ടൂറിസം മേഖലകളിൽ ലൈഫ് ഗാർഡുകളുടെ സാന്നിധ്യം നിർബന്ധമാക്കി ബഹ്റൈൻ
text_fieldsമനാമ: ബഹ്റൈനിലെ ടൂറിസം മേഖലകളിൽ ലൈഫ് ഗാർഡുകളുടെ സാന്നിധ്യം നിർബന്ധമാക്കി ബഹ്റൈൻ. താമസസൗകര്യങ്ങളിൽ, പ്രത്യേകിച്ച് നീന്തൽക്കുളങ്ങളും ബീച്ചുകളും ഉള്ള ഹോട്ടലുകളിലും റിസോർട്ട് ഏരിയകളിലും എല്ലാ സമയവും സർട്ടിഫൈഡ് ലൈഫ് ഗാർഡുകളെ നിയമിക്കണമെന്നാണ് നിർദേശം. ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റിയാണ് പുതുക്കിയ സുരക്ഷാചട്ടങ്ങൾ പുറത്തിറക്കിയത്. ജൂലൈ ആദ്യം പുറത്തിറക്കിയ സർക്കുലർ പ്രകാരം, അടുത്ത മൂന്ന് മാസത്തിനുള്ളിൽ രാജ്യത്തെ എല്ലാ ലൈഫ് ഗാർഡുകളും റോയൽ ലൈഫ് സേവിങ് ബഹ്റൈൻ സാക്ഷ്യപ്പെടുത്തിയവരായിരിക്കണം.
ബീച്ചുകളെ ഹോട്ടൽ ആൻഡ് റിസോർട്ട് ബീച്ചുകൾ, സെമി-പബ്ലിക് ബീച്ചുകൾ, പബ്ലിക് ബീച്ചുകൾ എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. 200 മീറ്ററിൽ കൂടുതൽ നീളമുള്ള എല്ലാ ബീച്ചുകളിലും വ്യക്തമായ കാഴ്ചയുള്ള ലൈഫ് ഗാർഡ് ടവറുകളും അടിയന്തര ഉപകരണങ്ങളും ഉണ്ടായിരിക്കണം. ബീച്ചിന്റെ നീളമനുസരിച്ച് ലൈഫ് ഗാർഡുകളുടെ എണ്ണം ഉറപ്പാക്കണം. ഉദാഹരണത്തിന്, 100 മീറ്ററിൽ താഴെയുള്ള ബീച്ചുകളിൽ കുറഞ്ഞത് രണ്ട് ലൈഫ് ഗാർഡുകളും 500 മീറ്ററിൽ കൂടുതൽ നീളമുള്ളവയിൽ ഏഴ് ലൈഫ് ഗാർഡുകളും നിർബന്ധമാണ്.
പൂളുകളെ വാട്ടർ പാർക്കുകൾ, ഹോട്ടൽ പൂളുകൾ, പൊതു കുളങ്ങൾ, സ്വകാര്യ വാടക പൂളുകൾ, സ്കൂൾ പൂളുകൾ, റെസിഡൻഷ്യൽ പൂളുകൾ, സ്വകാര്യ ഹോം പൂളുകൾ എന്നിങ്ങനെ ആറായി തിരിച്ചിരിക്കുന്നു. പൂളിന്റെ വലുപ്പമനുസരിച്ചാണ് ലൈഫ് ഗാർഡുകളുടെ എണ്ണം നിശ്ചയിക്കുന്നത്. 170 മുതൽ 312 ചതുരശ്ര മീറ്റർ വരെ വിസ്തീർണ്ണമുള്ള പൂളുകളിൽ കുറഞ്ഞത് രണ്ട് ലൈഫ് ഗാർഡുകളും 416 ചതുരശ്ര മീറ്ററിൽ മൂന്നുപേരും 1,000 ചതുരശ്ര മീറ്ററിൽ കൂടുതലുള്ളവയിൽ കുറഞ്ഞത് ആറുപേരും ഡ്യൂട്ടിയിൽ ഉണ്ടായിരിക്കണം. ആവശ്യമായ സർട്ടിഫിക്കേഷൻ നേടുന്നതിനും കൂടുതൽ വിവരങ്ങൾക്കും 17238888 എന്ന നമ്പറിലോ info@rlsbahrain.org എന്ന ഇ-മെയിൽ വഴിയോ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

