വീണ്ടും ചർച്ചകളിൽ ഇടം നേടി ബഹ്റൈൻ- ഖത്തർ കോസ്വേ
text_fieldsഗതാഗത, ടെലി കമ്യൂണിക്കേഷൻ മന്ത്രി ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹമ്മദ് ആൽ ഖലീഫ, ഖത്തർ ഗതാഗത മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽഥാനിയും തമ്മിൽ നടന്ന കൂടിക്കാഴ്ച
മനാമ: ബഹ്റൈനും ഖത്തറും തമ്മിലുള്ള കരബന്ധത്തിനായി നിർദേശിക്കപ്പെട്ട 40 കിലോമീറ്റർ കോസ്വേയെക്കുറിച്ച് വീണ്ടും ചർച്ചചെയ്ത് ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ.ബഹ്റൈൻ ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രി ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹമ്മദ് ആൽ ഖലീഫ, ഖത്തർ ഗതാഗത മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽഥാനിയും തമ്മിൽ നടന്ന കൂടിക്കാഴ്ചക്കിടെയാണ് വിഷയം ചർച്ചചെയ്തത്.
രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക, നിക്ഷേപ സഹകരണം വർധിപ്പിക്കുന്നതിനുള്ള അവസരങ്ങൾ പര്യവേക്ഷണംചെയ്യുക, കര ഗതാഗതം, റെയിൽവേ, സമുദ്ര നാവിഗേഷൻ, സിവിൽ വ്യോമയാനം എന്നിവയിലെ സാങ്കേതിക വൈദഗ്ധ്യം കൈമാറുക എന്നിവയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം. സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനും ആളുകളുടെയും ചരക്കുകളുടെയും ചലനം സുഗമമാക്കുന്നതിനും മേഖലയിലുടനീളം വ്യാപാരം, ടൂറിസം, ലോജിസ്റ്റിക്സ് എന്നിവ മെച്ചപ്പെടുത്തുന്നതിനുമാണ് കോസ് വേ പദ്ധതി ആവിഷ്കരിച്ചിരുന്നത്. അതുവഴി ബഹ്റൈനും ഖത്തറും തമ്മിലുള്ള ആഴത്തിലുള്ള സാമ്പത്തിക സാംസ്കാരിക ബന്ധങ്ങൾ ശക്തിപ്പെടുമെന്നാണ് വിലയിരുത്തുന്നത്.
ഏകദേശം 40 കിലോമീറ്റർ (25 മൈൽ) നീളമാണ് ഈ പാലത്തിന് നിർദേശിച്ചിട്ടുള്ളത്. റോഡ്, റെയിൽ ഗതാഗതത്തിനായി രൂപകൽപന ചെയ്തതാണ് ഈ പാലം. പാലം യാഥാർഥ്യമായാൽ നിലവിൽ അഞ്ച് മണിക്കൂറിലധികം എടുക്കുന്ന യാത്രാസമയം ഏകദേശം 30 മിനിറ്റായി കുറയും. ഇത് ഇരു രാജ്യങ്ങൾക്കുമിടയിലുള്ള വ്യാപാരം, വിനോദസഞ്ചാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവക്ക് വലിയ ഉത്തേജനം നൽകും. ഖത്തറിലെ റാസ് എഷായിരിജും ബഹ്റൈനിലെ കിഴക്കൻ തീരവും തമ്മിലാണ് ഈ പാലം ബന്ധിപ്പിക്കുക. സൗദി അറേബ്യയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്വേ നിലവിലുള്ളതിനാൽ അതുവഴി മുഴുവൻ മേഖലയെയും ഇത് ബന്ധിപ്പിക്കും.
വർഷങ്ങൾക്ക് മുമ്പുതന്നെ ഈ പദ്ധതി ചർച്ചയിലുണ്ടായിരുന്നെങ്കിലും, 2017ലെ ഗൾഫ് പ്രതിസന്ധിയെ തുടർന്ന് ഇത് നിലച്ചുപോയിരുന്നു. എന്നാൽ, ഖത്തറും ബഹ്റൈനും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിച്ചതോടെയാണ് ചർച്ച വീണ്ടും സജീവമായി തുടങ്ങിയത്. ഈ പദ്ധതി യാഥാർഥ്യമാവുകയാണെങ്കിൽ, ലോകത്തിലെ ഏറ്റവും നീളമേറിയ സ്ഥിരമായ കോസ്വേകളിൽ ഒന്നായി ഇത് മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

