ഒ.ഐ.സി വിദേശകാര്യ മന്ത്രിമാരുടെ യോഗം ഫലസ്തീൻ വിഷയത്തിൽ ഉറച്ച പിന്തുണ ആവർത്തിച്ച് ബഹ്റൈൻ
text_fieldsഒ.ഐ.സി വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കുന്ന വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽ സയാനി
മനാമ: ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷൻ (ഒ.ഐ.സി.) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽ സയാനി പങ്കെടുത്തു. തുർക്കി വിദേശകാര്യ മന്ത്രി ഹാകൻ ഫിദാൻ അധ്യക്ഷതവഹിച്ച യോഗത്തിൽ അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും ഒ.ഐ.സി സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹിം താഹയും പങ്കെടുത്തു.
ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള പൊതുവായ പ്രതിബദ്ധതയോടെ, അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന മാനുഷിക പ്രതിസന്ധിയെയും ഫലസ്തീൻ ജനതയുടെ കഷ്ടപ്പാടുകളെയുംകുറിച്ചുള്ള ഇസ്ലാമിക രാഷ്ട്രത്തിന്റെ ആശങ്ക ഈ യോഗം പ്രതിഫലിപ്പിക്കുന്നുവെന്ന് ഡോ. അൽ സയാനി പറഞ്ഞു. ഇസ്ലാമിക രാഷ്ട്രത്തിന്റെ കേന്ദ്രബിന്ദുവും മേഖലയിലെ സമാധാനം, സുരക്ഷ, സുസ്ഥിരമായ നിലനിൽപ് എന്നിവക്ക് അത്യന്താപേക്ഷിതവുമായ ഫലസ്തീൻ പ്രശ്നത്തിന് ബഹ്റൈന്റെ ഉറച്ച പിന്തുണ അദ്ദേഹം ആവർത്തിച്ചു. ഫലസ്തീൻ വിഷയത്തിൽ ശാശ്വതമായ പരിഹാരത്തിലെത്താൻ എല്ലാ കക്ഷികളും തമ്മിൽ ചർച്ചകൾ ആവശ്യമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഗസ്സയിലെ മാനുഷിക പ്രതിസന്ധി, ഭക്ഷണത്തിനും വെള്ളത്തിനും മരുന്നിനും അവശ്യ സേവനങ്ങൾക്കും ആളുകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ എന്നിവ ജനങ്ങളുടെ ജീവൻ, സ്വാതന്ത്ര്യം, അന്തസ്സ് എന്നിവയ്ക്കുള്ള അവകാശങ്ങളെ പിന്തുണക്കാൻ എല്ലാ രാജ്യങ്ങൾക്കും ഉത്തരവാദിത്തമുണ്ടെന്ന് കാണിച്ചുതരുന്നു.
സംഘർഷം അവസാനിപ്പിക്കാനും, മാനുഷിക നിയമങ്ങൾ പാലിക്കാനും, ബന്ദികളെ വേഗത്തിൽ മോചിപ്പിക്കാനും, ദുരിതാശ്വാസ പ്രവർത്തനങ്ങൾ സുഗമമാക്കാനും, മേഖലയിൽ നീതിയും ശാശ്വതവുമായ സമാധാനം സ്ഥാപിക്കാനും യു.എൻ, സുരക്ഷാ കൗൺസിൽ എന്നിവയുമായി സഹകരിച്ച് നയതന്ത്രപരമായ നീക്കങ്ങൾ നടത്തണമെന്ന് ബഹ്റൈൻ ആവശ്യപ്പെടുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അറബ്-ഇസ്ലാമിക് ഉച്ചകോടിയിൽനിന്ന് ഉയർന്നുവന്ന മന്ത്രിതല സമിതിയുടെ ശ്രമങ്ങളെ ഡോ. അൽ സയാനി പ്രശംസിച്ചു. രണ്ട് രാഷ്ട്ര പരിഹാരത്തിനായുള്ള അന്താരാഷ്ട്ര സഖ്യത്തിന്റെ നേതൃത്വം ഏറ്റെടുത്ത സൗദി അറേബ്യയെയും അദ്ദേഹം അഭിനന്ദിച്ചു. ഗസ്സയിൽ ശാശ്വതമായ വെടിനിർത്തൽ ഉണ്ടാക്കുന്നതിനും ബന്ദികളെ മോചിപ്പിക്കുന്നതിനുംവേണ്ടിയുള്ള ഖത്തർ-ഈജിപ്ഷ്യൻ-യു.എസ്. മധ്യസ്ഥ ശ്രമങ്ങൾക്കും, ഗസ്സയുടെ പുനർനിർമാണത്തിനും സഹായം നൽകുന്ന ഈജിപ്ഷ്യൻ സംരംഭങ്ങൾക്കും അദ്ദേഹം പിന്തുണ അറിയിച്ചു.
2026-‘27 കാലയളവിൽ യു.എൻ. സുരക്ഷാ കൗൺസിലിലെ ഒരു താൽക്കാലിക അംഗമെന്ന നിലയിൽ, ഫലസ്തീൻ പ്രശ്നത്തിന് ബഹ്റൈൻ മുൻഗണന നൽകുമെന്നും അതിന്റെ പ്രാധാന്യം അന്താരാഷ്ട്രതലത്തിൽ ഉയർത്തിക്കാട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫലസ്തീൻ ജനതയുടെ നിയമപരമായ അവകാശങ്ങൾ നേടിയെടുക്കാനും അധിനിവേശം അവസാനിപ്പിക്കാനും അവരെ പിന്തുണക്കാൻ ബഹ്റൈൻ പൂർണമായും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

