ബഹ്റൈന്‍ കേരളീയ സമാജം; അന്താരാഷ്ട്ര പുസ്തകോത്സവം നാളെ മുതൽ
text_fieldsബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള വാർത്തസമ്മേളനത്തിൽ
സംസാരിക്കുന്നു
മനാമ: ബഹ്റൈന്‍ കേരളീയ സമാജവും ഡി.സി ബുക്സും സംയുക്തമായി നടത്തുന്ന അന്താരാഷ്ട്ര പുസ്തകോത്സവം വ്യാഴാഴ്ച തുടങ്ങുമെന്ന് പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള വാർത്തസമ്മേളനത്തിൽ അറിയിച്ചു. ധിഷണാശാലികളായ എഴുത്തുകാരെ ബഹ്റൈനിലെ സാഹിത്യ തൽപരർക്ക് പരിചയപ്പെടുത്താനുള്ള ഇടപെടലുകളാണ് സമാജം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ലോകോത്തര സാഹിത്യ, വൈജ്ഞാനിക പുസ്തകങ്ങളുടെ പ്രദർശനവും വിൽപനയും നടക്കുന്ന മേളയിൽ നിരവധി കലാ, സാംസ്കാരിക പരിപാടികളും ഉണ്ടാകും. ഇന്ത്യയിലെ പ്രമുഖ പുസ്തക പ്രസാധകരായ ഡി.സി ബുക്സിന്റെ സഹകരണത്തിൽ നടക്കുന്ന പുസ്തകോത്സവത്തിന് ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നതെന്ന് സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര അഭിപ്രായപ്പെട്ടു.
കോവിഡാനന്തരം നടക്കുന്ന മേളയായതിനാല്‍ അനേകം വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ടെന്ന് കൺവീനര്‍ ഷബിനി വാസുദേവ് പറഞ്ഞു. വ്യാഴാഴ്ച സമാജം ഡി.ജെ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ എംബസി സെക്കൻഡ് സെക്രട്ടറി ഇജാസ് അസ്ലം ഉദ്ഘാടനം ചെയ്യും. പ്രമുഖ കവിയും ഗാന രചിതാവുമായ അൻവർ അലി മുഖ്യാതിഥിയാകും.
ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ, ശശി തരൂർ, കരൺ താപ്പർ, സിജു വിത്സൻ, അൽഫോൺസ് കണ്ണന്താനം, എം. മുകുന്ദൻ, ജോസ് പനച്ചിപ്പുറം, ആനന്ദ് നീലകണ്ഠൻ, ജോസഫ് അന്നംക്കുട്ടി ജോസ്, ശ്രീപാർവതി തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ പങ്കെടുക്കും. 19ാം നൂറ്റാണ്ട് എന്ന സിനിമയുടെ തിരക്കഥ പ്രകാശനം പ്രമുഖ നടന് സിജു വിത്സന് നിര്‍വഹിക്കും.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ എം. മുകുന്ദന്റെ ഡല്‍ഹി എന്ന നോവലിന്റെ ദൃശ്യാവിഷ്കാരം, മോട്ടിവേഷനല്‍ സ്പീക്കര്‍ ജോസഫ് അന്നംകുട്ടിയുടെ പുസ്തക പ്രകാശനം, ചിത്രകല പ്രദർശനം, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽനിന്നുമുള്ള കലാകാരന്മാർ പങ്കെടുക്കുന്ന കാലിഡോസ്കോപ്, മലയാളം ക്ലാസിലെ വിദ്യാർഥികളുടെ കലാപരിപാടികള്‍, ബഹ്റൈനിലെ എഴുത്തുകാരുടെ പുസ്തക പ്രകാശനം തുടങ്ങി വിവിധ സാംസ്കാരിക പരിപാടികള്‍ ഉണ്ടാകും. പ്രശസ്ത ഇന്ത്യന്‍ എഴുത്തുകാരന് അമീഷ് ത്രിപാഠിയുമായുള്ള വെര്‍ച്വല്‍ സംവാദമാണ് ഇത്തവണത്തെ മുഖ്യ ആകര്‍ഷണം.
5000ത്തോളം ടൈറ്റിലുകളിൽ ലക്ഷത്തിലധികം പുസ്തകമാണ് ഉണ്ടാവുക. ബഹ്റൈനിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് 1000ത്തോളം വിദ്യാർഥികൾ മേള സന്ദർശിക്കും. രാവിലെ 10 മുതൽ രാത്രി 11 വരെ പൊതുജനങ്ങൾക്ക് സന്ദർശിക്കാം. പുസ്തകം വാങ്ങുന്നവർക്ക് വിവിധ ഓഫറുകൾ ലഭ്യമാക്കിയിട്ടുണ്ട്. നിശ്ചിത തുകക്ക് പുസ്തകം വാങ്ങിക്കുന്നവർക്ക് പുസ്തക ഷെൽഫടക്കമുള്ള പാക്കേജ് ലഭ്യമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.