മഴക്കാല മുന്നൊരുക്കവുമായി ബഹ്റൈൻ
text_fieldsകഴിഞ്ഞ ദിവസം ബഹ്റൈന്റെ ആകാശത്ത് കാണപ്പെട്ട മഴ മേഘങ്ങൾ. രാജ്യത്തെ
ചിലയിടങ്ങളിൽ ഇന്നലെ നേരിയ മഴ ലഭിച്ചിരുന്നു
മനാമ: മഴക്കാലത്തെ വരവേൽക്കാൻ സമഗ്ര മുന്നൊരുക്കവുമായി രാജ്യം. വെള്ളക്കെട്ടും മറ്റും കൈകാര്യം ചെയ്യുന്നതിനുള്ള തയാറെടുപ്പുകൾ തകൃതിയായി നടന്നുവരുന്നു.
മുനിലിപ്പാലിറ്റികളുടെ മേൽനോട്ടത്തിലാണ് മുന്നൊരുക്കങ്ങൾ നടക്കുന്നത്. മഴക്കാലത്ത് താമസക്കാരുടെ സുരക്ഷയും മുനിസിപ്പൽ സേവനങ്ങളുടെ സുതാര്യതയും ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി വടക്കൻ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ലംയാ അൽ ഫദാല ഇന്നലെ നോർത്തേൺ ഗവർണറേറ്റിലെ പ്രധാന ജലസംഭരണ കേന്ദ്രങ്ങൾ സന്ദർശിച്ച് പ്രവർത്തന സജ്ജീകരണങ്ങൾ വിലയിരുത്തി. അടിയന്തര സാഹചര്യങ്ങളോട് പ്രതികരിക്കാൻ ടീമുകൾ പൂർണമായി തയാറാണെന്ന് അവർ ഉറപ്പാക്കി. സാങ്കേതിക, ഫീൽഡ് ടീമുകളുടെ സന്നദ്ധത വർധിപ്പിക്കുകയും, റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏത് പ്രശ്നത്തേയും ഫലപ്രദമായി പരിഹരിക്കുന്നതിന് വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. വെള്ളം വറ്റിക്കാനുള്ള ടാങ്കറുകൾ, അനുബന്ധ യന്ത്രങ്ങൾ, അതിവേഗ പ്രതികരണ ഉപകരണങ്ങൾ എന്നിവയുടെ ലഭ്യതയും അവർ വിലയിരുത്തി. വെള്ളപ്പൊക്കത്തിന്റെ ആഘാതം കുറക്കുക, ഗതാഗത തടസ്സങ്ങൾ ഒഴിവാക്കുക, വെള്ളക്കെട്ടുണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ ദീർഘകാല പരിഹാരങ്ങൾ നടപ്പാക്കുക എന്നിവയാണ് മുന്നൊരുക്കത്തിന്റെ ഭാഗമായി ചെയ്യുന്നത്.
കൂടാതെ, 24 മണിക്കൂർ റിപ്പോർട്ടിങ്, പ്രതികരണ സംവിധാനം എന്നിവ അവലോകനം ചെയ്യുന്ന മുനിസിപ്പാലിറ്റിയുടെ എമർജൻസി ഓപറേഷൻസ് സെന്ററും അവർ സന്ദർശിച്ചു. മൊബൈൽ പമ്പുകൾ, വെള്ളം വലിച്ചെടുക്കുന്ന ടാങ്കുകൾ, മറ്റ് ദ്രുത-ഇടപെടൽ ഉപകരണങ്ങൾ എന്നിവയുടെ വിന്യാസം ടീമുകൾ വിശദീകരിച്ചു. താമസക്കാർ മുനിസിപ്പൽ പ്രവർത്തനങ്ങളുമായി സഹകരിക്കണമെന്നും വെള്ളക്കെട്ട് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും, തെരുവുകളിലോ ഡ്രെയിനേജ് ഇൻലെറ്റുകളിലോ മാലിന്യം ഇടുന്നത് ഒഴിവാക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. തെക്കൻ മുനിസിപ്പാലിറ്റി അധികൃതരും ഇന്നലെ സമാനമായ പരിശോധനകൾ നടത്തി, 24 മണിക്കൂർ മഴവെള്ള അടിയന്തര പ്രതികരണ ടീമിന് രൂപം നൽകിയിട്ടുണ്ട്.
വേഗത്തിലുള്ള ഇടപെടൽ, മഴവെള്ള നിർമാർജനം, തെക്കൻ ഗവർണറേറ്റിലെ താമസ, വാണിജ്യ മേഖലകളിലെ വെള്ളക്കെട്ട് എന്നിവ കൈകാര്യം ചെയ്യുന്നതിനായി വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരെ ഈ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സൗത്ത് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഈസ അൽ ബുഐനൈൻ, സതേൺ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുല്ല അബ്ദുല്ലത്തീഫ് എന്നിവർക്കൊപ്പം മഴക്കു ശേഷം വെള്ളക്കെട്ടുണ്ടാകാൻ സാധ്യതയുള്ള നിരവധി പ്രദേശങ്ങൾ സന്ദർശിച്ചു. ഈ വാരാന്ത്യത്തിൽ ബഹ്റൈനിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിന് മുന്നോടിയായാണ് ഈ പരിശോധനകൾ. പൊതുവായ പരാതികൾക്ക് 80008001 എന്ന നമ്പറിലും വൈദ്യുതി, ജല അടിയന്തര പ്രശ്നങ്ങൾക്ക് 17515555 എന്ന നമ്പറിലും ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

