ബഹ്റൈൻ ഇന്റർനാഷനൽ മ്യൂസിക് ഫെസ്റ്റിവലിന് ഗംഭീര തുടക്കം
text_fieldsഇന്റർനാഷനൽ മ്യൂസിക് ഫെസ്റ്റിവലിൽനിന്ന്
മനാമ: 33ാമത് ബഹ്റൈൻ ഇന്റർനാഷനൽ മ്യൂസിക് ഫെസ്റ്റിവലിന് ബഹ്റൈൻ നാഷനൽ തിയറ്ററിൽ തുടക്കമായി. ഈജിപ്ഷ്യൻ ഓപറ ഗായിക ഫാത്മ സെയ്ദിന്റെയും നാദർ അബ്ബാസിയുടെ നേതൃത്വത്തിലുള്ള കെയ്റോ ഓപറ ഓർക്കസ്ട്രയുടെയും പ്രകടനത്തോടെയാണ് ഫെസ്റ്റിവൽ തുടങ്ങിയത്.
വാർത്താവിതരണ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അൽ നോയ്മി, യുവജന, കായിക കാര്യ മന്ത്രി റവാൻ ബിൻത് നജീബ് തൗഫീഖി, ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആൻറിക്വിറ്റീസ് പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ അഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ എന്നിവർ പങ്കെടുത്തു.
പ്രാദേശിക, അന്തർദേശീയ കലാകാരന്മാരുടെ വൈവിധ്യമാർന്ന സംഗീത പ്രകടനങ്ങളിലൂടെ ബഹ്റൈനിന്റെ സാംസ്കാരിക പദവി പ്രോത്സാഹിപ്പിക്കുന്നതിൽ ഫെസ്റ്റിവലിന് നിർണായക പങ്കുണ്ടെന്ന് ശൈഖ് ഖലീഫ ബിൻ അഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ചൂണ്ടിക്കാട്ടി.
സാംസ്കാരികതയുടെയും സംഗീതത്തിന്റെയും സർഗാത്മകതയുടെയും കേന്ദ്രമെന്ന നിലയിൽ ബഹ്റൈന്റെ പ്രശസ്തി വർധിപ്പിക്കുകയാണ്. ഒക്ടോബർ 24 വരെ ബഹ്റൈനിലെ വിവിധ വേദികളിൽ സംഗീത പ്രകടനങ്ങൾ നടക്കും.
സമാപന പരിപാടിയായി ബഹ്റൈൻ നാഷനൽ തിയറ്ററിൽ ബഹ്റൈൻ ഫിൽഹാർമോണിക് ഓർക്കസ്ട്രയുടെ രണ്ട് പ്രടനങ്ങൾ അരങ്ങേറും. ബഹ്റൈൻ മ്യൂസിക് ബാൻഡിനൊപ്പം മുഹമ്മദ് അബ്ദുൽറഹീമും മുബാറക് നജെം, യാ നജ്മത്ത് സുഹൈലും, മാസ്ട്രോ സെയാദ് സൈമാനും പരിപാടിക്ക് നേതൃത്വം നൽകും.
കൾചറൽ ഹാളിൽ ഫ്രാൻസ്, ഇറ്റലി, ചൈന, കൊറിയ, ജർമനി എന്നീ രാജ്യങ്ങളുടെ എംബസികളുമായി സഹകരിച്ച് സംഗീത പരിപാടികളുണ്ട്. ഒക്ടോബർ മൂന്നിന് ജർമനിയുടെ സോൾ ട്രിയോയും നൂർ അൽ ഖാസിമിന്റെ പ്രത്യേക പ്രകടനവും നടക്കും.
ഒക്ടോബർ ആറിന് ഫിൽഹാർമോണിക്ക ഡെൽ മെഡിറ്ററേനിയോ, ഒക്ടോബർ എട്ടിന് കൊറിയൻ നാടോടി സംഗീതം, 11ന് ചൈനയിൽ നിന്നുള്ള മെലഡീസ് എന്നിവ നടക്കും.
ഒക്ടോബർ അഞ്ചിന് ദാർ അൽ മുഹറഖിൽ ഖലാലി ഫോക്ക് ആർട്സ് ബാൻഡും ഏഴിന് ദാർ ബിൻ ഹർബനിൽ ഡാർ ബിൻ ഹർബൻ ബാൻഡും പരിപാടി അവതരിപ്പിക്കും. ഇവന്റ് ഷെഡ്യൂളുകളും ടിക്കറ്റ് വിവരങ്ങളും അടക്കം കൂടുതൽ വിവരങ്ങൾക്ക് www.culture.gov.bh സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

