പൊതു ആവശ്യങ്ങൾക്കായി പണം സ്വരൂപിക്കുന്നതിനുള്ള നിയമങ്ങളിൽ ഭേദഗതിയുമായി ബഹ്റൈൻ
text_fieldsമനാമ: പൊതു ആവശ്യങ്ങൾക്കായി പണം സ്വരൂപിക്കുന്നതിനുള്ള നിയമങ്ങളിൽ ഭേദഗതിയുമായി ബഹ്റൈൻ. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയാണ് ഇത് സംബന്ധിച്ച 2025ലെ 39-ാം നമ്പർ നിയമം പുറത്തിറക്കിയത്. പ്രധാനമന്ത്രി മന്ത്രിസഭക്ക് സമർപ്പിച്ച ഈ ഭേദഗതികൾക്ക് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. സംഭാവനകൾ സ്വീകരിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കൂടുതൽ കർശനമായ നിയമങ്ങളും വ്യക്തമായ നിർവചനങ്ങളും പുതിയ നിയമം നൽകുന്നു.
പ്രധാന ഭേദഗതികൾ
പിരിവെടുക്കുന്നവർക്ക് ലൈസൻസുണ്ടായിരിക്കണം. പൊതു ആവശ്യങ്ങൾക്കായി പണം ശേഖരിക്കാൻ അനുമതിയുള്ള സ്ഥാപനങ്ങളോ സംഘടനകളോ, അല്ലെങ്കിൽ മതപരമായ കാര്യങ്ങൾക്കായി പണം സ്വരൂപിക്കാൻ അനുമതിയുള്ള വ്യക്തികളോ ആണ് ലൈസൻസ് ഉള്ളവർ. സ്ഥാപനങ്ങൾക്കും സംഘടനകൾക്കും ബന്ധപ്പെട്ട മന്ത്രിയുടെ മുൻകൂർ അനുമതിയില്ലാതെ സംഭാവനകൾ ശേഖരിക്കാൻ കഴിയില്ല. മതപരമായ ആവശ്യങ്ങൾക്കല്ലാതെ വ്യക്തികൾക്ക് സംഭാവനകൾ പിരിക്കാൻ അനുമതിയില്ല.
അനുമതിയില്ലാതെ സംഭാവന ലഭിക്കുന്ന ഏതൊരാളും ഏഴ് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ മന്ത്രാലയത്തെ അറിയിക്കണം. തുക, ഉദ്ദേശ്യം, സംഭാവന നൽകിയ വ്യക്തിയുടെ വിവരങ്ങൾ എന്നിവ വ്യക്തമാക്കണം. ഈ സംഭാവന സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ മന്ത്രാലയത്തിന് 30 ദിവസത്തെ സമയമുണ്ട്. ഈ സമയപരിധിക്കുള്ളിൽ മറുപടി ലഭിച്ചില്ലെങ്കിൽ സംഭാവന നിരസിച്ചതായി കണക്കാക്കും.
ലൈസൻസ് ലഭിച്ചവർ ലൈസൻസ് കാലാവധി കഴിഞ്ഞ് 30 ദിവസത്തിനുള്ളിലോ അല്ലെങ്കിൽ സംഭാവന ലഭിച്ചതിന് ശേഷമോ വിശദമായ റിപ്പോർട്ട് മന്ത്രാലയത്തിന് സമർപ്പിക്കണം. ഫണ്ട് ശേഖരണം ഒരു വർഷത്തിൽ കൂടുതലാണെങ്കിൽ, ഓരോ വർഷവും റിപ്പോർട്ടുകൾ സമർപ്പിക്കണം.
ഭീകരവാദ പ്രവർത്തനങ്ങൾക്കായി പണം ശേഖരിക്കുന്നത് ജീവപര്യന്തം തടവോ കുറഞ്ഞത് 10 വർഷം തടവോ ലഭിക്കുന്ന കുറ്റമാണ്. ഇതിന് പുറമെ 100,000 മുതൽ 500,000 ബഹ്റൈൻ ദീനാർ വരെ പിഴയും ചുമത്തും. ലൈസൻസില്ലാതെ സംഭാവനകൾ ശേഖരിക്കുന്നവർക്ക് തടവോ 1,000 ബഹ്റൈൻ ദീനാർ വരെ പിഴയോ ലഭിക്കാം. പിടിച്ചെടുത്ത പണം മന്ത്രാലയം തീരുമാനിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും.
പണം ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നത് തടയാൻ മന്ത്രാലയം ലൈസൻസ് ഉള്ളവരുടെ മേൽനോട്ടത്തിനായി റിസ്ക് അടിസ്ഥാനമാക്കിയുള്ള സംവിധാനം നടപ്പാക്കും. ഈ നടപടികൾ രാജ്യത്തിന്റെ നിലവിലെ സാഹചര്യങ്ങൾക്കനുസരിച്ച് ക്രമീകരിക്കും. നിയമലംഘനങ്ങൾക്ക് മന്ത്രാലയത്തിന് 10,000 ബഹ്റൈൻ ദീനാർ വരെ പിഴ ചുമത്താൻ അധികാരമുണ്ട്. കുറ്റത്തിന്റെ ഗൗരവവും അതുണ്ടാക്കിയ ദോഷങ്ങളും പരിഗണിച്ചായിരിക്കും പിഴ നിശ്ചയിക്കുക.
ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന ദിവസം മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

