ഇറാൻ ഏജന്റുമാരുമായി ബന്ധം; 15 പേരെ അറസ്റ്റ് ചെയ്ത് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം
text_fieldsഅറസ്റ്റിലായവർ
മനാമ: രാജ്യസുരക്ഷയും സാമൂഹിക സ്ഥിരതയും തകർക്കാൻ ശ്രമിച്ച കേസിൽ 15 പേരെ ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐ.ആർ.ജി.സി) പിന്തുണയോടെ പ്രവർത്തിക്കുന്ന രാജ്യവിരുദ്ധ ഏജന്റുമാരുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെയും സുരക്ഷാ റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാണ് ഇന്നത്തെ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് അറസ്റ്റ് വിവരം വ്യക്തമാക്കിയത്.
ജനങ്ങളുടെ സമാധാനം തകർക്കാനും രാജ്യത്ത് വിഭാഗീയതയും കലാപവുമുണ്ടാക്കാനും ശ്രമിക്കുന്ന ആർക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി മന്ത്രാലയം മുന്നോട്ട് പോകുമെന്നും, സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുക എന്നതാണ് മുൻഗണനയെന്നും പ്രസ്തവനയിൽ വ്യക്തമാക്കി. നിയമവിരുദ്ധ സംഘടനകളുടെ അജണ്ടകൾ നടപ്പിലാക്കുന്നതിനായി പ്രത്യേക സെല്ലുകൾ രൂപീകരിക്കാനും, സാമൂഹിക ഇടപെടലുകളിലൂടെ ആളുകളെ സ്വാധീനിക്കാനുമാണ് ഇവർ ശ്രമിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി.
പ്രത്യേകിച്ച് യുവാക്കളെ ലക്ഷ്യമിട്ട്, അവരെ നിയമവിരുദ്ധവും കുറ്റകരവുമായ പ്രവർത്തനങ്ങളിലേക്ക് തള്ളിവിടാനുള്ള ആസൂത്രിത ശ്രമങ്ങളാണ് ഇവർ നടത്തിയിരുന്നത്. രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളായ മറ്റുള്ളവരെ കണ്ടെത്തുന്നതിനായുള്ള അന്വേഷണങ്ങളും പരിശോധനകളും ശക്തമായി തുടരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

