വിദേശികളെ വിവാഹം ചെയ്യുന്ന സ്ത്രീയുടെ പൗരത്വം കുട്ടികൾക്കും: നിയമനിർദേശത്തോട് പലർക്കും എതിർപ്പ്
text_fieldsമനാമ: സ്ത്രീക്കും പുരുഷനും ഒരുപോലെ തങ്ങളുടെ കുട്ടികൾക്ക് പൗരത്വം കൈമാറാനുള്ള അവകാശം ലഭ്യമാക്കുന്ന നിയമഭേദഗതിയോട് പലർക്കും എതിർപ്പ്. ഇത് അനുവദിച്ചാൽ കൂടുതൽ ബഹ്റൈനി വനിതകൾ വിദേശികളെ വിവാഹം ചെയ്യുന്ന അവസ്ഥയുണ്ടാകുമെന്നാണ് എതിർക്കുന്നവർ പറയുന്നത്.നിലവിൽ വിദേശികളെ വിവാഹം ചെയ്ത ബഹ്റൈനി വനിതകളുെട കുട്ടികൾക്ക് ബഹ്റൈൻ പൗരത്വം ലഭിക്കില്ല. എന്നാൽ, ബഹ്റൈനി പുരുഷന് ഇൗ പരിമിതിയില്ല. അവരുടെ ഭാര്യ വിദേശിയാണെങ്കിലും കുട്ടികൾക്ക് പൗരത്വം ലഭിക്കും. ഇൗ പ്രതിസന്ധി മറികടന്ന് വനിതകൾക്ക് തുല്യ അവകാശം അനുവദിച്ച് അവരുടെ കുട്ടികൾക്ക് പൗരത്വം ലഭിക്കാനുള്ള അവകാശം നൽകുന്ന നിയമഭേദഗതി നിർദേശം പാർലമെൻറ് പുനപരിശോധിക്കും. നിലവിലുള്ള നിയമം ലിംഗനീതി പുലർത്തുന്നില്ല എന്ന വിമർശനം നിലനിൽക്കുന്നുണ്ട്. മാതാവ് ബഹ്റൈനിയും പിതാവ് വിദേശിയുമായ ദമ്പതികളുടെ കുട്ടികൾക്ക് വിദ്യാഭ്യാസ ഗ്രാൻറ്, സ്കോളർഷിപ്പ്, ഭവന സേവനങ്ങൾ തുടങ്ങിയവയൊന്നും ലഭ്യമല്ല. ഇവരെ വിദേശികളായാണ് കണക്കാക്കുന്നത്.
പുതിയ നിയമഭേദഗതി ബഹ്റൈനി വനിതകളെ വിദേശികളെ വിവാഹം ചെയ്യാൻ പ്രേരിപ്പിക്കുമെന്ന് പാർലമെൻറിെൻറ വിദേശകാര്യ, പ്രതിരോധ, സുരക്ഷാസമിതി അഭിപ്രായപ്പെട്ടതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഇത് രാജ്യത്തിെൻറ ജനസംഖ്യാനുപാതത്തെ തന്നെ ബാധിക്കുന്നതാണെന്ന് കമ്മിറ്റി വൈസ് ചെയർമാൻ ജമാൽ ബുഹസൻ അഭിപ്രായപ്പെട്ടു. നിയമഭേദഗതിയോട് എതിർപ്പ് പ്രകടിപ്പിക്കുന്നവർ ബഹ്റൈനി വനിതകളുടെ സംരക്ഷണമാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
1963ലെ പൗരത്വ നിയമത്തിൽ ഭേദഗതി വേണമെന്ന ആവശ്യമാണ് സുപ്രീം കൗൺസിൽ ഫോർ വിമൻ മുന്നോട്ട് വെച്ചത്. വിദേശകാര്യ, പ്രതിരോധ, സുരക്ഷാസമിതി ഇൗ നിർദേശം വിലയിരുത്തിയ ശേഷം എം.പിമാരുടെ വോെട്ടടുപ്പിന് മുമ്പായി തങ്ങളുടെ അഭിപ്രായം ഇക്കാര്യത്തിൽ രേഖപ്പെടുത്തും. പുതിയ നിർദേശം പ്രാബല്യത്തിൽ വന്നാൽ കൂടുതൽ ബഹ്റൈനി വനിതകൾ വിദേശികളെ വിവാഹം ചെയ്യുമെന്ന ആശങ്ക വനിത എം.പിയും പാർലെമൻറിെൻറ വുമൺ ആൻറ് ചൈൽഡ് കമ്മിറ്റ് അധ്യക്ഷയുമായ റൂഅ അൽ ഹൈകിയും പ്രകടിപ്പിച്ചതായാണ് റിപ്പോർട്ട്. വിദേശികളെ വിവാഹം ചെയ്യുന്നത് മോശം കാര്യമല്ലെങ്കിലും കുട്ടികളുടെ പൗരത്വം സംബന്ധിച്ച ആശങ്കയില്ലെങ്കിൽ അതിെൻറ തോത് കൂടാൻ സാധ്യതയുണ്ട്. സ്ത്രീകൾക്ക് തങ്ങളുടെ പങ്കാളി ആരാകണമെന്ന് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം വേണം. പക്ഷേ, പുതിയ നടപടി സമൂഹത്തിൽ മാറ്റങ്ങളുണ്ടാക്കാൻ സാധ്യതയുണ്ടെന്നും അവർ പറഞ്ഞു.
