ബഹ്റൈൻ കേരളീയ സമാജം ഓണം ‘ശ്രാവണം-2025’; സമാപന സമ്മേളനവും നവരാത്രി ആഘോഷവും സംഘടിപ്പിച്ചു
text_fieldsഅ... ആ...
വിജയദശമി ദിനത്തിൽ നടന്ന ചടങ്ങിൽ ഡോ. ദിവ്യ എസ്. അയ്യർ കുട്ടിക്ക് ആദ്യക്ഷരം കുറിച്ചുകൊടുക്കുന്നു
മനാമ: കഴിഞ്ഞ ഒന്നരമാസക്കാലത്തോളം ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിച്ച ഓണാഘോഷങ്ങളുടെ സമാപന സമ്മേളനവും നവരാത്രി ആഘോഷവും സംഘടിപ്പിച്ചു. ഓണാഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ടും നവരാത്രി ആഘോഷങ്ങളുടെ ഭാഗമായും സംഘടിപ്പിച്ച സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി കേരള ഹൈകോടതി ജഡ്ജി ദേവൻ രാമചന്ദ്രൻ, സാംസ്കാരിക വകുപ്പ് സെക്രട്ടറിയും വിഴിഞ്ഞം തുറമുഖത്തിന്റെ എം.ഡിയുമായ ഡോ. ദിവ്യ എസ്. അയ്യർ, കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവും മുൻ എം.എൽ.എയുമായ കെ.എസ്. ശബരിനാഥ്, മലയാളത്തിലെ പ്രമുഖ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.
ചടങ്ങിൽ പങ്കെടുത്ത വിശിഷ്ട വ്യക്തികളും സംഘാടകരും
കേരളം മറന്നുപോയ പല കലാരൂപങ്ങളെയും ആഘോഷ രീതികളെയും ബഹ്റൈൻ കേരളീയ സമാജം ഭംഗിയായി പുനരാവിഷ്കരിക്കുകയും നിലനിർത്തുകയും ചെയ്യുന്നതിൽ വലിയ സന്തോഷമുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. ആഘോഷങ്ങളിലൂടെ വ്യക്തികളും സമൂഹവും മുന്നോട്ടുള്ള പുതിയ ഊർജം സ്വീകരിക്കുകയാണെന്നും ഡോ. ദിവ്യ എസ്. അയ്യർ പറഞ്ഞു. വിശിഷ്ടാതിഥികളുടെ സാന്നിധ്യംകൊണ്ടും സംഗീതാസ്വാദകരായ കാണികൾകൊണ്ടും സമ്പന്നമായിരുന്നു ആഘോഷം.
ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സദ്യ കഴിക്കുന്ന ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്. സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ സമീപം
ചിത്രം സത്യൻ പേരാമ്പ്ര
മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനായ വിദ്യാധരൻ മാസ്റ്റർക്ക് ബി.കെ.എസ് കലാകേന്ദ്ര ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സമ്മാനിക്കാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും വിദ്യാധരൻ മാസ്റ്ററുടെ പാട്ടുകൾ അതിന്റെ മൗലികമായ സവിശേഷതകൾകൊണ്ട് എക്കാലത്തും മലയാളികളുടെ പ്രിയപ്പെട്ട ഗാനങ്ങൾ ആയി തുടരുമെന്ന് അധ്യക്ഷ പ്രസംഗത്തിൽ പി.വി. രാധാകൃഷ്ണ പിള്ള അഭിപ്രായപ്പെട്ടു.
കലയും സംഗീതവും മനുഷ്യരെ ഒരുമിപ്പിക്കുന്നുവെന്നും ബഹ്റൈൻ കേരള സമാജത്തിന്റെ ഈ അവാർഡ് വളരെ പ്രിയപ്പെട്ടതാണെന്നും വിദ്യാധരൻ മാസ്റ്റർ മറുപടി പ്രസംഗത്തിൽ പറഞ്ഞു.സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ സ്വാഗതവും ബഹ്റൈനിലെ പ്രമുഖ കലാ പരിശീലന കേന്ദ്രമായ കലാകേന്ദ്രയുടെ ഡയറക്ടർ സിൽഷ റിലിഷ്, ശ്രാവണം ഓണാഘോഷങ്ങളുടെ കൺവീനർ വർഗീസ് ജോർജ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. അവാർഡ് ദാന ചടങ്ങുകൾക്ക് ശേഷം വിദ്യാധരൻ മാസ്റ്ററുടെ ഗാനങ്ങൾ അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

