ബഹ്‌റൈൻ മെട്രോ പദ്ധതിക്ക് പച്ചക്കൊടി; 109 കിലോമീറ്റർ നീളം, ആദ്യഘട്ടത്തിൽ 29 കിലോമീറ്റർ, 20 സ്റ്റേഷനുകൾ
text_fieldsമനാമ: വർധിച്ചുവരുന്ന രാജ്യത്തിന്റെ ഗതാഗത ആവശ്യങ്ങൾക്ക് പരിഹാരമാകുമെന്ന് കരുതപ്പെടുന്ന Bahrain Metro project പച്ചക്കൊടി. രാജ്യത്തെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന 109 കിലോമീറ്റർ നീളമുള്ള മെട്രോപദ്ധതിയുടെ ടെണ്ടർ നടപടികൾ ഉടൻ തുടങ്ങുമെന്ന് ഗതാഗത വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു.മുഹറഖ്, കിംഗ് ഫൈസൽ ഹൈവേ, ജുഫെയർ, ഡിപ്ലോമാറ്റിക് ഏരിയ, സീഫ് ഡിസ്ട്രിക്റ്റ്, സൽമാനിയ, അധാരി, ഇസ ടൗൺ എന്നിങ്ങനെ ബഹ്‌റൈനിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നതാണ് ആദ്യ ഘട്ടം.
29 കിലോമീറ്ററും 20 സ്റ്റേഷനുകളുമാണ് ആദ്യ ഘട്ടത്തിലുണ്ടാകുക. പബ്ലിക് - ശെപ്രവറ്റ് പാർട്ട്ണർഷിപ്പായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സ്വകാര്യ മേഖലയ്ക്കാകും നിർമ്മാണച്ചുമതല. മെട്രോ രൂപകൽപന, നിർമ്മിക്കുക, നിക്ഷേപം നടത്തുക, പദ്ധതി കൈകാര്യം ചെയ്യുക, പരിപാലിക്കുക എന്നിവയടക്കമുള്ള കാര്യങ്ങൾ 35 വർഷത്തേക്ക് സ്വകാര്യ മേഖലയ്ക്ക് കൈമാറും.
രാജ്യത്ത് നടപ്പാക്കാൻ പോകുന്ന ഏറ്റവും പ്രധാനപ്പെട്ട വികസന പദ്ധതികളിലൊന്നാണ് ബഹ്‌റൈൻ മെട്രോ പദ്ധതിയെന്ന് മുനീർ ഇബ്രാഹിം സൊറൂർ എം.പി സമർപ്പിച്ച ചോദ്യത്തിനുള്ള മറുപടിയിൽ ഗതാഗത വാർത്താവിനിമയ മന്ത്രി മുഹമ്മദ് അൽ കാബി പറഞ്ഞു. വാഹനങ്ങളുടെ ആധിക്യം മൂലം ഇപ്പോൾ പലയിടങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. തിരക്ക് ഒരുപരിധി വരെ മെട്രോ നടപ്പാക്കപ്പെടുന്നതോടെ കുറയുമെന്നാണ് കണക്കാക്കുന്നത്. മാത്രമല്ല പെട്രോളിയം ഇന്ധനങ്ങളുടെ ഉപയോഗവും കുറയ്ക്കാൻ സാധിക്കും. 2060 ഓടെ സീറോ കാർബൺ എമിഷൻ എന്ന അന്താരാഷ്ട്ര ലക്ഷ്യം കൈവരിക്കാനുള്ള പരിശ്രമത്തിൽ ബഹ്റൈനും കൈകോർക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇലക്ട്രിക് ട്രെയിനുകൾ ഈ ലക്ഷ്യം കൈവരിക്കാൻ സഹായകമാണ്. പരിസ്ഥിതി സംരക്ഷണത്തിനും മെട്രോ പദ്ധതി സഹായകരമാകുമെന്നാണ് വിലയിരുത്തൽ.
