പാൻ, തംബാക്ക് എന്നിവ ചവച്ചു തുപ്പുന്നവർക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് ബഹ്റൈൻ മുനിസിപ്പൽ മേധാവികൾ
text_fieldsമനാമ: പൊതുസ്ഥലങ്ങളിലും തെരുവുകളിലും പാൻ, തംബാക്ക് എന്നിവ ചവച്ച് തുപ്പുന്നത് വ്യാപകമായതിനെതിരെ ശക്തമായ നടപടികൾ ആവശ്യപ്പെട്ട് ബഹ്റൈനിലെ മുനിസിപ്പൽ കൗൺസിൽ മേധാവികൾ രംഗത്ത്. ഇത് തെരുവുകളെയും മറ്റ് പൊതുയിടങ്ങളെയും വൃത്തികേടാക്കുന്നതായും പൊതുജനാരോഗ്യത്തിന് ഭീഷണിയാവുകയും ചെയ്യുന്നു എന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. നടപ്പാതകളിലും കെട്ടിടങ്ങളുടെ പ്രവേശന കവാടങ്ങളിലും ഈ കറകൾ നീക്കം ചെയ്യാൻ പ്രയാസമുള്ള രീതിയിൽ അവശേഷിക്കുന്നത് രാജ്യത്തിന്റെ പൊതു പ്രതിച്ഛായക്കും പരിസ്ഥിതി ശുചിത്വത്തിനും ഭീഷണിയാണെന്ന് മുനിസിപ്പൽ നേതാക്കൾ ചൂണ്ടിക്കാട്ടി.
ലൈസൻസില്ലാത്ത ചെറിയ ഭക്ഷണശാലകളിലും മറ്റ് ഔട്ട്ലറ്റുകളിലും പുകയില ചേരുവകൾ അനധികൃതമായി വിൽക്കുന്നതാണ് പ്രശ്നം വർധിക്കാൻ കാരണമെന്ന് മുഹറഖ് മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുൽ അസീസ് അൽ നാർ പറഞ്ഞു. രാത്രി വൈകിയും വാരാന്ത്യങ്ങളിലുമാണ് മിക്കവാറും ആളുകൾ ഇത് ഉപയോഗിക്കുന്നതെന്ന് സതേൺ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുല്ല അബ്ദുല്ലത്തീഫ് പറഞ്ഞു. ഈ സമയങ്ങളിൽ പരിശോധന നടത്താൻ മുനിസിപ്പൽ ഇൻസ്പെക്ടർമാർക്ക് ബുദ്ധിമുട്ടുണ്ട്.
ഇതിനാൽ, കൂടുതൽ സമയം നീണ്ട പരിശോധനകളും ശക്തമായ പിഴകളും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊതുജനാരോഗ്യ അപകടസാധ്യതകളും ശുചിത്വത്തെക്കുറിച്ചും അവബോധം നൽകുന്ന ബഹുഭാഷാ സന്ദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ദേശീയ അവബോധ കാമ്പയിൻ ശക്തമാക്കാൻ തലസ്ഥാന ട്രസ്റ്റീസ് ബോർഡ് ചെയർമാൻ സാലിഹ് തറാദയും ആഹ്വാനം ചെയ്തു.
അനധികൃത കടകളിലെ വിൽപന തടയാൻ ലൈസൻസിങ് പരിശോധനകൾ ശക്തമാക്കുക, പൊതുസ്ഥലങ്ങളിൽ തുപ്പുന്നതിന് ഉയർന്ന പിഴ ഈടാക്കുക, വാരാന്ത്യങ്ങളിലും വൈകുന്നേരങ്ങളിലും പരിശോധനകൾ വർധിപ്പിക്കുക, കൂടുതൽ ലംഘനങ്ങൾ നടക്കുന്ന പ്രദേശങ്ങളിൽ സി.സി.ടി.വി നിരീക്ഷണം ഏർപ്പെടുത്തുക, ആരോഗ്യ-ശുചിത്വ അപകടസാധ്യതകളെക്കുറിച്ച് ഒരു ദേശീയ അവബോധ കാമ്പയിൻ ആരംഭിക്കുക എന്നിവയാണ് വിഷയത്തിൽ പ്രതിവിധിയായി മുനിസിപ്പൽ കൗൺസിൽ മേധാവികൾ മുന്നോട്ടുവെച്ചത്.
ഈ ശീലം വായിലെ അർബുദം, മോണരോഗങ്ങൾ എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെങ്കിലും, മുനിസിപ്പൽ ഉദ്യോഗസ്ഥരുടെ പ്രാഥമിക ശ്രദ്ധ പൊതു ശുചിത്വത്തിലും വർധിച്ചുവരുന്ന പാരിസ്ഥിതിക ആഘാതത്തിലുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

