ബഹ്റൈൻ കേരളീയ സമാജം 'ശ്രാവണം 2025' ഓണാഘോഷം തുടങ്ങി
text_fieldsകേരളീയ സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികളായ 'ശ്രാവണം 2025'ന്റെ
കൊടിയേറ്റ ചടങ്ങിൽ നിന്ന്
മനാമ: ബഹ്റൈൻ കേരളീയ സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികളായ 'ശ്രാവണം 2025'ന് കൊടിയേറ്റത്തോടെ തുടക്കം. സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള കൊടിയേറ്റ ചടങ്ങ് നിർവഹിച്ചു. നൂറിലധികം വാദ്യകലാകാരന്മാർ അണിനിരന്ന വാദ്യഘോഷം ചടങ്ങിന് മാറ്റുകൂട്ടി.
തുടർന്ന് സമാജം അംഗം അനു തോമസിന്റെ നേതൃത്വത്തിൽ 80ലധികം കലാകാരന്മാർ അവതരിപ്പിച്ച വള്ളപ്പാട്ടും വിജിത ശ്രീജിത്തിന്റെ നേതൃത്വത്തിൽ നൂറിലധികം ഗായകർ അവതരിപ്പിച്ച ഓണപ്പാട്ടും ആസ്വാദ്യകരമായ അനുഭവമായി.
സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ശ്രാവണം ഓണാഘോഷ കമ്മിറ്റി കൺവീനർ വർഗീസ് ജോർജ്, ഭരണസമിതി അംഗങ്ങൾ, ആഘോഷ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ കൊടിയേറ്റ ചടങ്ങിൽ പങ്കെടുത്തു. കെല്ലർ ജനറൽ മാനേജർ ഇളങ്കോ, സൂപ്പർ ഫുഡ് ഉടമ എബി, സിൻജ് എക്സ്ചേഞ്ച് ജനറൽ മാനേജർ സുരേഷ് കുമാർ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഉണ്ണിക്കൃഷ്ണപിള്ളയുടെയും വിനയചന്ദ്രൻ നായരുടെയും നേതൃത്വത്തിലാണ് കൊടിയേറ്റ ചടങ്ങ് സംഘടിപ്പിച്ചത്.
വിവിധങ്ങളായ കലാ-കായിക മത്സരങ്ങളോടെ ഒരു മാസം നീളുന്നതാണ് ഓണാഘോഷ പരിപാടികൾ.
വർഗീസ് ജോർജ് (39291940) ജനറൽ കൺവീനറായും ഹരികൃഷ്ണൻ, നിഷാ ദിലീഷ്, രാജേഷ് കെ.പി, അഭിലാഷ് വെള്ളുക്കൈ, അനിത തുളസി, രജനി മേനോൻ, സജ്ന നൗഷാദ് എന്നിവർ ജോയന്റ് കൺവീനർമാരായും നൂറിലധികം അംഗങ്ങളുള്ള 'ശ്രാവണം ഓണാഘോഷ കമ്മിറ്റി'യാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.
‘ശ്രാവണം 2025' പരിപാടികൾ
സെപ്റ്റംബർ നാല്: ബഹ്റൈനിലെ പ്രമുഖ സംഘടനകളും കൂട്ടായ്മകളും പങ്കെടുക്കുന്ന കമ്പവലി മത്സരം.
സെപ്റ്റംബർ അഞ്ച്: പ്രമുഖ ഗായകൻ പി. ജയചന്ദ്രന്റെ ഗാനങ്ങൾ കോർത്തിണക്കി ഗാനമേള. പന്തളം ബാലൻ, രവിശങ്കർ, പ്രമീള തുടങ്ങിയ പ്രമുഖ പിന്നണിഗായകർ പങ്കെടുക്കും. അദ്ദേഹത്തിന്റെ ജീവിതത്തെയും ഗാനങ്ങളെയും കുറിച്ച് പ്രമുഖ എഴുത്തുകാരൻ രവി മേനോൻ പ്രഭാഷണം നടത്തും.
സെപ്റ്റംബർ ആറ്: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നാടോടിനൃത്ത അവതരണങ്ങൾ.
സെപ്റ്റംബർ ഏഴ്: ഓണപ്പുടവ മത്സരം.
സെപ്റ്റംബർ എട്ട്: ബി.കെ.എസ് എന്റർടൈൻമെന്റ് വിഭാഗം സംഘടിപ്പിക്കുന്ന കലാപരിപാടികൾ.
സെപ്റ്റംബർ ഒമ്പത്: ഓണപ്പാട്ട് മത്സരം.
സെപ്റ്റംബർ 10: 'എന്റെ കേരളം' എന്ന വിഷയത്തിൽ ക്വിസ് മത്സരം.
സെപ്റ്റംബർ 11: ഐഡിയ സ്റ്റാർ സിങ്ങേഴ്സ് താരങ്ങളായ അനുശ്രീ, നന്ദ, ബലറാം, ശ്രീരാഗ് എന്നിവരുടെ ഗാനമേള.
സെപ്റ്റംബർ 12: രാവിലെ പൂക്കള മത്സരവും വൈകീട്ട് കെ.എസ്. ചിത്ര, മധു ബാലകൃഷ്ണൻ, നിഷാദ്, അനാമിക എന്നിവരുടെ ഗാനമേള.
സെപ്റ്റംബർ 13: പായസ മത്സരവും തിരുവാതിര മത്സരവും.
സെപ്റ്റംബർ 14: ഇന്ത്യൻ ട്രഡീഷനൽ കോസ്റ്റ്യൂം മത്സരം.
സെപ്റ്റംബർ 15: 'ആരവം മരം' ബാൻഡിന്റെ നാടൻപാട്ടുകൾ.
സെപ്റ്റംബർ 16, 17: വിവിധ നാടൻ കളികളുടെ അവതരണം.
സെപ്റ്റംബർ 18: കബഡി മത്സരം.
സെപ്റ്റംബർ 19: വയലിനിസ്റ്റ് ഗംഗ ശശിധരന്റെ വയലിൻ അവതരണം.
സെപ്റ്റംബർ 20: സിനിമാറ്റിക് ഡാൻസ് മത്സരം.
സെപ്റ്റംബർ 21: മ്യൂസിക് ഫ്യൂഷൻ ഫിയസ്റ്റ.
സെപ്റ്റംബർ 22: തരംഗ് - നൃത്ത സംഗീത പരിപാടി.
സെപ്റ്റംബർ 25: മ്യൂസിക് ഡാൻസ് ഡ്രാമ വിദ്യാവലി.
സെപ്റ്റംബർ 26: ആര്യ ദയാലും സച്ചിൻ വാരിയറും അവതരിപ്പിക്കുന്ന മ്യൂസിക്കൽ ബാൻഡ് ഷോ.
സെപ്റ്റംബർ 27: മെഗാ തിരുവാതിര.
ഒക്ടോബർ ഒന്ന്: സംഗീതരംഗത്തെ സംഭാവനകൾ പരിഗണിച്ച് സംഗീതജ്ഞൻ വിദ്യാധരൻ മാസ്റ്റർക്ക് ആദരം. മുഖ്യാതിഥി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ.
ഒക്ടോബർ രണ്ട്: വിദ്യാരംഭം. മുഖ്യാതിഥി ദിവ്യ എസ്. അയ്യർ ഐ.എ.എസ്
ഒക്ടോബർ 3: പ്രമുഖ പാചകവിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരി ഒരുക്കുന്ന മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഓണസദ്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

