ആശ്വാസവുമായി ബഹ്റൈൻ; തകർന്ന വീടുകൾ നന്നാക്കി നൽകും, ഹിദ്ദിലെ കുടുംബങ്ങളെ സന്ദർശിച്ച് ഉപപ്രധാനമന്ത്രി
text_fieldsആക്രമണത്തിൽ തകർന്ന ഹിദ്ദിലെ വീടുകൾ സന്ദർശിക്കാനെത്തിയ ഉപപ്രധാനമന്ത്രി
മനാമ: രാജ്യത്തിന് നേരെയുണ്ടായ ഇറാനിയൻ ആക്രമണങ്ങളിൽ വീടുകൾക്കും സ്വത്തുക്കൾക്കും നാശനഷ്ടം സംഭവിച്ച ജനങ്ങൾക്ക് ആശ്വാസവുമായി ബഹ്‌റൈൻ ഗവൺമെന്‍റ്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദ്ദേശപ്രകാരം ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ കിഴക്കൻ ഹിദ്ദിലെ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. പാർലമെന്‍റ് സ്പീക്കർ അഹമ്മദ് അൽ മുസല്ലമും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ആക്രമണത്തിൽ തകർന്ന വീടുകളുടെയും മറ്റ് സ്വത്തുക്കളുടെയും അറ്റകുറ്റപ്പണി ചിലവുകൾ പൂർണമായും ഗവൺമെന്‍റ് വഹിക്കുമെന്ന് ഉപപ്രധാനമന്ത്രി പ്രഖ്യാപിച്ചു. ബാധിതരായ കുടുംബങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും.
രാജ്യത്തിന്‍റെ സുരക്ഷക്കും പൗരന്മാരുടെ സംരക്ഷണത്തിനുമാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നത്. വികസന പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനവാസ കേന്ദ്രങ്ങളെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഇറാന്‍റെ ആക്രമണങ്ങൾ ബഹ്‌റൈന്‍റെ നിശ്ചയദാർഢ്യത്തെ തകർക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തങ്ങളെ സന്ദർശിക്കാനെത്തിയ ഉപപ്രധാനമന്ത്രിക്കും അടിയന്തര സഹായങ്ങൾ പ്രഖ്യാപിച്ച കിരീടാവകാശിക്കും ഹിദ്ദിലെ താമസക്കാർ നന്ദി രേഖപ്പെടുത്തി. രാജ്യത്തിന്‍റെ സുരക്ഷക്കും സ്ഥിരതയ്ക്കുമായി സർക്കാർ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും തങ്ങൾ പൂർണ പിന്തുണ നൽകുന്നതായി അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

