സാമ്പത്തിക സ്വാതന്ത്ര്യത്തിൽ ബഹ്റൈൻ ഒന്നാമത്
text_fieldsമനാമ: ലോകത്തെ ഏറ്റവും ഉയർന്ന സാമ്പത്തിക സ്വാതന്ത്ര്യമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഗൾഫ് മേഖലയിൽ ഒന്നാം സ്ഥാനവും അറബ് ലോകത്ത് രണ്ടാം സ്ഥാനവും ബഹ്റൈൻ കരസ്ഥമാക്കി. ധനകാര്യ-ദേശീയ സാമ്പത്തിക മന്ത്രാലയം പുറത്തിറക്കിയ 2025ലെ മൂന്നാം പാദ സാമ്പത്തിക റിപ്പോർട്ടിലാണ് രാജ്യത്തിന്റെ അഭിമാനകരമായ ഈ നേട്ടം വ്യക്തമാക്കുന്നത്.
ഫ്രേസർ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ 'വേൾഡ് ഇക്കണോമിക് ഫ്രീഡം ഇൻഡക്സ് 2025' പ്രകാരമാണ് ബഹ്റൈൻ ഈ സ്ഥാനങ്ങൾ സ്വന്തമാക്കിയത്. ആകെ 165 രാജ്യങ്ങളെ ഉൾപ്പെടുത്തി തയാറാക്കിയ ഈ സൂചികയിൽ ബിസിനസ് നിയന്ത്രണങ്ങൾ എന്ന വിഭാഗത്തിൽ അറബ് ലോകത്ത് ഒന്നാമതെത്താനും ബഹ്റൈന് സാധിച്ചു.
ബിസിനസ് നിയന്ത്രണങ്ങൾ, സുശക്തമായ സാമ്പത്തിക നയങ്ങൾ, അന്താരാഷ്ട്ര വ്യാപാര സ്വാതന്ത്ര്യം, ഗവൺമെന്റിന്റെ വലിപ്പം, നിയമവ്യവസ്ഥ എന്നിവയുൾപ്പെടെ അഞ്ച് പ്രധാന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് ഫ്രേസർ ഇൻസ്റ്റിറ്റ്യൂട്ട് രാജ്യങ്ങളെ വിലയിരുത്തിയത്.
ഇതിൽ സുശക്തമായ സാമ്പത്തിക നയങ്ങളിലും ഗവൺമെന്റ് ചെലവുകളിലും ജി.സി.സി രാജ്യങ്ങൾ ആഗോളതലത്തിൽതന്നെ നേതൃപരമായ പങ്ക് വഹിക്കുന്നു. ബഹ്റൈന്റെ കരുത്തുറ്റ സാമ്പത്തിക-ധനകാര്യ ചട്ടക്കൂടുകളുടെയും ദീർഘവീക്ഷണമുള്ള നയങ്ങളുടെയും പ്രതിഫലനമാണ് ഈ നേട്ടമെന്ന് മന്ത്രാലയം വ്യക്തമാക്കി. ലോകബാങ്ക് പുതുതായി അവതരിപ്പിച്ച ‘ബിസിനസ് റെഡി’ റിപ്പോർട്ടിലും ബഹ്റൈൻ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു. കൂടാതെ, ബിസിനസ് റെഡി റിപ്പോർട്ടിലെ പത്ത് പ്രധാന മേഖലകളിൽ നാലെണ്ണത്തിൽ ബഹ്റൈൻ അറബ് രാജ്യങ്ങളിൽ ഒന്നാമതാണ്.
പൊതുസേവനങ്ങൾ, തൊഴിൽ നിയമങ്ങൾ, തർക്കപരിഹാരം, കോർപറേറ്റ് ഇൻസോൾവൻസി എന്നിവയാണ് ഈ മേഖലകൾ. മികച്ച രീതിയിലുള്ള റെഗുലേറ്ററി ചട്ടക്കൂടുകൾ, നിയമങ്ങൾ പാലിക്കുന്നതിലെ എളുപ്പം, കാര്യക്ഷമമായ പൊതുസേവനങ്ങൾ എന്നിവ രാജ്യത്തെ ബിസിനസ് മേഖലക്ക് കരുത്തേകുന്നു. വിവിധ വലിപ്പത്തിലുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും ആഗോള നിലവാരത്തിലേക്ക് വിപണിയെ ഉയർത്തുന്നതിനുമുള്ള ഗവൺമെന്റിന്റെ നിരന്തരമായ പരിശ്രമങ്ങളുടെ വിജയമാണിതെന്ന് റിപ്പോർട്ട് അടിവരയിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

