മന്ത്രിസഭായോഗം: കാര്‍ഷിക മേഖലയുടെ വളര്‍ച്ചക്ക് ഊന്നല്‍ നല്‍കും
text_fieldsമനാമ: കാര്‍ഷിക മേഖലയുടെ വളര്‍ച്ചക്ക് പ്രത്യേക ഊന്നല്‍ നല്‍കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസിലായിരുന്നു യോഗം. ബഹ്റൈന്‍ ഇന്‍റര്‍നാഷനല്‍ എക്സിബിഷന്‍ സെന്‍ററില്‍ നടന്ന ഗാര്‍ഡന്‍ ഷോ കാര്‍ഷിക മേഖലക്ക് പ്രോത്സാഹനം നല്‍കുന്നതിന് സഹായകമായതായി കാബിനറ്റ് വിലയിരുത്തി.
തദ്ദേശീയ കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിപണനത്തിന് സ്ഥിരം സംവിധാനങ്ങളേര്‍പ്പെടുത്താന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. കാര്‍ഷിക മേഖലയില്‍ കൂടുതല്‍ നിക്ഷേപ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സൗകര്യമൊരുക്കാനും നിര്‍ദേശമുയര്‍ന്നു.
രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ രക്ഷാധികാരത്തില്‍ നടന്ന ഗാര്‍ഡന്‍ ഷോ മുന്‍വര്‍ഷത്തേക്കാള്‍ വിജയകരമായിരുന്നു. പ്രധാനമന്ത്രിയുടെ കുവൈത്ത് സന്ദര്‍ശന വിവരങ്ങള്‍ മന്ത്രിസഭയില്‍ വിശദീകരിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളില്‍ നിലനില്‍ക്കുന്ന സഹകരണവും ബന്ധവും ഊട്ടിയുറപ്പിക്കാന്‍ സന്ദര്‍ശനം സഹായകമായതായി മന്ത്രിസഭ വിലയിരുത്തി. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ ക്ഷണം സ്വീകരിച്ചായിരുന്നു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാനും സഹകരണം വ്യാപിപ്പിക്കാനുമുള്ള ചര്‍ച്ചകളാണ് സന്ദര്‍ശനവേളയില്‍ നടന്നത്. ഉന്നതതല സന്ദര്‍ശനങ്ങള്‍ രാജ്യത്തിന്‍െറ വികസനത്തിനും വളര്‍ച്ചക്കും സഹായകമാകും. വികസന പദ്ധതികള്‍ക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട പുതിയ പദ്ധതിയെക്കുറിച്ച് കാബിനറ്റ് ചര്‍ച്ച ചെയ്തു. ജി.സി.സി ധനകാര്യ-സാമ്പത്തിക സഹകരണ സമിതിയുടെ തീരുമാനത്തിന്‍െറ അടിസ്ഥാനത്തിലായിരുന്നു ചര്‍ച്ച.
ഇക്കാര്യം കോഓഡിനേഷന്‍ കമ്മിറ്റിയുടെ പരിഗണനക്ക് വിടാന്‍ തീരുമാനിച്ചു.
ചില ലൈസന്‍സുകള്‍ക്കും കസ്റ്റംസ് സേവനങ്ങള്‍ക്കും ഫീസ് പുനര്‍നിര്‍ണയിക്കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രിയും ധനകാര്യ-ചെലവ് ചുരുക്കല്‍ മന്ത്രിതല സമിതിയും മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ മന്ത്രിസഭ ചര്‍ച്ച ചെയ്തു.
ജി.സി.സി രാഷ്ട്രങ്ങളിലെ വിവിധ മന്ത്രാലയങ്ങളും ഇസ്ലാമിക കാര്യ-ഒൗഖാഫ് അതോറിറ്റികളുമായുള്ള സഹകരണക്കരാറുകള്‍ കൂടുതല്‍ പഠനത്തിനായി മന്ത്രിതല-നിയമകാര്യ സമിതിക്ക് വിടാന്‍ കാബിനറ്റ് തീരുമാനിച്ചു. ബഹ്റൈനും സൗദിക്കുമിടയില്‍ സ്ഥാപിക്കുന്ന പൈപ്ലൈന്‍ പദ്ധതിക്കായി സ്ഥലം അക്വയര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണ കാര്യ മന്ത്രാലയം മുന്നോട്ട് വെച്ച നിര്‍ദേശം അംഗീകരിച്ചു. തുര്‍ക്കിയും ബഹ്റൈനും തമ്മില്‍ സിവില്‍ സര്‍വീസ് മേഖലയില്‍ സഹകരിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവെക്കും.
ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പഠനം നടത്തി ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ധനമന്ത്രിയെ ചുമതലപ്പെടുത്തി. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന മന്ത്രിസഭ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