നിലവിലുള്ള നിയമം അനുസരിച്ച് ചില പ്രത്യേക സാഹചര്യങ്ങളിൽ വനിതകളുടെ പൗരത്വം കുട്ടികൾക്ക് ലഭിക്കും. പിതാവ് ആരാണെന്ന് വ്യക്തമാകാത്ത സാഹചര്യത്തിലാണ് ഇത് അനുവദിക്കുക. പഴയ നിയമം മാറ്റാനായി മുമ്പും ശ്രമങ്ങൾ നടത്തിട്ടുണ്ട്. പാർലമെൻറ് മുൻ അധ്യക്ഷൻ ഡോ.ഖലീഫ അൽ ദഹ്റൈനിയുടെ നേതൃത്വത്തിൽ 2007ൽ നിയമഭേദഗതിക്ക് ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടില്ല.
നിയമഭേദഗതിയെ എതിർക്കുന്ന എം.പിമാർക്കെതിരെ സുപ്രീം കൗൺസിൽ ഫോർ വിമൻ സെക്രട്ടറി ജനറൽ ഹാല അൽ അൻസാരി കഴിഞ ഏപ്രിലിൽ വിമർശനം ഉയർത്തിയിരുന്നു. വിമർശകരുടെ നിലപാട് ബഹ്റൈൻ നിയമവ്യവസ്ഥയുടെ പരിണാമത്തെ തടയുന്നതാണ് എന്നാണ് അവർ പറഞ്ഞത്.
സ്ത്രീകൾക്ക് അവർ ഇഷ്ടപ്പെടുന്നവരെ വിവാഹം ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടാകണമെന്ന് എം.പി. ശൈഖ് മജീദ് അൽ മജീദ് പറഞ്ഞു. നിലവിലുള്ള ആശങ്കകൾ നിയമഭേദഗതിയെ എതിർക്കാനുള്ള മതിയായ കാരണമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സെപ്റ്റംബറിൽ പുതിയ നിയമഭേദഗതിയിൽ പാർലമെൻറ് വോട്ട് രേഖപ്പെടുത്തുമെന്നാണ് കരുതുന്നത്.
സ്ത്രീകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട നിരവധി നിയമഭേദഗതികൾ രാജ്യത്ത് നടന്നിട്ടുണ്ട്. ബഹ്റൈനിലെ ആദ്യ ഏകീകൃത കുടുംബ നിയമത്തിന് പാർലമെൻറ് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് അംഗീകാരം നൽകിയത്. െഎകകണ്ഠേനയാണ് ഇൗ നിയമം പാസാക്കിയത്.വിവാഹമോചനം, കുട്ടികളുടെ രക്ഷാകർതൃത്വം, ഗാർഹിക പീഡനം, സ്വത്തവകാശ കേസ് എന്നിവയിൽ സുന്നി, ശിയ വിഭാഗങ്ങളിൽ പെടുന്ന സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നതാണ് ഇതിെൻറ ലക്ഷ്യം. പുതിയ നിയമം 16 വയസിന് താഴെ പ്രായമുള്ള കുട്ടികളുടെ വിവാഹം വിലക്കുന്നുമുണ്ട്. പ്രത്യേക സാഹചര്യങ്ങളിൽ ജഡ്ജിയുടെ അംഗീകാരത്തോടെ മാത്രം ഇൗ പ്രായത്തിന് താഴെയുള്ളവർക്ക് വിവാഹം നടത്താം. നിലവിൽ ശൈശവ വിവാഹത്തിന് രാജ്യത്ത് വിലക്കില്ല. നിയമം പുനപരിശോധനക്കായി ശൂറ കൗൺസിലിന് കൈമാറിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.