ബഹ്റൈൻ മെട്രോ അല്ലെങ്കിൽ മോണോ റെയിൽപദ്ധതിയുടെ ആദ്യഘട്ട ടെൻഡർ ഉടൻ- ഗതാഗത മന്ത്രി
text_fieldsബഹ്റൈന്റെ ഗതാഗത മന്ത്രി ഡോ. ശൈഖ് അബ്ദുല്ല ബിൻ
അഹ്മദ് ആൽ ഖലീഫ
മനാമ: രാജ്യം ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ബഹ്റൈൻ മെട്രോ പദ്ധതിയുടെ ആദ്യഘട്ട ടെൻഡർ ഉടൻ ഉണ്ടാകുമെന്നും തയാറെടുപ്പുകൾ അവസാന ഘട്ടത്തിലാണെന്നും ബഹ്റൈന്റെ ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രിയായ ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹ്മദ് ആൽ ഖലീഫ. രാജ്യത്തെ പ്രധാന ഗതാഗത പദ്ധതികളെക്കുറിച്ച് നിർണായക പ്രഖ്യാപനങ്ങൾ നടത്തുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാൽ മെട്രോ സിസ്റ്റമാണോ അതോ മോണോ റെയിൽ ആണോ ഏറ്റവും അനുയോജ്യമായ ഗതാഗത രീതി എന്നതിനെക്കുറിച്ച് നിലവിൽ മന്ത്രാലയം വിലയിരുത്തുകയാണ്. വിശദമായ സാധ്യത പഠനങ്ങൾക്ക് ശേഷമാണ് ഒന്നാം ഘട്ടത്തിന്റെ ടെൻഡർ നടപടികൾക്ക് മന്ത്രാലയം തയാറെടുക്കുക. പദ്ധതിയുടെ പ്രവർത്തനങ്ങൾ വേഗത്തിലാക്കുകയാണെന്നും മേഖലയിലെ സുപ്രധാനമായ ജി.സി.സി റെയിൽ ലിങ്കുകളുമായുള്ള സംയോജനത്തിന് രാജ്യം മുൻഗണന നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ ചേംബർ ഓഫ് കോമേഴ്സ് ബഹ്റൈൻ സംഘടിപ്പിച്ച പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യഘട്ടം 29 കിലോമീറ്റർ ദൂരം കവർ ചെയ്യും. പ്രധാനപ്പെട്ട രണ്ട് ലൈനുകളിലായി 20 സ്റ്റേഷനുകളും ഇതിൽ ഉൾപ്പെടും. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തെ സീഫുമായി ബന്ധിപ്പിക്കുന്നതാണ് ആദ്യ പാത. ജുഫൈർ വഴി ഡിപ്ലോമാറ്റിക് ഏരിയ, സൽമാനിയ എന്നിവിടങ്ങളിലൂടെ കടന്ന് ഈസ ടൗൺ എജുക്കേഷനൽ ഏരിയയിൽ അവസാനിക്കുന്നതാണ് രണ്ടാം ലൈൻ. ഗതാഗത രീതിയിൽ അന്തിമ തീരുമാനമെടുത്ത ശേഷം, മന്ത്രാലയം അന്താരാഷ്ട്ര കൺസോർട്ട്യങ്ങളുമായി വീണ്ടും ചർച്ച ചെയ്യുകയും അന്തിമ ടെൻഡർ നൽകുന്നതിന് മുമ്പ് കൂടുതൽ താൽപര്യപത്രങ്ങൾ ക്ഷണിക്കുകയും ചെയ്യും.
കൂടാതെ ബഹ്റൈൻ ആതിഥേയത്വം വഹിക്കുന്ന 46ാമത് ജി.സി.സി ഉച്ചകോടിയിലെ പ്രധാന ചർച്ചകളിലൊന്ന് പ്രാദേശിക റെയിൽ പദ്ധതി സംബന്ധിച്ച ഗൾഫ് കരാർ ആയിരിക്കുമെന്ന് ശൈഖ് അബ്ദുല്ല സ്ഥിരീകരിച്ചു.
പൂർണമായ ജി.സി.സി റെയിൽ ശൃംഖലയുടെ നിർമാണം 2030 ഡിസംബറോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത് എന്നീ രാജ്യങ്ങൾ അവരുടെ ദേശീയ സെഗ്മെന്റുകളുടെ നിർമാണം ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഇതിനുപുറമെ പ്രാദേശിക കണക്റ്റിവിറ്റിക്ക് ഊന്നൽ നൽകിക്കൊണ്ട്, ബഹ്റൈൻ-ഖത്തർ കോസ്വേ പദ്ധതി പുനരുജ്ജീവിപ്പിച്ചതായും മന്ത്രി സ്ഥിരീകരിച്ചു. ബഹ്റൈൻ-ഖത്തർ കോസ്വേ അതോറിറ്റിയുടെ ബോർഡ് പുനഃസംഘടിപ്പിക്കുകയും ഉടൻ യോഗം ചേരാൻ ഷെഡ്യൂൾ ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഈ ദീർഘകാല പദ്ധതിയിൽ, കോസ്വേയുടെ ഘടനയുടെ ഭാഗമായി റെയിൽ ഘടകവും ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നു. ഇത് മേഖലയുടെ ലോജിസ്റ്റിക് ശൃംഖലയിലെ ഒരു നിർണായക കണ്ണിയായി മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

