യു.എ.ഇയുമായി സാഹോദര്യബന്ധം ശക്തമാക്കി ബഹ്റൈൻ
text_fieldsമനാമ: യു.ഇ.എയുമായി നിലനിൽക്കുന്ന ആഴത്തിലുള്ള സാഹോദര്യബന്ധവും വിവിധ മേഖലകളിലെ സഹകരണവും ബഹ്റൈൻ വീണ്ടും ശക്തമാക്കി. ബഹ്റൈൻ വെർഡിക്റ്റ് എൻഫോഴ്സ്മെന്റ് ആൻഡ് ആൾട്ടർനേറ്റിവ് സെന്റൻസിങ് ഡയറക്ടർ ജനറൽ ഷെയ്ഖ് ഖാലിദ് ബിൻ റാഷിദ് അൽ ഖലീഫ, യു.എ.ഇ ആഭ്യന്തര മന്ത്രാലയത്തിലെ പെനൽ ആൻഡ് കറക്ഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ് ആക്ടിങ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ സഈദ് അലി ലൂത്തയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തെ സ്വീകരിച്ചു.
ബഹ്റൈൻ നടപ്പിലാക്കിവരുന്ന ബദൽ ശിക്ഷാ രീതികളും സാമൂഹിക പുനരധിവാസ പദ്ധതികളും നേരിട്ട് വിലയിരുത്തുന്നതിനും വൈദഗ്ധ്യം പങ്കുവെക്കുന്നതിനുമായാണ് യു.എ.ഇ സംഘം സന്ദർശനം നടത്തിയത്.
ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവിന്റെ ‘ഓപൺ പ്രിസൺസ്’ പ്രോജക്ടും ബദൽ ശിക്ഷാരീതികളും ശൈഖ് ഖാലിദ് ബിൻ റാഷിദ് സംഘത്തിന് വിശദീകരിച്ചുനൽകി.
കിരീടാവകാശി സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ പിന്തുണയും, ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ മേൽനോട്ടവുമാണ് ഈ പദ്ധതിയുടെ വിജയത്തിന് പിന്നിലെന്ന് അദ്ദേഹം വ്യക്തമാക്കി.
യു.എ.ഇ പ്രതിനിധി സംഘം ബഹ്റൈനിലെ ഓപൺ പ്രിസൺ കോംപ്ലക്സ് സന്ദർശിച്ചു. അവിടെയുള്ള വിദ്യാഭ്യാസ-പരിശീലന സൗകര്യങ്ങൾ, കമ്യൂണിറ്റി അധിഷ്ഠിത പ്രോഗ്രാമുകൾ എന്നിവയും വിലയിരുത്തി. തടവുകാർക്ക് പോസിറ്റിവായ രീതിയിൽ സമൂഹത്തിലേക്ക് മടങ്ങാൻ ആവശ്യമായ സൗകര്യങ്ങളെക്കുറിച്ചും സംഘത്തിന് പ്രസന്റേഷൻ നൽകി.
ബഹ്റൈന്റെ ഈ മാതൃകാപരമായ പ്രവർത്തനങ്ങളെ യു.എ.ഇ സംഘം പ്രശംസിക്കുകയും ഇത്തരം നൂതനമായ ഭരണപരിഷ്കാരങ്ങൾ തങ്ങളുടെ രാജ്യത്തെ ശിക്ഷാ-തിരുത്തൽ മേഖലകളിൽ പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നതായും അവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

