ബഹ്‌റൈനിൽ കഴിഞ്ഞ വർഷം ഉപയോഗിച്ചത് 25,000 മെട്രിക് ടണ്ണിലധികം മത്സ്യം
text_fieldsമനാമ: കഴിഞ്ഞ വർഷം ബഹ്‌റൈനിൽ മത്സ്യ ഉപഭോഗത്തിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയതായി സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റിന്റെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം രാജ്യത്ത് ആകെ ഉപയോഗിച്ചത് 25,000 മെട്രിക് ടണ്ണിലധികം മത്സ്യമാണ്. മുൻവർഷത്തെ അപേക്ഷിച്ച് പ്രാദേശിക മത്സ്യ ഉപഭോഗത്തിൽ 6 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ബഹ്‌റൈൻ ഓപ്പൺ ഡാറ്റാ പോർട്ടൽ പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച്, 2025-ൽ രാജ്യത്തെ പ്രാദേശിക മത്സ്യബന്ധന മേഖലയിലൂടെ 16,961.30 ടൺ മത്സ്യമാണ് പിടിച്ചെടുത്തത്. ഇതിന് 2 കോടി ബഹ്‌റൈൻ ദീനാറിലധികം മൂല്യമുണ്ട്. ഈ കാലയളവിൽ ഏകദേശം 20,495 ടൺ മത്സ്യം ഇറക്കുമതി ചെയ്യുകയും 12,427 ടൺ മത്സ്യം കയറ്റുമതി ചെയ്യുകയും ചെയ്തു. മുൻവർഷത്തെ അപേക്ഷിച്ച് പ്രാദേശിക മത്സ്യ ഉത്പാദനത്തിൽ 3 ശതമാനത്തിന്റെ ചെറിയ വർദ്ധനവാണ് ഉണ്ടായത്.
പരമ്പരാഗത രീതിയായ 'ഗർഗൂർ' ഉപയോഗിച്ചാണ് ഈ വർഷവും ഏറ്റവും കൂടുതൽ മത്സ്യം പിടിച്ചത് (10,670 ടണ്ണിലധികം). ഗിൽ നെറ്റ് വഴി 3,020.90 ടണ്ണും, ചൂണ്ട വഴി 2,510.59 ടണ്ണും മത്സ്യം ലഭിച്ചു. മനാമ സെൻട്രൽ മാർക്കറ്റിലൂടെ മാത്രം 7,815.16 ടൺ മത്സ്യം വിറ്റഴിക്കപ്പെട്ടു. നവംബർ, ഡിസംബർ മാസങ്ങളിലാണ് വിപണിയിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്. രാജ്യത്ത് ആകെ 4,429 മത്സ്യത്തൊഴിലാളികളും 1,373 രജിസ്റ്റർ ചെയ്ത മത്സ്യബന്ധന ബോത്തുകളുമാണ് ഉള്ളത്.
സമുദ്ര ജൈവവൈവിധ്യം സംരക്ഷിക്കുന്നതിന്റെയും മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിന്റെയും ഭാഗമായി ചില പ്രത്യേക ഇനം മീനുകൾക്കും ഷ്രിമ്പിനും സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് കഴിഞ്ഞ വർഷം സീസണൽ നിരോധനങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. ഇത്തരം കർശനമായ നടപടികൾ ബഹ്‌റൈന്റെ സമുദ്ര വിഭവങ്ങൾ സംരക്ഷിക്കാൻ ഏറെ സഹായകരമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

