വൈദ്യുതി വിതരണ ശൃംഖല വികസനം; കുവൈത്ത് ഫണ്ടുമായി വായ്പ കരാർ ഒപ്പിട്ടു
text_fieldsബഹ്റൈൻ സർക്കാറും കുവൈത്ത് ഫണ്ട് ഫോർ അറബ് ഇക്കണോമിക് ഡെവലപ്മെന്റും വായ്പകരാറിൽ ഒപ്പുവെക്കുന്നു
മനാമ: ബഹ്റൈൻ സർക്കാറും കുവൈത്ത് ഫണ്ട് ഫോർ അറബ് ഇക്കണോമിക് ഡെവലപ്മെന്റും ചേർന്ന് 220, 66 കെവി വൈദ്യുതി ട്രാൻസ്മിഷൻ ശൃംഖല വികസനപദ്ധതിക്ക് ധനസഹായം നൽകുന്നതിനുള്ള വായ്പകരാറിൽ ഒപ്പുവെച്ചു. ധനകാര്യ, ദേശീയ സമ്പദ്വ്യവസ്ഥ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ കുവൈത്ത് ഫണ്ടിന്റെ ആക്ടിങ് ഡയറക്ടർ ജനറൽ വലീദ് ശംലാൻ അൽ ബഹറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കരാർ ഒപ്പിട്ടത്.
ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ഇവ) പ്രസിഡന്റ് കമൽ അഹമ്മദും സന്നിഹിതനായിരുന്നു. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെയും നേതൃത്വത്തിൽ വിവിധ മേഖലകളിൽ വികസിച്ചുകൊണ്ടിരിക്കുന്ന ബഹ്റൈനും കുവൈത്തും തമ്മിലുള്ള ദീർഘകാല ബന്ധം ശൈഖ് സൽമാൻ ഊന്നിപ്പറഞ്ഞു. സമഗ്ര വികസനം മെച്ചപ്പെടുത്തുന്നതിനും നഗര, സാമ്പത്തിക വളർച്ചക്കനുസൃതമായി അടിസ്ഥാന സൗകര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്കുള്ള പ്രതിബദ്ധതയും അദ്ദേഹം എടുത്തുപറഞ്ഞു. സാമ്പത്തിക, സാമൂഹിക വികസനത്തിൽ സഹകരണം വർധിപ്പിക്കുന്നതിൽ കുവൈത്ത് ഫണ്ടിനുള്ള സഹകരണവും ധനമന്ത്രി പ്രശംസിച്ചു.
ഈ വികസനപദ്ധതി ഒരു സുപ്രധാന തന്ത്രപരമായ സംരംഭമാണെന്ന് ഇവ പ്രസിഡന്റ് കമൽ അഹമ്മദ് അഭിപ്രായപ്പെട്ടു.
വർധിച്ചുവരുന്ന വൈദ്യുതി ആവശ്യം നിറവേറ്റുന്നതിനും നഗര, സാമ്പത്തിക വളർച്ചയെ പിന്തുണക്കുന്നതിനും എല്ലാ മേഖലകളിലും ശൃംഖലയുടെ കാര്യക്ഷമതയും വിശ്വാസ്യതയും മെച്ചപ്പെടുത്തുന്നതിനും ഈ പദ്ധതി സഹായിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

