സൈബർ തട്ടിപ്പുകൾക്കെതിരെ ജാഗ്രതാ നിർദേശവുമായി ബഹ്‌റൈൻ
text_fieldsമനാമ: രാജ്യത്തെ നിലവിലെ സുരക്ഷാ സാഹചര്യം ദുരുപയോഗം ചെയ്ത് ജനങ്ങളെ കബളിപ്പിക്കാൻ സൈബർ ക്രിമിനലുകൾ ശ്രമിക്കുന്നതായി നാഷണൽ സൈബർ സെക്യൂരിറ്റി സെന്‍റർ മുന്നറിയിപ്പ് നൽകി. വ്യാജ വാർത്തകൾ, ലിങ്കുകൾ, എ.ഐ ഉപയോഗിച്ച് നിർമ്മിച്ച ദൃശ്യങ്ങൾ എന്നിവയിലൂടെ ഭീതി പടർത്താൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് സെന്‍റർ പുറപ്പെടുവിച്ച നിർദ്ദേശത്തിൽ പറയുന്നു.
'ബ്രേക്കിംഗ് ന്യൂസ്', യുദ്ധഭൂമിയിലെ തത്സമയ ദൃശ്യങ്ങൾ, സുരക്ഷാ അപ്‌ഡേറ്റുകൾ എന്നിവ അറിയിച്ചു കൊണ്ടുള്ള സോഷ്യൽ മീഡിയയിലൂടെയും ഇമെയിലിലൂടെയും വരുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. ഇവ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ചോർത്താൻ ലക്ഷ്യമിട്ടുള്ളതാകാം.
കൂടാതെ സർക്കാർ സ്ഥാപനങ്ങളുടെയോ സുരക്ഷാ ഉദ്യോഗസ്ഥരുടെയോ പേരിൽ വരുന്ന വ്യാജ സന്ദേശങ്ങളും വിശ്വസിക്കരുത്. ഔദ്യോഗിക വിവരങ്ങൾക്കായി സർക്കാർ വെബ്‌സൈറ്റുകളെയും അംഗീകൃത വാർത്താ മാധ്യമങ്ങളെയും മാത്രം ആശ്രയിക്കുക.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് നിർമിച്ച വ്യാജ വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ച് ആശയക്കുപ്പപ്പമുണ്ടാക്കാൻ തട്ടിപ്പുകാർ ശ്രമിച്ചേക്കാം. ഇത്തരം ദൃശ്യങ്ങൾ കാണുമ്പോൾ അവയുടെ സത്യാവസ്ഥ പരിശോധിക്കാതെ ഷെയർ ചെയ്യരുത്.
ജനങ്ങൾക്കിടയിൽ ഭീതിയും പരിഭ്രാന്തിയും സൃഷ്ടിക്കുക, അതുവഴി സാമ്പത്തിക ലാഭത്തിനായി ഡാറ്റ ചോർത്തുക എന്നിവയാണ് ഇത്തരം സൈബർ ആക്രമണങ്ങളുടെ പ്രധാന ലക്ഷ്യം. സംശയാസ്പദമായ ലിങ്കുകളോ സന്ദേശങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ വിവരം അറിയിക്കണമെന്നും സൈബർ സെക്യൂരിറ്റി സെന്‍റർ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