ബന്ധപ്പെട്ട അധികാരികളിൽ നിന്ന് അന്തിമ അനുമതികൾ ലഭിച്ചാലുടൻ പദ്ധതിയുടെ പ്രധാന ഡെവലപ്പറെ നിയമിക്കുന്നതിനായി ടെൻഡർ പുറപ്പെടുവിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. മെട്രോ ട്രാക്ക് നിർണ്ണയിക്കുന്നതിനുള്ള പ്രവൃത്തികൾ ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. ഇനി സ്ഥലമേറ്റെടുക്കൽ നടപടികളുമായി മുന്നോട്ടുപോകേണ്ടതുണ്ട്. നിർദ്ദിഷ്ട മെട്രോട്രാക്കിൽ വരുന്ന 24 േപ്ലാട്ടുകളുടെ ഭാഗങ്ങൾ വില കൊടുത്തുവാങ്ങാനാണ് പദ്ധതിയിടുന്നത്. മെട്രോയ്ക്കുവേണ്ടി വലിയ തോതിലുള്ള സ്ഥലമേറ്റെടുപ്പ് വേണ്ടിവരില്ലെന്ന് ഗതാഗത വാർത്താവിനിമയ മന്ത്രി മുഹമ്മദ് അൽ കാബി പറഞ്ഞു.
ടെൻഡറിൽ പങ്കെടുക്കുന്ന ഗ്രൂപ്പുകൾ സമർപ്പിക്കുന്ന തുകയനുസരിച്ചാണ് പദ്ധതിയുടെ ചെലവ് നിർണ്ണയിക്കുക. അന്തിമ ഡിസൈൻ ജോലികൾ, കരാർ കാലയളവിലെ പ്രോജക്റ്റ് പ്രവർത്തനം തുടങ്ങിയവ അവരാണ് നിർവഹിക്കേണ്ടത്. നിക്ഷേപകർ, കൺസൾട്ടന്റുകൾ, കരാറുകാർ, വിതരണക്കാർ, ട്രെയിൻ ഓപ്പറേറ്റർമാർ എന്നിവരുൾപ്പെടെയുള്ള ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട സംരംഭങ്ങളുമായി പങ്കാളിത്തപദ്ധതികൾ നിലവിൽ രൂപവത്കരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച വിശദാംശങ്ങൾ ടെൻഡർ ആൻഡ് ഓക്ഷൻ ബോർഡിന്റെ വെബ്‌സൈറ്റിൽ പ്രഖ്യാപിച്ചു.
ആദ്യ ഘട്ടത്തിൽ ബഹ്‌റൈൻ മെട്രോ പദ്ധതിയെ രാംലി ഏരിയയിലെ കിംഗ് ഹമദ് ഇന്റർനാഷണൽ പാസഞ്ചർ സ്റ്റേഷനുമായി ബന്ധിപ്പിക്കുമെന്നും ഗതാഗത വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു. ബഹ്റൈനെയും സൗദിയെയും ബന്ധിപ്പിക്കുന്ന കിംഗ് ഹമദ് കോസ് വേയുടെ നിർമ്മാണവുമായി ബന്ധപ്പെടുത്തിയായിരിക്കും ഈ പദ്ധതി പൂർത്തീകരിക്കുക.
ജി.സി.സി. റെയിൽ നെറ്റ്‍വർക്കിന്റെ ഭാഗമായി വാഹനങ്ങൾക്കായി നാല് ട്രാക്കും റെയിൽവേക്കായി രണ്ട് ട്രാക്കും അടങ്ങുന്ന നിർമാണമാണ് നടത്താൻ പോകുന്നത്. 2018 ൽ രാജ്യം മെട്രോ പദ്ധതി പ്രഖ്യാപിച്ചിരുന്നു.പൂർണ്ണമായും ഓട്ടോമാറ്റിക്കായ മെട്രോ ഡ്രൈവറില്ലാതെ സർവിസ് നടത്തുന്നതാണ്. നാലുഘട്ടമായി നിർമാണം പൂർത്തിയാക്കാനാണ് അന്ന് തീരുമാനിച്ചിരുന്നത്. രണ്ട് ബില്യൺ യു.എസ് ഡോളറാണ് നിർമ്മാണച്ചെലവ് കണക്കുകൂട്ടിയിരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.