ബഹ്റൈൻ ലേബർ സപ്ലൈ ഏജൻസി ലൈസൻസ് നടപടികൾ ലഘൂകരിച്ച് എൽ.എം.ആർ.എ; സമയപരിധി 15 ദിവസമായി കുറച്ചു
text_fieldsമനാമ: സർക്കാറിന്റെ പൊതുസേവന പരിഷ്കരണങ്ങളുടെ ഭാഗമായി ലേബർ സപ്ലൈ ഏജൻസി ലൈസൻസുകൾ നൽകുന്നതിനുള്ള ഡിജിറ്റൽ സംവിധാനം നവീകരിച്ച് എൽ.എം.ആർ.എ. ബിസിനസ്സ് നടപടികൾ കൂടുതൽ ലഘൂകരിക്കുന്നതിനും അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുന്നതിനുമായാണ് പുതിയ പരിഷ്കാരം. ഒരു ഏജൻസിയുടെ നേരിട്ടുള്ള മേൽനോട്ടമില്ലാതെ തന്നെ നിശ്ചിത കാലയളവിലേക്കോ പ്രത്യേക ജോലികൾക്കോ വേണ്ടി മൂന്നാം കക്ഷികൾക്ക് തൊഴിലാളികളെ വിതരണം ചെയ്യാൻ അനുമതി നൽകുന്നതാണ് ഈ ലൈസൻസ്. പ്രാഥമിക അനുമതി, അന്തിമ ലൈസൻസ് വിതരണം എന്നിങ്ങനെ രണ്ട് ഘട്ടങ്ങളായാണ് പുതിയ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.
പുതിയ മാറ്റത്തോടെ ലൈസൻസ് ലഭിക്കുന്നതിനുള്ള സമയപരിധി 20 പ്രവൃത്തിദിവസങ്ങളിൽ നിന്ന് 15 ദിവസമായി അതോറിറ്റി കുറച്ചിട്ടുണ്ട്. ഔദ്യോഗിക നടപടിക്രമങ്ങളുടെ സമയം കുറഞ്ഞത് 25 ശതമാനത്തോളം കുറയ്ക്കാൻ ഇതിലൂടെ സാധിച്ചു. അപേക്ഷാ നടപടികൾ പരമാവധി നാല് ഘട്ടങ്ങൾ മാത്രമാക്കി ചുരുക്കിയതിനൊപ്പം എല്ലാ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലും കൃത്യമായ വിവരങ്ങൾ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.
ഡിജിറ്റൽ പരിവർത്തനത്തിലൂടെ സേവനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനാണ് എൽ.എം.ആർ.എ മുൻഗണന നൽകുന്നതെന്ന് അതോറിറ്റി സർവീസസ് ആൻഡ് ബിസിനസ് ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അഹമ്മദ് ഇബ്രാഹിം അൽ അറബി പറഞ്ഞു. പുതിയ പരിഷ്കാരം ബിസിനസ്സ് മേഖലയ്ക്ക് ഏറെ സഹായകരമാകുമെന്നും ബഹ്‌റൈൻ തൊഴിൽ വിപണിയുടെ മത്സരക്ഷമത വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപഭോക്താക്കളുടെ സമയവും അധ്വാനവും ലാഭിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സർക്കാർ സേവനങ്ങൾ ആധുനികവൽക്കരിക്കുന്നതിനുള്ള വിപുലമായ പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. ഇതിനകം വിവിധ വകുപ്പുകളിലായി 1,300ലധികം സേവനങ്ങൾ രേഖപ്പെടുത്തുകയും എണ്ണൂറിലധികം സേവനങ്ങൾ നവീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

