ബഹ്റൈൻ- ഇന്ത്യ സഹകരണം; നാഷനൽ ഓഡിറ്റ് ഓഫിസും സി.എ.ജി ഓഫിസും ധാരണപത്രം ഒപ്പിട്ടു
text_fieldsഎൻ.എ.ഒ ഓഡിറ്റർ ജനറൽ ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ആൽ ഖലീഫയും ഇന്ത്യ കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഗിരീഷ് ചന്ദ്ര മുർമുവും ധാരണപത്രത്തിൽ ഒപ്പുവെച്ചപ്പോൾ.
ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് സമീപം.
മനാമ: ബഹ്റൈനിലെ നാഷനൽ ഓഡിറ്റ് ഓഫിസും (എൻ.എ.ഒ) ഇന്ത്യയുടെ കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി) ഓഫിസും പരസ്പര സഹകരണത്തിനുള്ള ധാരണപത്രത്തിൽ ഒപ്പുവെച്ചു.
എൻ.എ.ഒ ഓഡിറ്റർ ജനറൽ ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ആൽ ഖലീഫയും ഇന്ത്യ കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഗിരീഷ് ചന്ദ്ര മുർമുവുമാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്.
സഹകരണം വർധിപ്പിക്കുക, ഓഡിറ്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക, വൈദഗ്ധ്യവും സാങ്കേതിക പരിജ്ഞാനവും കൈമാറുക, ജീവനക്കാരുടെ പ്രഫഷനൽ വൈദഗ്ധ്യം വികസിപ്പിക്കുക എന്നിവയാണ് സഹകരണം വഴി ലക്ഷ്യമിടുന്നത്.
പ്രാദേശിക, അന്തർദേശീയ സുപ്രീം ഓഡിറ്റ് സ്ഥാപനങ്ങളുമായുള്ള (എസ്.എ.ഐ) യോഗങ്ങൾ ഏകോപിപ്പിക്കാനും, സി.എ.ജിയുടെ സ്ഥാപനങ്ങൾ നടത്തുന്ന പരിശീലന പരിപാടികളിൽ എൻ.എ.ഒ ജീവനക്കാർക്ക് പരിശീലന അവസരങ്ങൾ ലഭ്യമാക്കാനും ഇതുവഴി സാധിക്കും.
യു.എൻ ബോർഡ് ഓഫ് ഓഡിറ്റർമാരുടെയും യു.എൻ എക്സ്റ്റേണൽ ഓഡിറ്റർമാരുടെ പാനലിന്റെയും അധ്യക്ഷത അലങ്കരിക്കുന്ന സി.എ.ജിക്ക് ഓഡിറ്റ് കമ്യൂണിറ്റിയിൽ അന്താരാഷ്ട്രതല അംഗീകാരമുണ്ട്.
യു.എൻ ബോർഡ് ഓഫ് ഓഡിറ്റേഴ്സ് അംഗമായും വിവിധ യു.എൻ ബോഡികളുടെയും ഏജൻസികളുടെയും ബാഹ്യ ഓഡിറ്ററായും സി.എ.ജി പ്രവർത്തിക്കുന്നുണ്ട്.
2024-2027കാലയളവിലെ ഏഷ്യൻ ഓർഗനൈസേഷൻ ഓഫ് സുപ്രീം ഓഡിറ്റ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ അധ്യക്ഷസ്ഥാനത്തുള്ളത് സി.എ.ജിയാണ്. 2024 സെപ്റ്റംബറിൽ ന്യൂഡൽഹിയിൽ നടക്കുന്ന 16-ാമത് ഏഷ്യൻ ഓർഗനൈസേഷൻ ഓഫ് സുപ്രീം ഓഡിറ്റ് ഇൻസ്റ്റിറ്റ്യൂഷൻസ് അസംബ്ലിക്കും സി.എ.ജിയാണ് ആതിഥേയത്വം വഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

