ഇനി തപാൽ ഓഫിസിൽ പോകേണ്ട; ബഹ്റൈൻ പോസ്റ്റ് മൊബൈൽ തപാൽ സേവനം ആരംഭിച്ചു
text_fieldsമനാമ: രാജ്യത്തെ തപാൽ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വ്യാപിപ്പിക്കുന്നതിനുമായി ബഹ്റൈൻ പോസ്റ്റ് മൊബൈൽ തപാൽ സേവനങ്ങൾക്ക് തുടക്കം കുറിച്ചു. രാജ്യത്തെ മുഴുവൻ ഗവർണറേറ്റുകളിലും ഈ നൂതന പദ്ധതി വഴി തപാൽ സേവനം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ഖാലിദ് അൽ ഹൈദാൻ അറിയിച്ചു.
തപാൽ ഓഫിസുകൾ സന്ദർശിക്കാതെതന്നെ പൗരന്മാർക്കും താമസക്കാർക്കും സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുള്ള സൗകര്യപ്രദമായ പരിഹാരമാണ് പുതിയ പദ്ധതി. തപാൽ സേവനങ്ങൾ നൽകാൻ പൂർണമായി സജ്ജീകരിച്ച വാഹനങ്ങളാണ് ഈ സംരംഭത്തിൽ ഉൾപ്പെടുന്നത്. ശനി മുതൽ വ്യാഴം വരെ എല്ലാ ദിവസവും രാവിലെ ഏഴു മുതൽ വൈകീട്ട് ഏഴു വരെ ഈ മൊബൈൽ സേവനം ലഭ്യമാകും. ഇതോടെ ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ സ്ഥലങ്ങളിൽ വെച്ച് തപാൽ സേവനങ്ങൾ പ്രയോജനപ്പെടുത്താൻ സാധിക്കും.
ഈ പദ്ധതി വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഒരുപോലെ ആവശ്യമായ ആധുനിക സേവനങ്ങൾ നൽകാനുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയാണ് കാണിക്കുന്നതെന്ന് ഡോ. അൽ ഹൈദാൻ പറഞ്ഞു.തപാൽ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനും സേവനങ്ങളുടെ വ്യാപ്തി വർധിപ്പിക്കുന്നതിനുമുള്ള സമഗ്രമായ തന്ത്രത്തിന്റെ ഭാഗമാണിത്.
ഡിജിറ്റൽ പരിവർത്തനത്തെ പിന്തുണക്കുന്നതിനും സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും ഉപഭോക്തൃ സംതൃപ്തി വർധിപ്പിക്കുന്നതിനുംവേണ്ടിയുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ മൊബൈൽ പോസ്റ്റൽ സേവനം. ആഗോള മാറ്റങ്ങൾക്കനുസരിച്ച് മുന്നോട്ട് പോകാനും ഉപഭോക്താക്കൾക്കുള്ള സേവനം മെച്ചപ്പെടുത്താനും മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബുക്ക് ചെയ്യേണ്ട വിധം
മൊബൈൽ തപാൽ സേവനം ആവശ്യമുള്ള ഉപഭോക്താക്കൾ കുറഞ്ഞത് 24 മണിക്കൂർ മുമ്പെങ്കിലും അപ്പോയന്റ്മെന്റ് ബുക്ക് ചെയ്യണം. ബുക്ക് ചെയ്യാനായി താഴെ പറയുന്ന വഴികൾ ഉപയോഗിക്കാം:
- കസ്റ്റമർ കോൺടാക്റ്റ് സെന്റർ വഴി: 80001100 എന്ന നമ്പറിൽ വിളിക്കുക.
- ഇ-മെയിൽ വഴി: enquiry@mtt.gov.bh എന്ന വിലാസത്തിലേക്ക് ഇ-മെയിൽ അയക്കുക.
- വെബ്സൈറ്റ് വഴി: www.bahrainpost.gov.bh എന്ന വെബ്സൈറ്റിലെ പ്രത്യേക സേവന പേജ് ഉപയോഗിക്കുക.
- വാട്സ്ആപ് വഴി: 17341022 എന്ന നമ്പറിൽ ബന്ധപ്പെടുക.
- അപ്പോയന്റ്മെന്റ് ബുക്ക് ചെയ്താൽ, ബഹ്റൈൻ പോസ്റ്റ് ടീമിന്റെ ഒരു ഫോളോ-അപ് കാൾ വഴി സ്ഥിരീകരണം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

