ഫലസ്തീനോടുള്ള ഉറച്ച നിലപാട് ആവർത്തിച്ച് പറഞ്ഞ് ബഹ്റൈൻ
text_fieldsഫലസ്തീൻ ആഭ്യന്തരമന്ത്രി സിയാദ് മഹ്മൂദ് ഹബ് അൽ റീഹും ബഹ്റൈൻ ആഭ്യന്തരമന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയും കൂടിക്കാഴ്ചക്കിടെ
മനാമ: ഫലസ്തീനോടുള്ള ഉറച്ച നിലപാട് ആവർത്തിച്ച് പറഞ്ഞ് ബഹ്റൈൻ. ഔദ്യോഗിക സന്ദർശനാർഥം ബഹ്റൈനിലെത്തിയ ഫലസ്തീൻ ആഭ്യന്തരമന്ത്രി സിയാദ് മഹ്മൂദ് ഹബ് അൽ റീഹുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് ബഹ്റൈന്‍റെ നിലപാട് ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ അറിയിച്ചത്.
സിയാദ് മഹ്മൂദിനെയും പ്രതിനിധി സംഘത്തെയും ശൈഖ് റാശിദിന്‍റെയും മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു ആഭ്യന്തര മന്ത്രാലയത്തിലേക്ക് സ്വാഗതം ചെയ്തത്. മന്ത്രാലയത്തിലെത്തിയ ഫലസ്തീൻ പ്രതിനിധികളെ ഗാർഡ് ഓഫ് ഓണർ നൽകിയും അഭിവാദ്യം ചെയ്തു. സംഘത്തെ സ്വാഗതം ചെയ്ത ശൈഖ് റാശിദ് ഈ സന്ദർശനം അഭിനന്ദനാർഹമാണെന്നും ഇരുരാജ്യങ്ങളുടെയും ഏകോപനം സന്ദർശനം വഴി വർധിപ്പിക്കുമെന്നും പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢപ്പെടുത്തുന്നതിനായി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും ഫലസ്തീൻ പ്രസിഡന്‍റ് മഹ്മൂദ് റിദ അബ്ബാസും വഹിക്കുന്ന പങ്കിനെയും അദ്ദേഹം സൂചിപ്പിച്ചു.
നീതിയുക്തവും ശാശ്വതവുമായ സമാധാനപരമായ പരിഹാരം കണ്ടെത്താനും, സാധാരണക്കാരെ സംരക്ഷിക്കാനും, ബന്ദികളെയും തടവുകാരെയും മോചിപ്പിക്കാനും, സംഘർഷങ്ങൾ അവസാനിപ്പിക്കാനും, പ്രാദേശിക സുരക്ഷയെയും സ്ഥിരതയെയും ഭീഷണിപ്പെടുത്തുന്ന അക്രമം ഒഴിവാക്കാനുമുള്ള എല്ലാ ശ്രമങ്ങളെയും ബഹ്‌റൈൻ പിന്തുണയ്ക്കുന്നുവെന്നും, ഫലസ്തീൻ പ്രശ്നം എല്ലാവരുടെയും ഹൃദയത്തിലുണ്ടെന്നും ഫലസ്തീൻ ജനതയുടെ ദുരിതമാണ് ഏതൊരു അറബ് പൗരനെയും ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രാദേശിക സുരക്ഷാ വെല്ലുവിളികളെ നേരിടുന്നതിന് സുരക്ഷാ സഹകരണവും ഏകോപനവും വർധിപ്പിക്കുന്നതിൽ ഈ സന്ദർശനത്തിന്റെ പ്രാധാന്യവും മന്ത്രി ഊന്നിപ്പറഞ്ഞു.
ബഹ്റൈൻ സന്ദർശനത്തിൽ അഭിമാനം പ്രകടിപ്പിച്ച സിയാദ് മഹ്മൂദ് ഹമജദ് രാജാവിനും കിരീടാവകാശിക്കും ഫലസ്തീൻ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസിന്‍റെ ആശംസകൾ കൈമാറി. ഫലസ്തീൻ വിഷയത്തിലുള്ള ബഹ്‌റൈന്റെ മാതൃകാപരമായ നിലപാടുകളെയും അദ്ദേഹം പ്രശംസിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ സഹകരണത്തിന്റെ മേഖലയിൽ ബന്ധം വികസിപ്പിക്കാനുള്ള താൽപ്പര്യത്തിന്റെ ഭാഗമായാണ് തന്റെ സന്ദർശനമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ സഹകരണം വർധിപ്പിക്കാനും പ്രകടനം മെച്ചപ്പെടുത്താനും തുടങ്ങി നിരവധി സുരക്ഷ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചചെയ്തു. നിരവധി സംയുക്ത സഹകരണ വിഷയങ്ങളും ചർച്ചകളിൽ ഉൾപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

