Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘സമാധാനപരമായ സഹവർത്തിത്വം’: ബഹ്‌റൈൻ ലോകത്തിന് മാതൃക;വിദേശകാര്യ മന്ത്രി

text_fields
bookmark_border
അന്താരാഷ്ട്ര സമാധാന സഹവർത്തിത്വ ദിനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി
‘സമാധാനപരമായ സഹവർത്തിത്വം’: ബഹ്‌റൈൻ ലോകത്തിന് മാതൃക;വിദേശകാര്യ മന്ത്രി
cancel

മനാമ: വൈവിധ്യങ്ങളെ ആദരിക്കുന്നതിലും മതസൗഹാർദ്ദം നിലനിർത്തുന്നതിലും ബഹ്‌റൈൻ ലോകത്തിന് ഒരു മാതൃകയാണെന്ന് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി പ്രസ്താവിച്ചു. ഇന്ന് ആചരിക്കുന്ന അന്താരാഷ്ട്ര സമാധാന സഹവർത്തിത്വ ദിനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ദീർഘവീക്ഷണത്തോടെയുള്ള ഭരണത്തിന് കീഴിലാണ് രാജ്യം ആഗോള തലത്തിൽ സമാധാനത്തിന്‍റെ മാതൃകയായി മാറിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബഹ്‌റൈന്റെ ആധുനിക ശില്പിയായ ഈസ രാജാവിന്റെ സ്മരണ പുതുക്കുന്ന ഈ വർഷം ബഹ്‌റൈന് അഭിമാനകരമായ നേട്ടങ്ങളുടെ കാലമാണെന്ന് മന്ത്രി പറഞ്ഞു. വിസ്തീർണ്ണത്തിന് ആനുപാതികമായി ഏറ്റവും കൂടുതൽ ആരാധനാലയങ്ങളുള്ള രാജ്യമെന്ന നിലയിൽ ബഹ്‌റൈൻ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ചത് രാജ്യത്തിന്റെ മതസഹിഷ്ണുതയ്ക്കുള്ള വലിയ തെളിവാണ്. ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ താൽക്കാലിക അംഗമെന്ന നിലയിൽ സമാധാനം പ്രചരിപ്പിക്കുന്നതിൽ ബഹ്‌റൈൻ സജീവമായ പങ്കുവഹിക്കുന്നുണ്ട്.

മതപരവും വംശീയവുമായ വിദ്വേഷ പ്രസംഗങ്ങളെ ക്രിമിനൽ കുറ്റമായി കണക്കാക്കുന്ന അന്താരാഷ്ട്ര ഉടമ്പടിക്കായി ബഹ്‌റൈൻ വാദിക്കുന്നുണ്ടെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. മാധ്യമങ്ങളോ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളോ മതങ്ങളെ അവഹേളിക്കാനോ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാനോ ഉപയോഗിക്കുന്നത് തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബഹ്‌റൈൻ എക്കാലവും അയൽരാജ്യങ്ങളുമായി നല്ല ബന്ധം ആഗ്രഹിക്കുന്ന രാജ്യമാണെന്നും ആരെയും പ്രകോപിപ്പിക്കാൻ ഇതുവരെ തുനിഞ്ഞിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. സുസ്ഥിരമായ നഗരവികസനത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കും മുൻഗണന നൽകിക്കൊണ്ട്, പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ ലോകക്രമത്തിനായി ബഹ്‌റൈൻ തുടർന്നും പ്രവർത്തിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. എല്ലാവരും നിയമത്തിന് മുന്നിൽ തുല്യരാണെന്നും രാജ്യത്തിന്റെ സുരക്ഷയാണ് എല്ലാറ്റിനും ഉപരിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bahrain is a model for the world: Foreign Minister
Next Story