ബഹ്‌റൈൻ പബ്ലിക് പ്രോസിക്യൂഷന് നേട്ടം; 2025ൽ 99 ശതമാനം കേസുകളും തീർപ്പാക്കി
text_fieldsമനാമ: ബഹ്‌റൈൻ പബ്ലിക് പ്രോസിക്യൂഷൻ 2025 വർഷത്തിൽ 99 ശതമാനം കേസുകളും തീർപ്പാക്കി മികച്ച പ്രവർത്തന മികവ് കാഴ്ചവെച്ചതായി അറ്റോണി ജനറൽ ഡോ. അലി ബിൻ ഫദ്ൽ അൽ ബുവൈനൈൻ അറിയിച്ചു. പബ്ലിക് പ്രോസിക്യൂഷൻ ആസ്ഥാനത്ത് നടന്ന വാർത്തസമ്മേളനത്തിലാണ് കഴിഞ്ഞ വർഷത്തെ പ്രധാന നേട്ടങ്ങൾ അദ്ദേഹം വിശദീകരിച്ചത്.
ആകെ 59,922 കേസുകളാണ് 2025ൽ പ്രോസിക്യൂഷന്റെ പരിഗണനക്ക് എത്തിയത്. ലഹരിമരുന്ന് കേസുകൾ വേഗത്തിൽ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക ‘ഡ്രഗ്സ് പ്രോസിക്യൂഷൻ’ വിഭാഗം സ്ഥാപിച്ചതും സമുദ്രസമ്പത്തും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനായി പുതിയ ക്രിമിനൽ പ്രൊട്ടക്ഷൻ പ്രോഗ്രാം ആരംഭിച്ചതും കഴിഞ്ഞ വർഷത്തെ പ്രധാന ചുവടുവെപ്പുകളാണ്.
മനുഷ്യക്കടത്ത് തടയുന്നതിനുള്ള പ്രോസിക്യൂഷന്റെ പ്രവർത്തനങ്ങൾക്ക് ഇന്റർനാഷനൽ അസോസിയേഷൻ ഓഫ് പ്രോസിക്യൂട്ടേഴ്സിൽനിന്ന് എക്സലൻസ് അവാർഡും ലഭിച്ചു. മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും സേവനങ്ങൾ എളുപ്പമാക്കുന്നതിന് പ്രത്യേക നടപടികൾ സ്വീകരിച്ചതായും ‘റിയായ’ പദ്ധതി വഴി 1027 കേസുകളിലായി 1209 സംരക്ഷണ സേവനങ്ങൾ നൽകിയതായും അറ്റോണി ജനറൽ വ്യക്തമാക്കി. നിയമമേഖലയിൽ ബഹ്‌റൈനി വനിതകളെ ശാക്തീകരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാർഹിക പീഡന കേസുകളിൽ മുൻവർഷത്തെ അപേക്ഷിച്ച് 49 ശതമാനത്തിന്റെ കുറവുണ്ടായതായി അസിസ്റ്റന്റ് അറ്റോണി ജനറൽ ഫസ്റ്റ് അറ്റോണി വേൽ റാശിദ് ബുവാലൈ വ്യക്തമാക്കി. ഫാമിലി ആൻഡ് ചൈൽഡ് പ്രോസിക്യൂഷനിലെ റീകൺസിലിയേഷൻ ഓഫിസ് വഴി 270 കുടുംബ തർക്കങ്ങൾ രമ്യമായി പരിഹരിക്കാൻ സാധിച്ചു. കൂടാതെ, കുട്ടികളുടെ പുനരധിവാസ നിയമപ്രകാരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 94 കുട്ടികൾക്ക് ജയിൽ ശിക്ഷക്ക് പകരം ബദൽ ശിക്ഷാ നടപടികൾ നടപ്പാക്കിയതായും അദ്ദേഹം സ്ഥിതിവിവരക്കണക്കുകൾ നിരത്തി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

