ബഹ്റൈൻ-സൗദി സഹകരണം വർധിപ്പിക്കും: വിവിധ പദ്ധതികൾക്ക് അംഗീകാരം
text_fieldsബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസും യോഗത്തിനെത്തുന്നു
മനാമ: ബഹ്റൈനും സൗദിയും തമ്മിൽ വിവിധ സംയോജന പദ്ധതികൾ പ്രഖ്യാപിച്ച് ബഹ്റൈൻ-സൗദി കോഓഡിനേഷൻ കൗൺസിലിന്റെ നാലാം യോഗം. ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസും സംയുക്തമായാണ് യോഗത്തിൽ അധ്യക്ഷത വഹിച്ചത്.
ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ചരിത്രപരമായ ബന്ധവും പൊതുവായ ലക്ഷ്യങ്ങളും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ബഹ്റൈനിൽ കഴിഞ്ഞദിവസം ഉന്നതതല യോഗം ചേർന്നത്. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് എന്നിവരുടെ അചഞ്ചലമായ പിന്തുണയോടെ ബഹ്റൈൻ-സൗദി ബന്ധം കൂടുതൽ ശക്തമായി മുന്നോട്ട് പോകുകയാണെന്ന് പ്രിൻസ് സൽമാൻ ബിൻ ഹമദ് ചൂണ്ടിക്കാട്ടി. ഈ ശക്തമായ ബന്ധം ഇരു രാജ്യങ്ങൾക്കും അവിടത്തെ ജനങ്ങൾക്കും പ്രയോജനകരമായ പങ്കാളിത്തത്തിന് വഴിയൊരുക്കിയതായും അദ്ദേഹം പറഞ്ഞു. ബഹ്റൈൻ സന്ദർശനത്തിലുള്ള സന്തോഷം പ്രകടിപ്പിച്ച പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ, എല്ലാ മേഖലകളിലും ഉഭയകക്ഷി ബന്ധം വികസിപ്പിക്കുന്നതിനുള്ള സൗദി ഭരണാധികാരിയുടെ പ്രതിബദ്ധത ഊന്നിപ്പറഞ്ഞു. യോഗത്തിൽ സുപ്രധാനമായ നിരവധി സംയോജന പദ്ധതികളും സാമ്പത്തിക കരാറുകളുമാണ് പ്രഖ്യാപിച്ചത്.
കിങ് ഫഹദ് കോസ്വേയിൽ ബഹ്റൈൻ-സൗദി ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ഇലക്ട്രോണിക് ഇന്റഗ്രേഷൻ സിസ്റ്റം ഘട്ടംഘട്ടമായി നടപ്പാക്കും. ഇരുരാജ്യങ്ങളിലെയും വിമാനത്താവളങ്ങളിൽ ഇ-പാസ്പോർട്ട് ഉടമകൾക്കായി ഇലക്ട്രോണിക് ഗേറ്റുകൾ സജീവമാക്കും. സൗദിയിലേക്കുള്ള ബഹ്റൈൻ വ്യാവസായിക ഉൽപ്പന്നങ്ങളുടെ ഒറിജിൻ തെളിയിക്കുന്ന ഔദ്യോഗിക രേഖ നടപടിക്രമങ്ങൾ ലഘൂകരിക്കും. ബഹ്റൈൻ വിദ്യാർഥികൾക്കായി സൗദിയിൽ സ്കോളർഷിപ്പുകൾ നൽകും. മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക റീജിയണൽ സേഫ്റ്റി ഓവർസൈറ്റ് ഓർഗനൈസേഷനിൽ ബഹ്റൈൻ അംഗമാകും. സൗദി ടെലികോം കമ്പനിക്കായി (എസ്.ടി.സി) ബഹ്റൈനിൽ സംയോജിത ഡാറ്റാ സെന്റർ സ്ഥാപിക്കും.
ബഹ്റൈനെയും സൗദിയെയും ആഗോള ശൃംഖലകളുമായി ബന്ധിപ്പിച്ച് കടലിനടിയിലൂടെയുള്ള ഫൈബർ ഒപ്റ്റിക് കേബിൾ സ്ഥാപിക്കും . ബഹ്റൈനിലെ അൽ ഈസൽ, അൽ-ദുർ, അൽ ഹിദ്ദ് എന്നിവിടങ്ങളിലെ വൈദ്യുതി ഉൽപാദന, ശുദ്ധജല പ്ലാന്റുകളിൽ എ.സി.ഡബ്ല്യു.എ പവർ നിക്ഷേപം നടത്തും. സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ സോളാർ പവർ പ്ലാന്റ് സ്ഥാപിക്കുകയും ബഹ്റൈനുമായി ബന്ധിപ്പിക്കുകയും ചെയ്യും.
ഇരട്ട നികുതി ഒഴിവാക്കൽ, നേരിട്ടുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കൽ, മത്സരശേഷി പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുക, ആണവസുരക്ഷയും റേഡിയേഷൻ സംരക്ഷണവും, യൂനിവേഴ്സിറ്റി ഓഫ് ബഹ്റൈനും കിങ് സൗദ് യൂനിവേഴ്സിറ്റിയും തമ്മിലുള്ള സഹകരണം, റെയിൽവേ മേഖലയിൽ പരിശീലനവും യോഗ്യതയും, സുസ്ഥിര വികസന മേഖലകൾ, നയതന്ത്രപഠനങ്ങൾ തുടങ്ങി നയതന്ത്രം, നിക്ഷേപം, സുസ്ഥിര വികസനം എന്നീ മേഖലകളിൽ നിരവധി ഉടമ്പടികളും ധാരണപത്രങ്ങളും ഒപ്പുവെക്കുകയും പ്രഖ്യാപിക്കുകയും സഹകരണം ഉറപ്പാക്കുകയും ചെയ്തു.
അഞ്ചാമത് ബഹ്റൈൻ-സൗദി കോഓഡിനേഷൻ കൗൺസിൽ യോഗം സൗദി അറേബ്യയിൽ വെച്ച് നടത്താനും ഇരു കിരീടാവകാശികളും സമ്മതിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

