ബഹ്റൈൻ നാഷനൽ പ്രവാസി സാഹിത്യോത്സവ് നാളെ
text_fieldsബഹ്റൈൻ നാഷനൽ പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായി വിളിച്ചുചേർത്ത
വാർത്തസമ്മേളനത്തിൽനിന്ന്
മനാമ: കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന പതിനഞ്ചാമത് ബഹ്റൈൻ നാഷനൽ പ്രവാസി സാഹിത്യോത്സവ് ഈ മാസം 23ന് അദാരി പാർക്കിൽ നടക്കും. രിസാല സ്റ്റഡി സർക്കിളിന്റെ (ആർ.എസ്.സി) യൂനിറ്റ്, സെക്ടർ, സോൺ തലങ്ങളിൽ നടന്ന മത്സരങ്ങളിൽ വിജയികളായ മുന്നൂറോളം പ്രതിഭകളാണ് നാഷനൽ തലത്തിൽ മത്സരിക്കാനായി എത്തുന്നത്. റിഫ, മുഹറഖ്, മനാമ എന്നീ സോണുകളിൽനിന്നുള്ള ജൂനിയർ, സെക്കൻഡറി, സീനിയർ വിഭാഗം മത്സരാർഥികളാണ് വിവിധ വേദികളിലായി മാറ്റുരക്കുന്നത്. സാഹിത്യ രംഗത്തെ മൂല്യശോഷണത്തിന് ബദലായിട്ടാണ് 15 വർഷങ്ങൾക്കുമുമ്പ് ആർ.എസ്.സി സാഹിത്യോത്സവ് അവതരിപ്പിച്ചത്.
മാപ്പിളപ്പാട്ട്, ഖവാലി, പ്രസംഗങ്ങൾ തുടങ്ങി 73 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. സാഹിത്യോത്സവിന്റെ ഭാഗമായുള്ള രചനാമത്സരങ്ങൾ നേരത്തേ പൂർത്തിയായിരുന്നു. ‘പ്രയാണങ്ങൾ’ എന്ന പ്രമേയത്തിലാണ് ഇത്തവണ പ്രവാസി സാഹിത്യോത്സവ് സംഘടിപ്പിക്കുന്നത്. പ്രവാസികളുടെ സർഗാത്മകമായ പ്രയാണങ്ങൾ ഉൾപ്പെടെ മനുഷ്യരുടെ വിവിധ കാലങ്ങളിലുള്ള സഞ്ചാരങ്ങളെ ആഴത്തിൽ അപഗ്രഥിക്കുന്നതായിരിക്കും നാഷനൽ സാഹിത്യോത്സവ്. ഇതിനെ അടയാളപ്പെടുത്തുന്ന വിപുലമായ പരിപാടികളാണ് അദാര പാർക്കിൽ ഒരുക്കിയിരിക്കുന്നത്. മത്സര വേദിക്ക് പുറത്ത് അനുബന്ധ പരിപാടികൾക്കൊപ്പം എസ്.ഐ.ആർ നടപടിക്രമങ്ങൾ പൂർത്തീകരിക്കാത്തവർക്ക് സഹായകരമാവുന്ന ഹെൽപ് ഡെസ്ക് കൂടി പ്രവർത്തിക്കുന്നതാണ്.
വൈകീട്ട് നടക്കുന്ന സാംസ്കാരിക സമ്മേളനത്തോടെ സാഹിത്യോത്സവ് സമാപിക്കും. എഴുത്തുകാരനും യാത്രികനും പ്രമുഖ സാമൂഹിക നിരീക്ഷകനുമായ സജി മാർക്കോസ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ബഹ്റൈനിലെ സാമൂഹിക, സാംസ്കാരിക, മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുക്കും. പരിപാടിയുടെ മുന്നോടിയായി മനാമയിൽ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ഭാരവാഹികളായ സമദ് കാക്കടവ്, മൻസൂർ അഹ്സനി, സിയാദ് വളപട്ടണം, ഫൈസൽ ചെറുവണ്ണൂർ, അഷ്റഫ് മങ്കര, റശീദ് തെന്നല മുഹമ്മദ് സഖാഫി ള്ളിക്കൽ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

