ബഹ്റൈനിൽ വാഹന ഇറക്കുമതിയിൽ വൻ വർധന
text_fieldsമനാമ: ബഹ്റൈനിലെ ഖലീഫ ബിൻ സൽമാൻ തുറമുഖം വഴിയുള്ള വാഹന ഇറക്കുമതിയിൽ ഈ വർഷം ഗണ്യമായ വർധനവ് രേഖപ്പെടുത്തി. 2025ലെ ആദ്യ 11 മാസത്തെ കണക്കുകൾ പ്രകാരം 41,013 വാഹനങ്ങളാണ് തുറമുഖം വഴി കൈകാര്യം ചെയ്തത്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ ഇത് 38,926 ആയിരുന്നു. ഏകദേശം 5.4 ശതമാനത്തിന്റെ വർധനവാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്. ഗതാഗത-വാർത്താവിനിമയ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2087 വാഹനങ്ങൾ അധികമായി ഈ വർഷം തുറമുഖത്തെത്തി.
രാജ്യത്തെ വർധിച്ചുവരുന്ന ഇറക്കുമതി-കയറ്റുമതി പ്രവർത്തനങ്ങളുടെ പ്രതിഫലനമായാണ് ഈ വളർച്ചയെ വിലയിരുത്തുന്നത്. ഈ വർഷം ജനുവരിയിലായിരുന്നു ഏറ്റവും കൂടുതൽ വാഹനങ്ങൾ എത്തിയത്. ഏറ്റവും കുറവ് എത്തിയത് മേയ് മാസത്തിലും. പ്രതിമാസം ശരാശരി 3729 വാഹനങ്ങൾ രാജ്യത്തേക്കെത്തിയിട്ടുണ്ട്. വാഹനങ്ങൾക്ക് പുറമെ കമേഴ്സ്യൽ കണ്ടെയ്നറുകളുടെ എണ്ണത്തിൽ 8.5 ശതമാനവും ജനറൽ കാർഗോയിൽ 25 ശതമാനവും വർധനവുണ്ടായിട്ടുണ്ട്.സ്വകാര്യ കാറുകൾ, വാണിജ്യവാഹനങ്ങൾ, ഭാരമേറിയ യന്ത്രസാമഗ്രികൾ എന്നിവ ബഹ്റൈനിലേക്കും സമീപവിപണികളിലേക്കും എത്തിക്കുന്നതിനുള്ള പ്രധാന കവാടമാണ് ഖലീഫ ബിൻ സൽമാൻ തുറമുഖം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

