അന്താരാഷ്ട്ര സൗരോർജ കൂട്ടായ്മയിൽ ബഹ്റൈൻ അംഗമായി
text_fieldsബഹ്റൈൻ വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്ട്രീയകാര്യ അണ്ടർ സെക്രട്ടറി ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹ്മദ് ആൽ ഖലീഫയിൽനിന്ന് ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അംഗീകാര പത്രം ഏറ്റുവാങ്ങുന്നു
മനാമ: അന്താരാഷ്ട്ര സൗരോർജ കൂട്ടായ്മയിൽ (ഐ.എസ്.എ) ബഹ്റൈൻ അംഗമായി. കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ബഹ്റൈൻ വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്ട്രീയകാര്യ അണ്ടർ സെക്രട്ടറി ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹ്മദ് ആൽ ഖലീഫയിൽനിന്ന് ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അംഗീകാര പത്രം ഏറ്റുവാങ്ങി. ബഹ്‌റൈൻ ഉൾപ്പെടെ 86 രാജ്യങ്ങളാണ് ഇതുവരെ കൂട്ടായ്മയുടെ ഫ്രേംവർക്ക് കരാറിൽ ഒപ്പുവെക്കുകയും അംഗീകരിക്കുകയും ചെയ്തിട്ടുള്ളത്.
സൗരോർജത്തിലൂടെ കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടം ശക്തമാക്കുന്നതിന് ഇന്ത്യയും ഫ്രാൻസും മുൻകൈയെടുത്ത് രൂപവത്കരിച്ചതാണ് അന്താരാഷ്ട്ര സൗരോർജ കൂട്ടായ്മ. 2015ൽ പാരിസിൽ നടന്ന കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ ഫ്രേംവർക്ക് കൺവെൻഷെന്‍റ ഭാഗമായാണ് ഇതിനു രൂപം നൽകിയത്. സൗരോർജം അടിസ്ഥാനമാക്കിയുള്ള സാങ്കേതിക വിദ്യകൾ വികസിപ്പിക്കുക എന്നതാണ് കൂട്ടായ്മയുടെ ലക്ഷ്യം.
2030ഓടെ സൗരോർജ രംഗത്ത് 1,000 ബില്യൺ ഡോളർ നിക്ഷേപം സമാഹരിക്കാൻ കൂട്ടായ്മയുടെ '1000ലേക്ക്' എന്ന കർമപദ്ധതി ലക്ഷ്യമിടുന്നു. ശുദ്ധമായ ഊർജ സംവിധാനങ്ങൾ ഉപയോഗിച്ച് 1,000 ജിഗാവാട്ട് സൗരോർജ ശേഷി സ്ഥാപിക്കുകയും 1,000 ദശലക്ഷം ആളുകൾക്ക് ഊർജ ലഭ്യത ഉറപ്പുവരുത്തുകയും ചെയ്യും. പ്രതിവർഷം 1,000 ദശലക്ഷം ടൺ കാർബൺ ബഹിർഗമനം ഇല്ലാതാക്കാനും ഇതു സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

