ബഹ്റൈൻ-കുവൈത്ത് സംയുക്ത സമിതി യോഗം; പുതിയ കരാറുകളിൽ ഒപ്പുവെച്ച് ഇരുരാജ്യങ്ങൾ
text_fields12ാമത് സംയുക്ത ഉന്നതാധികാര സമിതി യോഗത്തിൽ ബഹ്റൈൻ വിദേശകാര്യ മന്ത്രി
ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയും കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല
അലി അൽ യഹ്യയും
മനാമ: ബഹ്റൈനും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി 12ാമത് സംയുക്ത ഉന്നതാധികാര സമിതി യോഗം ബുധനാഴ്ച മനാമയിൽ ചേർന്നു. ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയും കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽ യഹ്യയും യോഗത്തിന് സംയുക്തമായി അധ്യക്ഷത വഹിച്ചു.യോഗത്തിന്റെ ഭാഗമായി വിവിധ മേഖലകളിൽ സഹകരിക്കാനായി നിരവധി കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.
റോഡ്, കെട്ടിട നിർമാണ മേഖലകളിൽ അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടെ സംയുക്തമായി സഹകരിക്കുമെന്ന് ഇരുപക്ഷവും ധാരണയായി. വിവരസാങ്കേതിക വിദ്യ, കമ്യൂണിക്കേഷൻസ്, സൈബർ സുരക്ഷ, വിദ്യാഭ്യാസവും കായികവും, വിദ്യാഭ്യാസ വിനിമയ പരിപാടികളും കായിക മേഖലയിലും സംയുക്തമായി പല മാറ്റങ്ങളും കൊണ്ടുവരും. മേഖലയിലെ സമാധാനം ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര തലത്തിലുള്ള വെല്ലുവിളികൾ നേരിടുന്നതിനും ഇരു രാജ്യങ്ങളും സംയുക്തമായി പ്രവർത്തിക്കും. ഗവൺമെന്റ് സേവനങ്ങളുടെ ഡിജിറ്റലൈസേഷനും സാങ്കേതിക നിയന്ത്രണങ്ങൾ ഏകീകരിക്കുന്നതിനും മുൻഗണന നൽകുന്നതിനെ സംബന്ധിച്ചും യോഗത്തിൽ ചർച്ച ചെയ്തു.
2026-27 കാലയളവിൽ ഐക്യരാഷ്ട്രസഭയുടെ സുരക്ഷ കൗൺസിലിൽ ബഹ്റൈൻ അംഗത്വം നേടുന്ന പശ്ചാത്തലത്തിൽ കുവൈത്തിന്റെ നയതന്ത്ര അനുഭവങ്ങൾ പങ്കുവെക്കുകയും നിലവിൽ ഗൾഫ് സഹകരണ കൗൺസിലിന്റെ അധ്യക്ഷ പദവി വഹിക്കുന്ന ബഹ്റൈന്റെ പ്രവർത്തനങ്ങൾക്ക് കുവൈത്ത് പൂർണപിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
ബഹ്റൈൻ രാജാവിന്റെയും കുവൈത്ത് അമീറിന്റെയും മാർഗനിർദേശപ്രകാരം ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം പുതിയ ഉയരങ്ങളിലേക്ക് നീങ്ങുകയാണെന്ന് ഡോ. അൽ സയാനി പറഞ്ഞു. ബഹ്റൈന്റെ സന്തുലിതമായ വിദേശനയത്തെയും നയതന്ത്ര മികവിനെയും കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽ യഹ് യ പ്രശംസിച്ചു.
യോഗത്തിനുശേഷം കുവൈത്ത് വിദേശകാര്യ മന്ത്രി ബഹ്റൈൻ വിദേശകാര്യ മന്ത്രാലയത്തിലെ ‘അൽ മദാർ’ (Al Madar) സെന്റർ സന്ദർശിച്ചു.
അന്താരാഷ്ട്ര രാഷ്ട്രീയ സാഹചര്യങ്ങൾ വിശകലനം ചെയ്യുന്നതിനും റിപ്പോർട്ടുകൾ തയാറാക്കുന്നതിനുമുള്ള ഈ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ അദ്ദേഹം വിലയിരുത്തി. സംയുക്ത സമിതിയുടെ 13ാമത് യോഗം കുവൈത്തിൽവെച്ച് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

