ബഹ്റൈൻ സീഡ്സ് കാമ്പയിന് സമാപനം
text_fieldsമനാമ: രാജ്യത്തെ മരങ്ങളുടെ എണ്ണം വർധിപ്പിക്കുക, ഹരിതാഭ വർധിപ്പിക്കുക, കാർബൺ ബഹിർഗമനം കുറക്കുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച ബുത്തൂർ അൽ ബഹ്റൈൻ (ബഹ്റൈൻ സീഡ്സ്) കാമ്പയിൻ സമാപിച്ചു. കാമ്പയിൻ വിജയകരമായതായി ബഹ്റൈൻ മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയത്തിലെ മുനിസിപ്പാലിറ്റീസ് കാര്യ അണ്ടർസെക്രട്ടറി ശൈഖ് മുഹമ്മദ് ബിൻ അഹമ്മദ് ആൽ ഖലീഫ അറിയിച്ചു.
യുനൈറ്റഡ് നേഷൻസ് ഹ്യൂമൻ സെറ്റിൽമെന്റ് പ്രോഗ്രാം (യു.എൻ-ഹാബിറ്റാറ്റ്), ഫുഡ് ആൻഡ് അഗ്രികൾചറൽ ഓർഗനൈസേഷൻ (എഫ്.എ.ഒ), നാഷനൽ ഇനീഷ്യേറ്റിവ് ഫോർ അഗ്രികൾചറൽ ഡെവലപ്മെന്റ് (എൻ.ഐ.എ.ഡി) എന്നിവയുടെ സഹകരണത്തോടെയാണ് കാമ്പയിൻ നടത്തിയത്. മൂന്നുമാസത്തെ കാമ്പയിൻ ഹരിത ഇടങ്ങളെ പ്രോത്സാഹിപ്പിക്കുകയും ബഹ്റൈന്റെ ദേശീയ വനവത്കരണ പദ്ധതിക്ക് ഊർജം പകരുകയും ചെയ്തു. 2024 ഒക്ടോബറിൽ ആരംഭിച്ചതിനുശേഷം, കാമ്പയിനിന്റെ ഭാഗമായ ട്രക്ക് രാജ്യത്തുടനീളം 57ലധികം സ്ഥലങ്ങൾ സന്ദർശിച്ചു.
ജനങ്ങൾക്ക് 13,000ത്തിലധികം വൃക്ഷത്തൈകൾ വിതരണം ചെയ്തു. മാത്രമല്ല, പരിസ്ഥിതി അവബോധം പകരുകയും ചെയ്തു. 2035ഓടെ ബഹ്റൈനിലെ മരങ്ങളുടെ എണ്ണം 3.6 ദശലക്ഷമായി ഉയർത്തുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ 1.8 ദശലക്ഷം മരങ്ങൾ രാജ്യത്തുണ്ടെന്നാണ് കണക്ക്. ഇത് ഇരട്ടിയാകുന്നതോടെ കാർബൺ ബഹിർഗമനം കുറക്കുക എന്ന ആഗോളലക്ഷ്യത്തിലേക്ക് രാജ്യം മുന്നേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

