ലോക പ്രഥമശുശ്രൂഷ ദിനം ആചരിച്ച് ബഹ്റൈൻ റെഡ് ക്രസന്റ് സൊസൈറ്റി
text_fieldsബഹ്റൈൻ റെഡ് ക്രസന്റ് സൊസൈറ്റി അംഗങ്ങൾ
മനാമ: ‘പ്രഥമശുശ്രൂഷയും കാലാവസ്ഥാ വ്യതിയാനവും’ എന്ന വിഷയത്തിൽ ലോക പ്രഥമശുശ്രൂഷ ദിനം ആചരിച്ച് ബഹ്റൈൻ റെഡ് ക്രസന്റ് സൊസൈറ്റി (ബി.ആർ.സി.എസ്). ദിനാചരണത്തിന്റെ ഭാഗമായി ദ അവന്യൂസ് മാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ആരോഗ്യപരവും പാരിസ്ഥിതികവുമായ വെല്ലുവിളികളോട് ഫലപ്രദമായി പ്രതികരിക്കാൻ വ്യക്തികളെ പ്രാപ്തരാക്കുന്ന കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സൊസൈറ്റിയുടെ പ്രതിബദ്ധത എടുത്തുകാട്ടി.
ബി.ആർ.സി.എസ് ബോർഡ് അംഗവും യുവജന കൗൺസിൽ തലവനുമായ ഡോ. നിലോഫർ ജഹ്റോമി, സൊസൈറ്റിയുടെ അഗ്രികൾച്ചറൽ എൻവയൺമെന്റൽ ടീം എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രഥമശുശ്രൂഷാ കമ്മിറ്റിയും സൊസൈറ്റിയുടെ മറ്റ് കമ്മിറ്റികളും പരിപാടി ഏകോപിപ്പിച്ചു.
കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ആരോഗ്യപരമായ പ്രത്യാഘാതങ്ങളെ നേരിടുന്നതിനും പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ പ്രതികരിക്കുന്നതിനും പ്രഥമശുശ്രൂഷക്ക് വലിയ പ്രാധാന്യമുണ്ടെന്ന് പരിപാടിയിൽ പങ്കെടുത്തവർ പറഞ്ഞു.സി.പി.ആർ, ശ്വാസംമുട്ടൽ, ചെറിയ പരിക്കുകൾ എന്നിവക്ക് എങ്ങനെ പ്രഥമശുശ്രൂഷ നൽകാം എന്നതിനെക്കുറിച്ച് പഠിപ്പിക്കുന്നതിനായി നിരവധി സ്റ്റേഷനുകൾ പരിപാടിയിൽ ഒരുക്കിയിരുന്നു.
കൂടാതെ, പൊതുജനാരോഗ്യത്തെ കാലാവസ്ഥാ വ്യതിയാനം എങ്ങനെ ബാധിക്കുന്നുവെന്നും അതുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നും ഈ സ്റ്റേഷനുകൾ വഴി ആളുകൾക്ക് മനസ്സിലാക്കാൻ സാധിച്ചു. മാനുഷിക പ്രവർത്തനങ്ങളെ പാരിസ്ഥിതിക ഉത്തരവാദിത്തവുമായി ബന്ധിപ്പിച്ച്, ജനങ്ങളെയും ഭൂമിയെയും സംരക്ഷിക്കുന്നതിനുള്ള സൊസൈറ്റിയുടെ അർപ്പണബോധം ഈ സംരംഭം ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

