റിയൽ എസ്റ്റേറ്റ് മേഖലയിൽ മികച്ച കുതിപ്പുമായി ബഹ്റൈൻ
text_fieldsമനാമ: റിയൽ എസ്റ്റേറ്റ് മേഖലയിൽ മികച്ച കുതിപ്പുമായി ബഹ്റൈൻ. സർവേ ആൻഡ് ലാൻഡ് രജിസ്‌ട്രേഷൻ ബ്യൂറോ (എസ്.എൽ.ആർ.ബി)യുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ ആറുമാസത്തിനിടക്ക് 775.2 ദശലക്ഷം ബഹ്‌റൈൻ ദിനാറിന്‍റെ റിയൽ എസ്റ്റേറ്റ് ഇടപാടുകളാണ് രേഖപ്പെടുത്തിയത്. 5,099 ഇടപാടുകളാണ് ഈ കാലയളവിൽ രാജ്യത്ത് നടന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 5,005 ഇടപാടുകളിൽ നിന്നായി 745.8 ദശലക്ഷം ദീനാറായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
2025ൽ ഏപ്രിൽ 21നാണ് ഏറ്റവും ഉയർന്ന ഒറ്റ ദിവസത്തെ ഇടപാട് മൂല്യം രേഖപ്പെടുത്തിയത്. 53.6 ദശലക്ഷം ദീനാറിന്‍റെ ഇടപാടാണ് അന്ന് മാത്രം നടന്നത്. രാജ്യത്തെ റിയൽ എസ്റ്റേറ്റ് വിപണിയുടെ തുടർച്ചയായ വളർച്ചയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. വിദേശികളുടെ ഇടപാട് മൂല്യത്തിൽ 20.75 ശതമാനത്തിന്‍റെ വർധനവാണുണ്ടായത്. അതേസമയം ബഹ്‌റൈനികൾക്കിടയിൽ ഇത് 4.39 ശതമാനമായിരുന്നു.
ക്യാപിറ്റൽ ഗവർണറേറ്റാണ് 265.4 ദശലക്ഷം ദീനാറിന്‍റെ ഇടപാടുകളുമായി മുന്നിട്ടു നിൽക്കുന്നത്. 32.84 ശതമാനം വളർച്ചാ നിരക്കാണ് ക്യാപിറ്റൽ ഗവർണറേറ്റിൽ മാത്രം രേഖപ്പെടുത്തിയത്. മുഹറഖ് ഗവർണറേറ്റ് 197.6 ദശലക്ഷം ദീനാർ, നോർത്തേൺ ഗവർണറേറ്റ് 215.1 ദശലക്ഷം ദീനാർ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത് വളർച്ച രേഖപ്പെടുത്തി. വീട് വിൽപ്പനിയിലാണ് വർധനവ് ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത്. 215 ദശലക്ഷം ദീനാർ അഥവാ 14.54 ശതമാനത്തിന്‍റെ വർധനവാണ് ഈ മേഖലയിലുണ്ടായത്. 107.0 ദശലക്ഷം ദീനാറിനാണ് അപ്പാർട്ടുമെന്‍റുകൾ വിൽപ്പന നടന്നത്. ഉടമസ്ഥാവകാശ കൈമാറ്റത്തിൽ ലിംഗഭേദം ഏതാണ്ട് തുല്യമായിരുന്നു. 58 ശതമാനം ഇടപാടുകൾ പുരുഷന്മാരും 42 ശതമാനം സ്ത്രീകളും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

