ബഹ്റൈൻ–ഇസ്രായേൽ സഹകരണം കൂടുതൽ തലങ്ങളിലേക്ക്
text_fieldsഇസ്രായേൽ വിദേശകാര്യ മന്ത്രി യായിർ ലാപിഡിനെ ബഹ്റൈൻ വിമാനത്താവളത്തിൽ വിദേശകാര്യ മന്ത്രി ഡോ. അബ്ദുൽലത്തീഫ് ബിൻ റാഷിദ് അൽ സയാനിയുടെ നേതൃത്വത്തിൽ സ്വീകരിക്കുന്നു
മനാമ: ഇസ്രായേലും ബഹ്റൈനും തമ്മിൽ സഹകരണത്തിെൻറ പുതിയ നാളുകൾക്ക് തുടക്കം കുറിച്ച് ഇസ്രായേൽ വിദേശകാര്യ മന്ത്രി യായിർ ലാപിഡ് ഒൗദ്യോഗിക സന്ദർശനത്തിന് ബഹ്റൈനിലെത്തി. ഒരു വർഷം മുമ്പ് ഇരുരാജ്യങ്ങളും തമ്മിൽ ആരംഭിച്ച നയതന്ത്രബന്ധത്തെ കൂടുതൽ ഉന്നത തലങ്ങളിലേക്ക് ഉയർത്തുന്നതാണ് സന്ദർശനം.
ഒരു ഇസ്രായേൽ മന്ത്രിയുടെ ആദ്യ ബഹ്റൈൻ സന്ദർശനമെന്ന പ്രത്യേകതയും ലാപിഡിെൻറ വരവിനുണ്ട്. മനാമയിലെ ഇസ്രായേൽ എംബസി ഉദ്ഘാടനവും സന്ദർശന ലക്ഷ്യമാണ്. വ്യാഴാഴ്ച രാവിലെ ഇസ്രെയർ വിമാനത്തിൽ ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ലാപിഡിനെ ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുൽലത്തീഫ് ബിൻ റാഷിദ് അൽ സയാനിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫയുമായും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുമായും അദ്ദേഹം ചർച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വിപുലമാക്കുന്നതിനുള്ള സാധ്യതകൾ കൂടിക്കാഴ്ചകളിൽ ചർച്ച ചെയ്തു.
ബഹ്റൈനിൽ ഇസ്രായേൽ എംബസി തുറക്കുന്നതിനെ ഹമദ് രാജാവ് സ്വാഗതം ചെയ്തു. ബഹ്റൈൻ ഏറ്റവും പ്രാധാന്യം നൽകുന്നത് സമാധാനത്തിനാണ്. പരസ്പര ധാരണയുടെയും സംഭാഷണത്തിെൻറയും സമാധാനപരമായ സഹവർത്തിത്വത്തിെൻറയും സഹിഷ്ണുതയുടെയും മൂല്യങ്ങൾ ശക്തിപ്പെടുത്തുക എന്നതാണ് രാജ്യത്തിെൻറ കാഴ്ചപ്പാട്. എല്ലാവരുടെയും താൽപര്യത്തിനനുസൃതമായി സമാധാനവും സുസ്ഥിരതയും വികസനവും കൈവരിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളെയും ബഹ്റൈൻ പിന്തുണക്കുന്നു. ബഹ്റൈനും ഇസ്രായേലും തമ്മിൽ അബ്രഹാം ഉടമ്പടിയിൽ എത്തിച്ചേരുന്നതിൽ അമേരിക്ക വഹിച്ച പങ്കിനെയും ഹമദ് രാജാവ് അഭിനന്ദിച്ചു.
വൈകീട്ട് നടന്ന ചടങ്ങിൽ ഡോ. അബ്ദുൽലത്തീഫ് ബിൻ റാഷിദ് അൽ സയാനിയും യായിർ ലാപിഡും വിവിധ ധാരണപത്രങ്ങളിൽ ഒപ്പുവെച്ചു. പരിസ്ഥിതി സംരക്ഷണം, സ്പോർട്സ്, ജലവിഭവം, എന്നീ മേഖലകളിലെ സഹകരണത്തിനുള്ള ധാരണപത്രമാണ് ഒപ്പുവെച്ചത്. സൽമാനിയ മെഡിക്കൽ കോംപ്ലക്സും കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലും ഇസ്രായേലിലെ ഷേബ മെഡിക്കൽ സെൻററും തമ്മിൽ സഹകരണത്തിനുള്ള കരാറും ഒപ്പുവെച്ചു.
ബഹ്റൈനും ഇസ്രായേലും തമ്മിൽ നേരിട്ടുള്ള വിമാന സർവിസ് ആരംഭിച്ച ദിവസം തന്നെ വിദേശകാര്യ മന്ത്രിയുടെ സന്ദർശനവും നടന്നു എന്നത് പ്രാധാന്യമർഹിക്കുന്നതാണെന്ന് അൽ സയാനി പറഞ്ഞു. ഇസ്രായേലും ഫലസ്തീനും തമ്മിലുള്ള പ്രശ്നപരിഹാരത്തിന് ദ്വിരാഷ്ട്ര പരിഹാരമാണ് ആവശ്യമെന്ന ബഹ്റൈെൻറ നിലപാട് അദ്ദേഹം ആവർത്തിച്ചു. മിഡിൽ ഇൗസ്റ്റിൽ സമാധാനവും സുരക്ഷിതത്വവും ഉറപ്പു വരുത്താൻ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വഴിയൊരുക്കും. വിവിധ മേഖലകളിലെ സഹകരണം മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ദൃഢനിശ്ചയമാണ് ഇരു രാജ്യങ്ങളും പ്രകടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

