റഷ്യയുമായി ആറ് പ്രധാന കരാറുകളിൽ ഒപ്പുവെച്ച് ബഹ്റൈൻ
text_fieldsറഷ്യയിൽ നടന്ന 28ാമത് സെന്റ് പീറ്റേഴ്‌സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിൽ പുടിനൊപ്പം ശൈഖ് നാസർ
മനാമ: റഷ്യയുമായി ബന്ധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ആറ് പ്രധാന കരാറുകളിൽ ഒപ്പുവെച്ച് ബഹ്റൈൻ. മാനുഷിക കാര്യങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിൽ, റഷ്യയിൽ നടന്ന 28ാമത് സെന്റ് പീറ്റേഴ്‌സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിലാണ് കരാറൊപ്പിട്ടത്. റഷ്യൻ പ്രസിഡന്‍റ് വ്ലാദിമർ പുടിൻ, ഇരു രാജ്യങ്ങളിലെയും പ്രമുഖർ എന്നിവർ സന്നിഹിതരായിരുന്നു. പ്രധാന ആറു കരാറുകളിലാണ് ഇരു രാജ്യങ്ങളുടെയും ബന്ധപ്പെട്ട അധികൃതർ ഒപ്പുവെച്ചത്.
കസ്റ്റംസ് കാര്യങ്ങളിൽ സഹകരണവും പരസ്പര ഭരണ സഹായവും സംബന്ധിച്ച് ബഹ്‌റൈൻ സർക്കാറും റഷ്യൻ ഫെഡറേഷൻ സർക്കാറും തമ്മിലുള്ള ധാരണാപത്രം, ഇന്ധന-ഊർജ മേഖലയിലെ സാങ്കേതികവിദ്യകളിലും ഉപകരണങ്ങളിലും സഹകരണം സംബന്ധിച്ച് ബഹ്‌റൈനിലെ വ്യവസായ വാണിജ്യ മന്ത്രാലയവും റഷ്യയിലെ വ്യവസായ വാണിജ്യ മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം, മാധ്യമ-വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് ബഹ്‌റൈൻ ഇൻഫർമേഷൻ മന്ത്രാലയവും നോവോസ്റ്റി ടെലിവിഷനും തമ്മിലുള്ള ധാരണാപത്രം, ബഹ്‌റൈൻ വാർത്താ ഏജൻസിയും ആർ.ഐ.എ നോവോസ്റ്റിയും തമ്മിലുള്ള ധാരണാപത്രം, ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റിയും എയ്‌റോക്ലബ് ഓഫ് റഷ്യ ഗ്രൂപ്പും തമ്മിലുള്ള ടൂറിസം, ബിസിനസ് ഇവന്റുകൾ, പ്രോത്സാഹന യാത്ര എന്നിവയെക്കുറിച്ചുള്ള ധാരണാപത്രം, റഷ്യൻ എക്സ്പോർട്ട് സെന്ററും എക്സ്പോർട്ട് ബഹ്റൈനും തമ്മിലുള്ള സഹകരണ കരാർ എന്നിവയാണവ.
ഫോറത്തിൽ രാഷ്ട്ര നേതാക്കളുമായി നടന്ന പാനൽ ചർച്ചയിൽ സംസാരിച്ച ശൈഖ് നാസർ സാമ്പത്തിക വികസനത്തോടുള്ള ബഹ്‌റൈന്റെ സമീപനത്തെക്കുറിച്ചും റഷ്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബന്ധതയും അറിയിച്ചു. അതിഥി രാജ്യമെന്ന നിലക്ക് ക്ഷണിക്കപ്പെട്ട ബഹ്റൈന്‍റെ പ്രതിനിധിയായാണ് ശൈഖ് നാസർ ഫോറത്തിൽ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

