ബഹ്റൈൻ കേരളീയ സമാജം ജി.സി.സി കലോത്സവത്തിന് ഒരുക്കങ്ങൾ തുടങ്ങി
text_fieldsമനാമ: കുട്ടികളുടെ കലാഭിരുചികൾ മനസ്സിലാക്കാനും മികച്ച പ്രതിഭകളെ കണ്ടെത്താനും ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ദേവ്ജി - ബി.കെ.എസ് ജി.സി.സി കലോത്സവത്തിന്റെ പുതിയ പതിപ്പിന് അരങ്ങൊരുങ്ങുന്നു. മാർച്ച്, ഏപ്രിൽ മാസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ നൂറിലധികം വ്യക്തിഗത ഇനങ്ങളിലും 60ഓളം ഗ്രൂപ്പിനങ്ങളിലുമായി മത്സരം നടക്കും.
വ്യക്തിഗത ഇനങ്ങളിൽ ഏറ്റവും കൂടുതൽ പോയന്റ് നേടുന്ന മത്സരാർഥികൾക്ക് കലാതിലകം, കലാപ്രതിഭ, ബാലതിലകം, ബാലപ്രതിഭ പട്ടങ്ങളും അതിനുപുറമെ ഗ്രൂപ് ചാമ്പ്യൻഷിപ്, സാഹിത്യരത്ന, സംഗീതരത്ന, നാട്യരത്ന, കലാരത്ന തുടങ്ങിയ പട്ടങ്ങളും സമ്മാനിക്കും.
ഏഷ്യയിലെത്തന്നെ കുട്ടികളുടെ വലിയ കലാമാമാങ്കമായ സംസ്ഥാന സ്കൂൾ യുവജനോത്സവ മാതൃകയിൽ പ്രവാസ ലോകത്തു നടത്തുന്ന ശ്രദ്ധേയമായ മത്സരമായി മാറിക്കഴിഞ്ഞ കലോത്സവത്തിൽ കേരളത്തിൽ നിന്നടക്കമുള്ള പ്രമുഖർ വിധികർത്താക്കളായി പങ്കെടുക്കുമെന്നും ഗൾഫ് മേഖലയിലെ വിവിധ രാജ്യങ്ങളിലെ പൗരത്വമുള്ള ഏതു കുട്ടിക്കും കലോത്സവത്തിൽ പങ്കെടുക്കാമെന്നും സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും അറിയിച്ചു. ബഹ്റൈൻ കേരളീയ സമാജം കായിക വിഭാഗം സെക്രട്ടറി നൗഷാദ് ടി. ഇബ്രാഹിം ആണ് ഭരണസമിതിയുടെ പ്രതിനിധി ആയി കലോത്സവം നിയന്ത്രിക്കുന്നത്.
ബിറ്റോ പാലമറ്റത്ത് ജനറൽ കൺവീനർ ആയും, സോണി കെ.സി, രേണു ഉണ്ണികൃഷ്ണൻ എന്നിവർ ജോയന്റ് കൺവീനർമാരായുമുള്ള നൂറോളം സമാജം അംഗങ്ങൾ അടങ്ങുന്ന വിപുലമായ കമ്മിറ്റിയാണ് ഈ വർഷത്തെ കലോത്സവത്തിന് ചുക്കാൻ പിടിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ബിറ്റോ പാലമറ്റത്ത് 37789495, സോണി കെ.സി 33337598, രേണു ഉണ്ണികൃഷ്ണൻ 38360489 എന്നിവരെ വിളിക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

