ആതിഥേയത്വം വഹിക്കാനൊരുങ്ങി ബഹ്റൈൻ
text_fieldsമൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസിന്റെ ഭാഗ്യചിഹ്നങ്ങൾ പ്രദർശിപ്പിച്ചപ്പോൾ
മനാമ: മൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി ബഹ്റൈൻ. 5000ത്തിലധികം കായികതാരങ്ങൾ പങ്കെടുക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ യുവജന കായികമാമാങ്കമാണ് ഒക്ടോബർ 22ന് ആരംഭിക്കുക.
ഇനി 54 ദിവസങ്ങൾ മാത്രം ബാക്കിയുള്ള മേളക്ക് രാജ്യത്തിന്റെ തയാറെടുപ്പുകൾ പ്രഖ്യാപിക്കുന്നതിന് ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ അധികൃതരുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം പത്രസമ്മേളനം സംഘടിപ്പിച്ചിരുന്നു.
ശൈഖ് ഈസ ബിൻ അലി ആൽ ഖലീഫ, ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ (ഒ.സി.എ) ഡെപ്യൂട്ടി ഡയറക്ടർ ജനറൽ വിനോദ് തിവാരി, വെസ്റ്റ് ഏഷ്യ വൈസ് പ്രസിഡന്റ് ഡോ. താനി അൽ കുവാരി, കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ തയ്യബ് ഇക്രാംസ, ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി സെക്രട്ടറി ജനറൽ ഫാരിസ് അൽ കൂഹേജി എന്നിവർ പങ്കെടുത്തു. ഗെയിംസിനെ ‘ബഹ്റൈന് ഒരു പ്രത്യേക ഇവന്റ്’ എന്നാണ് ശൈഖ് ഈസ വിശേഷിപ്പിച്ചത്.
ബി.ഒ.സി പ്രസിഡന്റും ഓർഗനൈസിങ് കമ്മിറ്റി പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശങ്ങൾക്കനുസരിച്ച് എല്ലാ തയാറെടുപ്പുകളും പുരോഗമിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. ‘ഈ പ്രധാന പ്രാദേശിക കായികമേളക്ക് ആതിഥേയത്വം വഹിക്കാൻ ബഹ്റൈൻ പൂർണമായി തയാറാണെന്നും ഏഷ്യൻ യൂത്ത് ഗെയിംസിന്റെ മൂന്നാം പതിപ്പ് വൻ വിജയമായിരിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
5000ത്തിലധികം കായികതാരങ്ങൾ
15 മുതൽ 17 വയസ്സുവരെയുള്ള 5000ത്തിലധികം കായികതാരങ്ങൾ ഈ ഗെയിംസിൽ പങ്കെടുക്കും. 45 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന ഇവർ അത്ലറ്റിക്സ്, നീന്തൽ, ബാസ്കറ്റ്ബാൾ, ജൂഡോ, കബഡി, ടെക്ബാൾ, ഇ-സ്പോർട്സ് ഉൾപ്പെടെ 24 കായിക ഇനങ്ങളിൽ മത്സരിക്കും. മത്സരങ്ങൾ 23 വേദികളിലായി, 30ൽ അധികം പരിശീലന സൗകര്യങ്ങളോടെ മൂന്ന് പ്രധാന സോണുകളായി വിഭജിക്കപ്പെടും. പരിപാടിയിൽ 'ഷിഹാബ്' എന്ന ഔദ്യോഗിക ചിഹ്നവും ‘നജം’, ‘ദാന’ എന്നീ സ്വാഗത ചിഹ്നങ്ങളും അനാച്ഛാദനം ചെയ്തു.
സിംഗപ്പൂരിലും (2010), ചൈനയിലെ നാൻജിങ്ങിലും (2013) നടന്ന മുൻ പതിപ്പുകളെ പിന്തുടർന്ന് നടക്കുന്ന ഈ ഗെയിംസ്, കായികക്ഷമത, സാംസ്കാരിക കൈമാറ്റം, ഒളിമ്പിക് ആദർശങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നു. മെഡലുകൾ നേടുന്നതിനൊപ്പം 2026ലെ ഡാകർ യൂത്ത് ഒളിമ്പിക്സിനും തുടർന്ന് ലോസ് ഏഞ്ചൽസ് 2028 ഒളിമ്പിക് ഗെയിംസിനും യോഗ്യത നേടാനുള്ള അവസരവും കായികതാരങ്ങൾക്ക് ലഭിക്കും. കായികതാരങ്ങൾക്കും ആരാധകർക്കും കായികസമൂഹത്തിനും അവിസ്മരണീയമായ ഒരു കായികമേളക്കുള്ള ആതിഥേയത്വത്തിന് ബഹ്റൈൻ തയാറെടുക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

