പുതുവർഷാരംഭത്തിൽ തണുത്തുവിറച്ച് ബഹ്റൈൻ
text_fieldsചാറ്റൽമഴയിൽ നീങ്ങുന്ന വാഹനങ്ങൾ ഫോട്ടോ: സത്യൻ പേരാമ്പ്ര
മനാമ: പുതുവർഷാരംഭത്തിലെത്തിയ മഴയിലും കുളിരിലും തണുത്തുവിറച്ച് ബഹ്റൈൻ. ഇടക്കിടെ പെയ്ത ചാറ്റൽമഴക്കൊപ്പം തണുപ്പും ഏറിയതോടെ പലരും പുറത്തിറങ്ങുന്നതുതന്നെ മടിയോടെയാണ്. തിങ്കളാഴ്ച താപനില 14 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു. ഈ ആഴ്ച മുഴുവൻ മഴയും മൂടിക്കെട്ടിയ കാലാവസ്ഥയുമായിരിക്കുമെന്നാണ് പ്രവചനം.
വ്യാഴം, വെള്ളി ദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ഇടക്കിടെ ചെറിയതോതിൽ മഴക്ക് സാധ്യതയുണ്ടെന്നുമാണ് പ്രവചനം. മഴയും തണുപ്പും തുടങ്ങിയതോടെ കുടകൾക്കും കമ്പളിപ്പുതപ്പിനും ആവശ്യക്കാരേറിയിട്ടുണ്ട്. കടകളിൽ കുടകളും പുതപ്പും കൂടുതലായി വിൽപനക്കെത്തിച്ചിട്ടുണ്ട്. അതേസമയം, തണുപ്പും മഴയും ആസ്വദിക്കുന്നവരും ഏറെയാണ്. ചൂടുചായയും കാപ്പിയും കുടിച്ച് നാട്ടിലേതുപോലെ മഴക്കാലം ആസ്വദിക്കാൻ കഴിയുന്നത് നല്ലൊരനുഭവമാണെന്ന് പലരും അഭിപ്രായപ്പെടുന്നു.
കഴിഞ്ഞ വർഷം, ജനുവരി ആദ്യ ആഴ്ച ബഹ്റൈനിലെങ്ങും ശക്തമായ മഴ പെയ്തിരുന്നു. താഴ്ന്ന പ്രദേശങ്ങളിൽ വീടുകളിലും കച്ചവടസ്ഥാപനങ്ങളിലും ഉൾപ്പെടെ വെള്ളം കയറുകയും റോഡുകളിൽ വലിയ വെള്ളക്കെട്ടുണ്ടാവുകയും ചെയ്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.