‘തൊഴിലാളി ക്ഷേമത്തിൽ ബഹ്‌റൈൻ മാതൃക’
text_fieldsശൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ്
മനാമ: രാജ്യത്തെ തൊളിലാളി സൗഹൃദ നിയമങ്ങളും മികച്ച തൊഴിൽ സാഹചര്യങ്ങളും ആഗോളതലത്തിൽ ബഹ്‌റൈന്റെ ഖ്യാതി വർധിപ്പിക്കുന്നതായി ശൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ് . മെയ് 1ലെ അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഭരണഘടനയും ദേശീയ നിയമങ്ങളും അനുസരിച്ച് തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും മാന്യമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിലും ബഹ്‌റൈൻ കൈവരിച്ച നേട്ടങ്ങൾ ഹമദ് രാജാവിന്റെ ദീർഘവീക്ഷണത്തോടെയുള്ള മാർഗനിർദേശങ്ങളുടെ ഫലമാണെന്ന് അദ്ദേഹം പറഞ്ഞു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിൽ സർക്കാർ നടപ്പിലാക്കുന്ന തന്ത്രപരമായ പദ്ധതികളെയും അദ്ദേഹം പ്രശംസിച്ചു. തൊഴിൽ വിപണിയെ ശക്തിപ്പെടുത്തുന്നതിനും ഡിജിറ്റൽ പരിവർത്തനത്തിലൂടെയും ദേശീയ കേഡറുകളുടെ വികസനത്തിലൂടെയും മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും 'ടീം ബഹ്‌റൈൻ' നടത്തുന്ന പ്രവർത്തനങ്ങൾ ശ്രദ്ധേയമാണെന്ന് അൽ സാലിഹ് ചൂണ്ടിക്കാട്ടി. ഭാവിയിലെ മാറ്റങ്ങൾ കൂടി കണക്കിലെടുത്ത് തൊഴിൽ മേഖലയിലെ നിയമനിർമ്മാണ ചട്ടക്കൂടുകൾ കൂടുതൽ വികസിപ്പിക്കാൻ ശൂറ കൗൺസിൽ തുടർന്നും പിന്തുണ നൽകുമെന്നും രാജ്യത്തിന്റെ പുരോഗതിയിൽ പങ്കാളികളാകുന്ന എല്ലാ തൊഴിലാളികളെയും അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

