ബഹ്റൈൻ വിപണിക്ക് താങ്ങായി സ്ഥാപന നിക്ഷേപങ്ങൾ; 2026 ലെ ആദ്യപകുതിയിലെ കണക്കുകൾ പ്രകാരം വ്യക്തിഗത നിക്ഷേപങ്ങളിൽ ഇടിവ്
text_fieldsമനാമ: 2026ന്റെ ആദ്യ പാദത്തിൽ ബഹ്റൈനിലെ നിക്ഷേപ ഫണ്ടുകളുടെ ആകെ മൂല്യത്തിൽ ചെറിയ ഇടിവുണ്ടായെങ്കിലും സ്ഥാപനങ്ങളുടെ നിക്ഷേപങ്ങൾ വിപണിക്ക് താങ്ങായതായി സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈന്റെ (സി.ബി.ബി) കണക്കുകൾ വ്യക്തമാക്കുന്നു. വ്യക്തിഗത നിക്ഷേപങ്ങളിൽ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഏകദേശം 50 കോടി ഡോളറിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മാർച്ച് അവസാനം വരെയുള്ള കണക്കുകൾ പ്രകാരം ഫണ്ടുകളിലെ ആകെ നിക്ഷേപം 1,093 കോടി (10.93 ബില്യൺ) ഡോളറാണ്. 2025ലെ അവസാന പാദത്തെ അപേക്ഷിച്ച് 1.2 ശതമാനത്തിന്റെയും മുൻവർഷത്തെ അപേക്ഷിച്ച് 3 ശതമാനത്തിന്റെയും ഇടിവാണ് ആകെ നിക്ഷേപങ്ങളിൽ ഉണ്ടായിരിക്കുന്നത്. ഈ വർഷത്തെ ആദ്യ പാദത്തിൽ മാത്രം വിപണിക്ക് 13.1 കോടി ഡോളർ നഷ്ടപ്പെട്ടു.
മാർച്ച് അവസാനം വരെ സ്ഥാപനങ്ങൾ ഫണ്ടുകളിൽ 776 കോടി ഡോളറാണ് നിക്ഷേപിച്ചിരിക്കുന്നത്; ഇത് ആകെ നിക്ഷേപത്തിന്റെ 71 ശതമാനം വരും. മുൻവർഷത്തെ അപേക്ഷിച്ച് സ്ഥാപന നിക്ഷേപങ്ങളിൽ 2.1 ശതമാനത്തിന്റെ (159 മില്യൺ ഡോളർ) വർദ്ധനവുണ്ടായിട്ടുണ്ട്. എന്നാൽ അവസാന പാദത്തിൽ ഇതിൽ 5.7 കോടി ഡോളറിന്റെ ചെറിയൊരു കുറവുണ്ടായിരുന്നു. മറുവശത്ത്, വ്യക്തികളുടെ നിക്ഷേപങ്ങൾ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 13.6 ശതമാനത്തോളം ഇടിഞ്ഞ് ഏകദേശം 49.9 കോടി ഡോളറോളം കുറഞ്ഞു. അവസാന പാദത്തിൽ മാത്രം വ്യക്തിഗത നിക്ഷേപങ്ങൾ 2.3 ശതമാനം കുറഞ്ഞ് 317 കോടി ഡോളറായി ചുരുങ്ങി. ഫണ്ട് മാനേജ്‌മെന്റിന്റെ കാര്യത്തിൽ, സ്പെഷ്യലൈസ്ഡ് ഫിനാൻഷ്യൽ സ്ഥാപനങ്ങളാണ് ആകെ നിക്ഷേപത്തിന്റെ 77.2 ശതമാനവും അതായത് 844 കോടി ഡോളർ കൈകാര്യം ചെയ്തത്.
മൊത്തവ്യാപാര ബാങ്കുകൾ 157 കോടി ഡോളറും ചില്ലറ വ്യാപാര ബാങ്കുകൾ 92.08 കോടി ഡോളറും കൈകാര്യം ചെയ്തു. മൊത്തവ്യാപാര ബാങ്കുകൾ കൈകാര്യം ചെയ്യുന്ന നിക്ഷേപങ്ങളിൽ നാല് ശതമാനത്തിന്റെ കുറവുണ്ടായപ്പോൾ, ചില്ലറ വ്യാപാര ബാങ്കുകളുടെ കീഴിലുള്ള സ്ഥാപന നിക്ഷേപങ്ങളിൽ 3.4 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തി 33.8 കോടി ഡോളറായി ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

