അരങ്ങുണർന്നു; ‘ആടാം പാടാം’
text_fieldsബഹ്റൈൻ കേരളീയസമാജം ചിൽഡ്രൻസ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ നടന്ന ‘ആടാം പാടാം’ പരിപാടി
മനാമ: ബഹ്റൈൻ കേരളീയസമാജം ചിൽഡ്രൻസ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കുട്ടികൾക്കായുള്ള ‘ആടാം പാടാം’ എന്ന പരിപാടിയുടെ ഉദ്ഘാടനം സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള നിർവഹിച്ചു.ചടങ്ങിൽ സമാജം സെക്രട്ടറി വർഗീസ് കാരക്കൽ, വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, ചിൽഡ്രൻസ് വിങ് പ്രസിഡന്റ് മാസ്റ്റർ ഗോപു അജിത്, സെക്രട്ടറി മാസ്റ്റർ അനിക് നൗഷാദ്, കലാവിഭാഗം സെക്രട്ടറി കുമാരി മീനാക്ഷി ഉദയൻ, ചിൽഡ്രൻസ് വിങ് പാട്രൺ കമ്മിറ്റി കൺവീനർ മനോഹരൻ പാവറട്ടി, ജോയന്റ് കൺവീനർമാരായ ജയ രവികുമാർ, മായ ഉദയൻ എന്നിവർ സംസാരിച്ചു. കുമാരി സാറ സാജൻ നന്ദി പറഞ്ഞു.
സമാജം അംഗങ്ങളുടെ കുട്ടികളുടെ സർഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2011ൽ തുടങ്ങിയതാണ് ‘ആടാം പാടാം’ എന്ന ഈ പരിപാടി. കുട്ടികളിലെ കലാപ്രകടനങ്ങൾ ഒറ്റക്കോ ഗ്രൂപ്പായോ നൃത്തം, സംഗീതം, മോണോആക്ട്, കവിത ആലാപനം തുടങ്ങി എല്ലാ കലാരൂപങ്ങളും അവതരിപ്പിക്കാനുള്ള വേദിയാണിത്.
ഓരോ മാസവും ഓരോ പരിപാടി എന്നനിലക്ക് എല്ലാമാസവും ആടാം പാടാം അരങ്ങേറുന്നതാണ്. അതോടൊപ്പം അതേമാസത്തിൽ ജന്മദിനം ആഘോഷിക്കുന്ന കുട്ടികൾക്ക് ഒത്തുചേർന്ന് കേക്ക് മുറിച്ചുകൊണ്ട് ജന്മദിനാശംസകൾ നേരുന്ന ചടങ്ങും ഈ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അഖിലാണ്ഡ മണ്ഡല മണിയിച്ചൊരുക്കി എന്ന് തുടങ്ങുന്ന പഴയ പ്രാർഥനാഗാനം ചിൽഡ്രൻസ് വിങ് കമ്മിറ്റി അംഗങ്ങൾ ആലപിച്ചായിരുന്നു കലാ പരിപാടികൾക്ക് തുടക്കംകുറിച്ചത്.
തുടർന്ന് ശ്രേയ മുരളി, അർജുൻ രാജ്, ഐഡൻ ഷിബു, കൈലാസ് ബാലകൃഷ്ണൻ, തന്മയ് രാജേഷ്, സംവൃത് സതീഷ്, ഇഷ ആഷിഖ് എന്നിവർ കരോക്കെ ഗാനങ്ങൾ ആലപിച്ചു. അമ്മാളു ജഗദീഷ്, സാവന്ത് സതീഷ്, ദക്ഷക് വിപിൻ, സാവന്ത് സതീഷ്, അരുൺ സുരേഷ്, എന്നിവരുടെ നൃത്തവും അരങ്ങേറി. അഭിനവ് അശോക് അവതരിപ്പിച്ച മോണോആക്ടും സാരംഗി ശശിയുടെ നൃത്തസംവിധാനത്തിൽ മീനാക്ഷിയും സംഘവും അവതരിപ്പിച്ച സംഘനൃത്തവും അതിമനോഹരമായിരുന്നു.
പരിപാടിയുടെ അവസാനം ജൂണിൽ ജന്മദിനം ആഘോഷിക്കുന്ന നിരവധി കുട്ടികൾ ഒത്തുചേർന്ന് കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചു.സതീഷ് പുല്പറ്റ സംഗീത നിയന്ത്രണവും പ്രദീപ് ചോന്നമ്പി ശബ്ദനിയന്ത്രണവും നിർവഹിച്ചു. ചിൽഡ്രൻസ് വിങ് അസിസ്റ്റന്റ് മെംബർഷിപ് സെക്രട്ടറി കുമാരി വൈഷ്ണവി സന്തോഷ് അവതാരകയായി ചടങ്ങുകൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

