ബഹ്റൈൻ ദേശീയ ദിനം; സാഖിർ കൊട്ടാരത്തിൽ പ്രൗഢമായി ആഘോഷിച്ചു
text_fieldsമനാമ: 54ാം ദേശീയ ദിനം പ്രൗഢമായി ആഘോഷിച്ച് രാജ്യം. സാഖിർ പാലസിൽ നടന്ന രാജകീയ ചടങ്ങിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ അധികാരമേറ്റതിന്റെ 26ാം വാർഷികവും ദേശീയദിന ആഘോഷവും നടന്നു. ഹമദ് രാജാവിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന ചടങ്ങിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും സംബന്ധിച്ചു.
സാഖിറഖിലെ കൊട്ടാരത്തിലൊരുക്കിയ വേദിയിലേക്കെത്തിയ ഹമദ് രാജാവിനെ 21 ആചാരവെടികൾ മുഴക്കിയാണ് സ്വീകരിച്ചത്. തുടർന്ന് ദേശീയ ഗാനവും ഖുർആൻ പാരായണവും നടന്നു. രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ, വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, പ്രമുഖ വ്യക്തികൾ, പണ്ഡിതന്മാർ എന്നിവരുടെ സാന്നിധ്യത്തിൽ ഹമദ് രാജാവ് രാജ്യം കൈവരിച്ച നേട്ടങ്ങളിൽ അഭിമാനം പ്രകടിപ്പിച്ചുകൊണ്ട് സംസാരിച്ചു. ബഹ്റൈന്റെ സമാധാനപരമായ സഹവർത്തിത്വത്തിന്റെയും ഐക്യത്തിന്റെയും പാഠങ്ങൾ വരുംതലമുറക്ക് പ്രചോദനമാകണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.രാജ്യത്തിന്റെ ആധുനികവത്കരണത്തിനും സുസ്ഥിര വികസനത്തിനുമായി എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സൈനിക, സിവിൽ, വ്യാപാര, യുവജന മേഖലകളിൽ മികവ് തെളിയിച്ച ബഹ്റൈൻ പൗരന്മാരുടെ സേവനങ്ങളെ അദ്ദേഹം പ്രശംസിച്ചു.ജനങ്ങളുടെ അന്തസ്സും സുരക്ഷയും ഉറപ്പാക്കുന്ന രീതിയിലുള്ള വികസന പ്രവർത്തനങ്ങൾ തുടരുമെന്ന് അദ്ദേഹം ഉറപ്പുനൽകി.വിവിധ മേഖലകളിൽ രാജ്യത്തിന് മികച്ച സംഭാവനകൾ നൽകിയ വ്യക്തികൾക്കുള്ള ദേശീയ ബഹുമതികൾ ചടങ്ങിൽ വെച്ച് രാജാവ് വിതരണം ചെയ്തു. ബഹ്റൈന്റെ ഐശ്വര്യത്തിനും സമാധാനത്തിനും വേണ്ടി പ്രാർഥിച്ചുകൊണ്ടാണ് ചടങ്ങുകൾ സമാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

