാകുന്ന പട്ടിണി മാറാൻ ഇത് മതിയാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

