ബഹ്റൈൻ മെട്രോ യാഥാർഥ്യത്തിലേക്ക്; ഒന്നാം ഘട്ടത്തിൽ രണ്ട് പാതകളും 20 സ്റ്റേഷനുകളും
text_fieldsമനാമ: ബഹ്റൈനിലെ പൊതുഗതാഗത സംവിധാനത്തിൽ വിപ്ലവകരമായ മാറ്റം കുറിക്കുന്ന മെട്രോ റെയിൽ പദ്ധതിയുടെ ഒന്നാം ഘട്ട വിശദാംശങ്ങൾ ഗതാഗത വാർത്താവിനിമയ മന്ത്രി ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹ്മദ് അൽ ഖലീഫ പാർലമെന്റിൽ അവതരിപ്പിച്ചു. രാജ്യത്തെ ജനസാന്ദ്രതയേറിയ മേഖലകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിനുമായി രണ്ട് പ്രധാന പാതകളാണ് ആദ്യഘട്ടത്തിൽ വിഭാവനം ചെയ്തിരിക്കുന്നത്.
ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം മുതൽ സീഫ് ഡിസ്ട്രിക്റ്റ് വരെയും, ജുഫൈർ മുതൽ ഈസ ടൗണിലെ എജുക്കേഷനൽ ഏരിയ വരെയുമാണ് മെട്രോ സർവിസ് നടത്തുക. നിലവിൽ രാജ്യത്തെ ബസ് സർവിസുകൾക്കുണ്ടാകുന്ന വലിയ ഡിമാൻഡ് മെട്രോ പദ്ധതിയുടെ അനിവാര്യത വ്യക്തമാക്കുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. സാധാരണ ദിവസങ്ങളിൽ ശരാശരി 33,000 ബസ് യാത്രകളാണ് രാജ്യത്ത് നടക്കുന്നത്. സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് കുറക്കാനും സുഗമമായ യാത്ര ഉറപ്പാക്കാനും മെട്രോ വരുന്നതോടെ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആദ്യ ഘട്ടത്തിൽ ആകെ 20 സ്റ്റേഷനുകളാണ് ഉണ്ടാവുക. യാത്രക്കാർക്ക് പാതകൾ മാറി കയറുന്നതിനായി ബഹ്റൈൻ ഫിനാൻഷ്യൽ ഹാർബറിലും മനാമ സെൻട്രൽ മാർക്കറ്റിലും അത്യാധുനിക രീതിയിലുള്ള രണ്ട് ഇന്റർചേഞ്ച് സ്റ്റേഷനുകൾ സ്ഥാപിക്കും.
മെട്രോ സ്റ്റേഷനുകളിലേക്ക് യാത്രക്കാർക്ക് എളുപ്പത്തിൽ എത്തുന്നതിനായി ഫീഡർ സർവിസുകൾ ശക്തിപ്പെടുത്തുന്നതിലാണ് ഇപ്പോൾ മന്ത്രാലയം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഹൗസിങ് മന്ത്രാലയവുമായി ചേർന്ന് ജനവാസ കേന്ദ്രങ്ങൾക്കും വ്യാപാര കേന്ദ്രങ്ങൾക്കും പരമാവധി പ്രയോജനം ലഭിക്കുന്ന രീതിയിലാണ് സ്റ്റേഷനുകളുടെ സ്ഥാനം നിശ്ചയിച്ചിരിക്കുന്നത്.
പദ്ധതിയുടെ രണ്ടാം ഘട്ടം വൈകാതെ ആരംഭിക്കണമെന്നും രാജ്യത്തെ എല്ലാ ഗവർണറേറ്റുകളെയും മെട്രോ ശൃംഖലയുമായി ബന്ധിപ്പിക്കണമെന്നും എം.പി ലുൽവ അൽ റുഹൈമി ആവശ്യപ്പെട്ടു. നിലവിൽ ഭൂമി ഏറ്റെടുക്കൽ, മെട്രോ പാതക്ക് തടസ്സമാകുന്ന മറ്റ് സേവനങ്ങൾ മാറ്റുക തുടങ്ങിയ സാങ്കേതിക നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

