Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സമുദ്രപാതകളിലെ തടസ്സം: ബദൽ റോഡ് മാർഗങ്ങൾ സജ്ജമാക്കണമെന്ന് ബഹ്റൈൻ എം.പിമാർ

text_fields
bookmark_border
സമുദ്രപാതകളിലെ തടസ്സം: ബദൽ റോഡ് മാർഗങ്ങൾ സജ്ജമാക്കണമെന്ന് ബഹ്റൈൻ എം.പിമാർ
cancel

മനാമ: ലോകത്തെ പ്രധാന സമുദ്രപാതകളിൽ ഉണ്ടായ പ്രതിസന്ധികളെ തുടർന്ന് കപ്പൽ ഗതാഗതം തടസ്സപ്പെട്ടപ്പോഴും ബദൽ റോഡ് മാർഗങ്ങളിലൂടെ ബഹ്റൈനിലേക്ക് ചരക്കുകൾ എത്തിക്കുന്നത് തുടർന്നതായി റിപ്പോർട്ട്. എന്നാൽ ദീർഘദൂര റോഡ് ഗതാഗതത്തിലേക്ക് വഴിതിരിച്ചുവിട്ടത് ചരക്കുകൂലി വർധിക്കാനും സാധനങ്ങൾ എത്തുന്നതിലെ കാലതാമസത്തിനും കാരണമായി. ഇത് വലിയ കമ്പനികളെക്കാൾ ചെറുകിട-ഇടത്തരം സ്ഥാപനങ്ങളെയാണ് കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലാക്കിയത്.

ഈ സാഹചര്യത്തിൽ, ഭാവിയിൽ ഗതാഗത മേഖലയിലുണ്ടാകുന്ന പ്രതിസന്ധികളെ നേരിടാൻ ഇത്തരം ബദൽ മാർഗങ്ങളും അടിയന്തര സംവിധാനങ്ങളും എപ്പോഴും സജ്ജമാക്കി നിർത്തണമെന്ന് ബഹ്റൈനിലെ ജനപ്രതിനിധികൾ സർക്കാറിനോട് ആവശ്യപ്പെട്ടു. ചരക്കുകൾ വാങ്ങുന്നതിനായി കൂടുതൽ രാജ്യങ്ങളെയും വിതരണക്കാരെയും ആശ്രയിക്കുക, അടിയന്തര ആവശ്യത്തിനുള്ള തന്ത്രപ്രധാനമായ സ്റ്റോക്കുകൾ വർധിപ്പിക്കുക, പ്രധാന സമുദ്രപാതകൾ തടസ്സപ്പെട്ടാൽ ഉപയോഗിക്കാനായി റോഡ്, വ്യോമ, നാവിക മാർഗങ്ങൾ സജ്ജമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പാർലമെന്റ് അംഗങ്ങൾ മുന്നോട്ടുവെച്ചത്.

പ്രതിസന്ധ ഘട്ടത്തിൽ രാജ്യത്തേക്ക് അവശ്യസാധനങ്ങളുടെ വരവ് തടസ്സമില്ലാതെ തുടരാൻ പോർട്ടുകൾ, ട്രാൻസ്പോർട്ട് ഏജൻസികൾ, ലോജിസ്റ്റിക്സ് സ്ഥാപനങ്ങൾ, സർക്കാർ സംവിധാനങ്ങൾ എന്നിവ ഏകോപനത്തോടെയാണ് പ്രവർത്തിച്ചതെന്ന് ഫോറിൻ അഫയേഴ്സ്, ഡിഫൻസ് ആാൻഡ് നാഷണൽ സെക്യൂരിറ്റി കമ്മിറ്റി അംഗം ഹസൻ ഇബ്രാഹിം എം.പി പറഞ്ഞു. സമുദ്രപാതകളിലെ പ്രശ്നങ്ങൾ ബഹ്റൈന്റെ ചരക്ക് വിതരണ ശൃംഖലയെ ബാധിച്ചെങ്കിലും, സൗദി അറേബ്യയുമായുള്ള കരമാർഗവും ജി.സി.സി രാജ്യങ്ങളുടെ സഹകരണവും ചരക്കുകൾ തടസ്സമില്ലാതെ എത്തിക്കാൻ സഹായിച്ചതായി അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പുതിയ നിയമങ്ങൾ നിർമ്മിക്കുന്നതിന് പകരം നിലവിലുള്ള നിയമങ്ങളുടെയും നടപടിക്രമങ്ങളുടെയും കാര്യക്ഷമത ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ പരിശോധിച്ച് മാറ്റങ്ങൾ വരുത്തുകയാണ് വേണ്ടതെന്ന് ശൂറ കൗൺസിൽ സാമ്പത്തിക കാര്യ സമിതി അംഗം ഹിഷാം അൽ ഖസാബ് പറഞ്ഞു. ഹുർമുസ് കടലിടുക്കിലും ബാബ് അൽ മന്ദബിലും ഉണ്ടായ സംഭവങ്ങൾ വ്യക്തമാക്കുന്നത് ഒന്നിൽ കൂടുതൽ ബദൽ പാതകൾ എപ്പോഴും തയ്യാറായിരിക്കണമെന്ന ആവശ്യകതയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചരക്കുകളുടെ അടിയന്തര കസ്റ്റംസ് ക്ലിയറൻസ് വേഗത്തിലാക്കുക, ലളിതമായ നടപടിക്രമങ്ങൾ നടപ്പിലാക്കുക, വാടകയിലുണ്ടാകുന്ന വർധനവ് താങ്ങാൻ ചെറുകിട ഇറക്കുമതിക്കാർക്ക് ഹ്രസ്വകാല സാമ്പത്തിക സഹായമോ ഗ്യാരണ്ടിയോ നൽകുക തുടങ്ങിയ കാര്യങ്ങളും അദ്ദേഹം ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bahrain MPs call for alternative road routes
Next Story