രാജ്യത്തിന്റെ പ്രതിരോധ സേന 57ാം വാർഷിക നിറവിൽ; സൈനിക കേന്ദ്രം സന്ദർശിച്ച് ഹമദ് രാജാവ്
text_fieldsമനാമ: രാജ്യത്തിന്റെ കരുത്തായ പ്രതിരോധസേന 57ാം വാർഷിക നിറവിൽ. 1968ൽ രാജാവ് ശൈഖ് ഈസ ബിൻ സൽമാൻ ആൽ ഖലീഫ രൂപം നൽകിയ ബഹ്റൈന്റെ സായുധസേനയായ ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് (ബി.ഡി.എഫ്) രാജ്യസുരക്ഷക്കായി അന്നും ഇന്നും കരുതലായി തുടരുകയാണ്. നാഷനൽ ഗാർഡെന്ന നാമധേയത്തിൽ സ്ഥാപിതമായെങ്കിലും 1969 നവംബർ ഒന്നിനാണ് ബഹ്റൈൻ ഡിഫൻസ് ഫോഴ്സെന്ന പേരിലേക്ക് മൊഴിമാറ്റപ്പെട്ടത്. 1969 ഫെബ്രുവരി അഞ്ചിനാണ് ആദ്യ സേനാസംഘം പരിശീലനം കഴിഞ്ഞ് പുറത്തിറങ്ങുന്നത്. 1999 സൽമാൻ രാജാവിന്റെ കാലശേഷം സായുധസേനയുടെ സുപ്രീംകമാൻഡറായി ഹമദ് രാജാവ് നിയോഗിക്കപ്പെട്ടു.
ഡെപ്യൂട്ടി സുപ്രീംകമാൻഡറായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ 2008 ജനുവരി മുതലാണ് നിയോഗിക്കപ്പെടുന്നത്. ഗൾഫ് യുദ്ധമടക്കം നിരവധി പ്രതിരോധ കാലഘട്ടത്തിൽ കോട്ടകെട്ടി കാവലായ സേനക്ക് 57ാം നിറവിൽ ഹമദ് രാജാവും കിരീടാവകാശിയും പ്രശംസകളറിയിച്ചു.
വാർഷികത്തോടനുബന്ധിച്ച് ഹമദ് രാജാവ് കഴിഞ്ഞ ദിവസം ബി.ഡി.എഫിന്റെ ബേസിൽ സന്ദർശനം നടത്തി. സേനയുടെ കരുത്തായ സുപ്രീംകമാൻഡർ ഹമദ് രാജാവിന്റെ പിന്തുണക്കും ആശീർവാദത്തിനും സൈനിക മേധാവികൾ പ്രശംസയോടൊപ്പം നന്ദിയും അറിയിച്ചു. ബി.ഡി.എഫിനെ പിന്തുണക്കുന്നതിനുള്ള ഡെപ്യൂട്ടി സുപ്രീംകമാൻഡറായ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ പ്രതിബദ്ധതയെ ഹമദ് രാജാവ് പ്രത്യേകം അഭിനന്ദിച്ചു. കൂടാതെ, ബി.ഡി.എഫ് കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫയുടെ പ്രയത്നങ്ങൾക്കും ഹമദ് രാജാവ് നന്ദി അറിയിച്ചു.
ബി.ഡി.എഫിന്റെ സൗകര്യങ്ങളും ആയുധശേഷിയും സന്ദർശിച്ച ഹമദ് രാജാവ് ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചയും നടത്തി. രാജ്യത്തിനകത്തും പുറത്തും പ്രശസ്തിയോടെയും അർപ്പണബോധത്തോടെയും തങ്ങളുടെ കടമ നിർവഹിക്കുന്ന ബി.ഡി.എഫിലെ ഉദ്യോഗസ്ഥർക്ക് രാജാവ് നന്ദിയും അഭിനന്ദനവും അറിയിച്ചു. ബി.ഡി.എഫ് സ്ഥാപിക്കുന്നതിൽ അടിസ്ഥാനപരമായ പങ്കുവഹിച്ചവരുടെ സംഭാവനകളെ അദ്ദേഹം ഈ അവസരത്തിൽ അനുസ്മരിച്ചു. മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിനിടയിൽ സഹിക്കേണ്ടി വന്ന സൈനികരുടെ ത്യാഗങ്ങളെ ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ സംരക്ഷിക്കുന്നതിനപ്പുറം രാജ്യത്തിന്റെ വികസനത്തിനും കാഴ്ചപ്പാടിനും അനുസൃതമായി നൽകുന്ന സേവനങ്ങളെയും മറ്റു രാജ്യങ്ങളുമായുള്ള ബി.ഡി.എഫിന്റെ സഹകരണത്തെയും ഹമദ് രാജാവ് പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.


