പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് നിയന്ത്രണം; നിയമഭേദഗതി പാസാക്കി ബഹ്‌റൈൻ പാർലമെന്റ്
text_fieldsമനാമ: ബഹ്‌റൈനിൽ പ്രവാസികൾക്ക് ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്നതിന് കർശനമായ നിബന്ധനകൾ ഉൾപ്പെടുത്തിയ രണ്ട് സുപ്രധാന ട്രാഫിക് നിയമഭേദഗതികൾ പാർലമെന്റ് പാസാക്കി. പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസിന്റെ കാലാവധി അവരുടെ താമസരേഖയായ റെസിഡൻസി പെർമിറ്റുമായി (സി.പി.ആർ) ബന്ധിപ്പിക്കുക, വിദേശികൾക്ക് ലൈസൻസ് നൽകുന്നതിൽ അധികൃതർക്ക് കൂടുതൽ നിയന്ത്രണാധികാരം നൽകുക എന്നിവയാണ് പുതിയ ഭേദഗതികൾ. രാജ്യത്തെ റോഡുകളിലെ അമിതമായ തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് എംപിമാർ ഈ പരിഷ്കാരങ്ങൾ കൊണ്ടുവന്നത്.
ആദ്യ ഭേദഗതി പ്രകാരം ഒരു പ്രവാസിക്ക് ലഭിക്കുന്ന ഡ്രൈവിങ് ലൈസൻസിന്റെ കാലാവധി അയാൾക്ക് രാജ്യത്ത് നിയമപരമായി താമസിക്കാൻ അനുമതിയുള്ള കാലയളവ് വരെ മാത്രമായിരിക്കും. രണ്ടാമത്തെ ഭേദഗതിയിലൂടെ പ്രവാസികൾക്ക് ലൈസൻസ് അനുവദിക്കുന്നതിന് മുൻപായി മറ്റ് അധിക നിബന്ധനകൾ കൂടി ഏർപ്പെടുത്താൻ എക്സിക്യൂട്ടീവ് അതോറിറ്റിക്ക് അധികാരം ലഭിക്കും. രാജ്യത്ത് പ്രവാസികളുടെ എണ്ണവും സ്വകാര്യ വാഹനങ്ങളും വർദ്ധിക്കുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ടെന്നും വരുമാനവും താമസരേഖകളും അടിസ്ഥാനമാക്കി ലൈസൻസ് നൽകുന്ന അന്താരാഷ്ട്ര രീതികൾ പിന്തുടരേണ്ടത് ആവശ്യമാണെന്നും എംപിമാർ വാദിച്ചു. എന്നാൽ ഈ നിയമഭേദഗതികളെ സർക്കാർ എതിർത്തു. നിലവിൽ തന്നെ സാധുവായ താമസരേഖയുള്ളവർക്ക് മാത്രമേ ലൈസൻസ് നൽകുന്നുള്ളൂ എന്നും പുതിയ മാറ്റം ഭരണപരമായ സങ്കീർണ്ണതകൾ ഉണ്ടാക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
പ്രത്യേകിച്ച് ദീർഘകാല താമസാനുമതിയുള്ളവരുടെ കാര്യത്തിലും ലൈസൻസ് പുതുക്കുന്ന സംവിധാനത്തിലും ഇത് ആശയക്കുഴപ്പമുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. എങ്കിലും സർക്കാരിന്റെ എതിർപ്പുകൾ അവഗണിച്ച് പാർലമെന്റ് ബില്ലുകൾ അംഗീകരിക്കുകയായിരുന്നു. ബിൽ തുടർ അനുമതിക്കായി ശൂറ കൗൺസിലിലേക്ക് കൈമാറിയിരിക്കയാണ്. നിയനം നടപ്പിലായാൽ ബഹ്‌റൈനിൽ പ്രവാസികൾക്ക് ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതും അത് കൈവശം വെക്കുന്നതും കൂടുതൽ കർശനമായ നിബന്ധനകൾക്ക് വിധേയമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

